27 September Sunday

"സ്‌റ്റാൻഡ്‌ അപ്‌' ദിയ; മറഞ്ഞിരിക്കരുത്‌, മറന്നുപോകരുത്‌: നിലപാടിന്റെ സിനിമ

ഡി കെ അഭിജിത്ത്‌Updated: Friday Dec 13, 2019

മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ 'മാന്‍ഹോളി'ന് ശേഷം വിധു വിൻസെൻ്റ് സംവിധാനം ചെയ്‌ത ചിത്രമാണ് സ്റ്റാൻഡ് അപ്പ്. മലയാളത്തിൽ ആദ്യമായാണ് ഒരു സ്റ്റാൻഡ് അപ്പ് കോമഡി പശ്ചാത്തലത്തിൽ സിനിമ എന്നതാണ് ഈ ചിത്രത്തിൻ്റെ പ്രത്യേകതകളിൽ ഒന്ന്. കൊമേഴ്‌സ്യൽ സിനിമയിൽ രാഷ്‌ട്രീയ കൃത്യതയുള്ള സ്‌ത്രീ സംവിധായകർ വരുമ്പോഴുള്ള മാറ്റമാണ്‌ "സ്‌റ്റാൻഡ്‌ അപ്‌' എന്ന സിനിമയിൽ കാണാൻ കഴിയുക. ഒരു റേപ്പ്‌ സർവൈവറുടെ കഥ ആൺ ഒളിഞ്ഞുനോട്ടങ്ങൾ ഇല്ലാതെ, അത്തരം കാഴ്‌ചകൾ ആസ്വദിക്കുന്നവരുടെ ഫാന്റസികളെ തൃപ്‌തിപ്പെടുത്താതെ എടുത്തിരിക്കുന്നു എന്നതാണ്‌ ഏറ്റവും വലിയ മാറ്റം.

ബലാത്സംഗ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ മനോഗതങ്ങളിലൂടെ ഒരു അന്വേഷണ യാത്ര ലക്ഷ്യമിട്ടിറങ്ങിയ ഗവേഷക മധുമിത പാണ്ഡേയുടെ അനുഭവം സമീപകാലത്ത്‌ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്‌. അമേരിക്കയിലെ അംഗ്ലിയ റസ്കിൻ സർവകലാശാലയിലെ ക്രിമിനോളജി ഗവേഷകയായ മധുമിത തന്‍റെ പഠനത്തിന്റെ ഭാഗമായി സമീപിച്ചത് 100 കുറ്റവാളികളെയായിരുന്നു."അവളെ ഇനി ആരും വിവാഹം കഴിക്കില്ല, അതുകൊണ്ട് ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ആ കുട്ടിയെ ഞാന്‍ വിവാഹം കഴിക്കാം"- പീഡനകേസില്‍ ജയലില്‍ കഴിയുന്ന തടവുകാരുടെ വാക്കുകൾ മധുമിത തുറന്നെഴുതിയിട്ടുണ്ട്‌. അത്തരം മനോഭാവം വച്ചുപുലർത്തുന്നവർ ജയിലുകളിൽ മാത്രമല്ല. നമ്മുടെ ചുറ്റുമുണ്ട്‌. സുഹൃത്തായി, കാമുകനായി, അച്ഛാനയി എല്ലാം. അവരോടുകൂടിയാണ്‌ സ്‌റ്റാൻഡ്‌ അപ്‌ സംസാരിക്കുന്നത്‌.കേരളത്തിൽ അത്ര സജീവമല്ലാത്ത "സ്‌റ്റാൻഡ്‌ അപ്‌' കോമഡിയുടെ പശ്‌ചാത്തലത്തിലാണ്‌ വിധു വിൻസന്റ്‌ ദിയയുടെയും (രജീഷ വിജയൻ), കീർത്തിയുടെ (നിമിഷ സജയൻ) കഥ പറയുന്നത്‌. പുരുഷന്മാർക്ക്‌ മേധാവിത്വമുള്ള സ്‌റ്റാൻഡ്‌ അപ്‌ കോമഡി എന്ന മേഖലയിൽ കീർത്തി എന്ന നിമിഷയുടെ കഥാപാത്രത്തെ പ്ലേസ്‌ ചെയ്‌തിരിക്കുന്നത്‌ മുതൽ സിനിമയുടെ നിലപാട്‌ വ്യക്തമാണ്‌. സ്‌ത്രീകൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുന്ന ചുറ്റുപാടിൽ കീർത്തി എന്ന കഥാപാത്രം പറയുന്ന ഓരോ വാക്കിനും സാമൂഹ്യപ്രസക്തി ഏറെയാണ്‌. അപ്പനായാലും ആങ്ങളയായാലും ബന്ധങ്ങൾക്കപ്പുറം ആക്രമിക്കപ്പെട്ടവരോടൊപ്പമാണ്‌ നിൽക്കുന്നത്‌ എന്ന നിലപാട്‌ എല്ലാ മനുഷ്യർക്കും ഉണ്ടാകേണ്ട ഒന്നാണ്‌. അക്കാര്യത്തിൽ കീർത്തി എന്ന കഥാപാത്രം കൃത്യമാണ്‌.

"അം നോട്ട്‌ എ വിക്‌റ്റിം, അം എ സർവൈവർ' എന്ന്‌ ഒരു പെൺകുട്ടി പറയുമ്പോൾ അതിന്റെ പൂർണമായ അർത്ഥം മനസ്സിലാക്കി ഉൾക്കൊള്ളാൻ സാധിക്കുന്നത്‌ സിനിമ ആദ്യാവസാനം സൂക്ഷിക്കുന്ന രാഷ്‌ട്രീയ കൃത്യതയാണ്‌. "ആണത്തമില്ലാത്ത കാമുകന്റെ കൂടെ ഇറങ്ങിപ്പോകുന്ന പെൺകുട്ടികൾക്കുള്ള മുന്നറിയിപ്പാണ്‌ ****' എന്ന്‌ ഈയടുത്ത്‌ പുറത്തിറങ്ങിയ ഒരു മലയാള സിനിമയിലെ നായകൻ പങ്കുവച്ച കുറിപ്പിലെ വാചകമാണ്‌. അത്തരം ആണത്ത ഔദാര്യങ്ങൾക്ക്‌ നിന്നുകൊടുക്കാത്ത നിലപാടുള്ള സ്‌ത്രീകളെയാണ്‌ വിധു വിൻസന്റ്‌ ഉയർത്തി നിർത്തിയിരിക്കുന്നത്‌.മനു അശോകന്റെ ഉയരെ, നിസാം ബഷീറിന്റെ കെട്ടിയോളാണെറ്നെ മാലാഖ എന്നീ സിനിമകൾ അതിക്രമം നേരിടുന്ന സ്‌ത്രീകളുടെ ജീവിതം തന്നെയാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. അച്ഛനുറങ്ങാത്ത വീട്‌ എന്ന ലാൽജോസ്‌ ചിത്രം ബലാത്സംഗത്തിന്‌ ഇരയാക്കപ്പെടുന്ന യുവതിയുടെ കഥയും മലയാളത്തിൽ കൊണ്ടുവന്നിട്ടുള്ളതാണ്‌. എന്നാൽ ഇരയാക്കപ്പെടുന്നതല്ല, അതീജീവിക്കുന്ന പെൺകുട്ടിയുടെ കഥയാണ്‌ സ്‌റ്റാൻഡ്‌ അപ്‌ എന്ന സിനിമ. എത്രയൊക്കെ ഇരയാക്കപ്പെടുന്നവരുടെ ഒപ്പം നിൽക്കുന്നു എന്ന്‌ തോന്നിപ്പിച്ചാലും അതിലെ ബലാത്സംഗ രംഗങ്ങൾ മിക്കപ്പോഴും ചിലർക്ക്‌ മാനസിക ഉല്ലാസം നൽകുന്നവ ആയിരിക്കും. അതിനോടെല്ലാമുള്ള എതിർപ്പാണ്‌ സിനിമയിലെ അതിക്രമ രംഗങ്ങൾ എല്ലാം. ഒരു കുറ്റകൃത്യം കുറ്റകൃത്യം തന്നെയാണ്‌. അത്‌ കാമുകനായാലും സുഹൃത്തായാലും അച്ഛനായാലും അങ്ങനെതന്നെ.

ഒട്ടുമിക്ക പ്രണയങ്ങളിലെയും പോലെതന്നെ തീരുമാനങ്ങളെല്ലാം കാമുകന്റേത്‌ മാത്രം എന്ന മനോഭാവമുള്ള കാമുകനാണ്‌ ദിയയുടെ അമലും. തീരുമാനങ്ങളും ആഗ്രഹങ്ങളുമെല്ലാം വ്യക്തിയുമായി ബന്ധപ്പെട്ടതാണെന്നും അതിൽ റിലേഷന്‌ സ്ഥാനമില്ലെന്നും പലവട്ടം ദിയ പറഞ്ഞിട്ടും മനസിലാകാത്ത ആളാണ്‌ വെങ്കിടേഷ്‌ അവതരിപ്പിക്കുന്ന അമൽ. ഏതൊരു പെൺകുട്ടിയേയുംപോലെ ഉന്നതവിദ്യാഭ്യാസം നേടി സ്വന്തം ഇഷ്‌ടത്തിൽ ജീവിക്കണം എന്ന്‌ തീരുമാനമുള്ള പെണ്ണാണ്‌ ദിയയും. ബലാത്സംഗത്തിന്‌ ശേഷവും അത്‌ ഒതുക്കിത്തീർക്കാനും ഓരോന്ന്‌ ഒപ്പിച്ചുവച്ചിട്ട്‌ വന്ന ആളായി സ്വന്തം മകളെ പറയുന്ന ദിയയുടെ അച്ഛൻ കഥാപാത്രവും പുരുഷബോധം മാത്രം വെച്ചുപുലർത്തുന്ന ആളാണ്‌. അത്തരമൊരു ചുറ്റുപാട്‌ അറിയുന്നതുകൊണ്ട്‌ കൂടിയാണ്‌ അവൾ സ്വന്തം അധ്വാനത്തിൽ ജീവിക്കണം എന്ന്‌ ആഗ്രഹിക്കുന്നതും.

പതിവ് സ്ത്രീ വിരുദ്ധ വർത്തമാനങ്ങൾ തന്നെയാണ് ഈ കുറ്റവാളികൾ എപ്പോഴും ആവർത്തിക്കുന്നത്. ചെയ്ത കുറ്റംപോലും മറന്ന് സ്വന്തം ഭാഗം ന്യായീകരിക്കാനുള്ള വ്യഗ്രതയും സാമർഥ്യവും അവരിൽ ഉണ്ടാകും. എന്തിനാണ് ബലാത്സംഗം ചെയ്തത് എന്ന് പോലും ഇവർക്ക് അറിയില്ല. സ്ത്രീയുടെ ‘സമ്മതം’ ‘അനുമതി’ എന്നിവയൊന്നും അവർക്ക് അറിയില്ലെന്നാണ് കുറ്റവാളികൾ പറയുക. ബലാത്സംഗം ചെയ്തെന്ന് പോലും സമ്മതിക്കാന്‍ ഇവരിൽ പലരും തയ്യാറല്ല.ബലാത്സംഗം നേരിട്ടവർ പിന്നീട്‌ പല ഇടങ്ങളിൽനിന്നായി അനുഭവിക്കേണ്ടിവരുന്ന നാവ്‌കൊണ്ടുള്ള ബലാത്സംഗവും, അതൊരു കേസിലേക്ക്‌ പോകുമ്പോൾ ആശുപത്രിയിലും, പൊലീസ്‌ സ്‌റ്റേഷനിലും അടക്കം ഉണ്ടാകുന്ന സംഭവങ്ങളും ഉന്നാവോ, ഹൈദരാബാദ്‌ സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ വായിക്കാവുന്നവയാണ്‌. അതെല്ലാം നല്ല ദൃശ്യഭാഷയിൽ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്‌. പ്രണയപരാജയങ്ങളിൽ ആസിഡ്‌ ആക്രമണവും, മേധാവിത്വം പ്രകടിപ്പിക്കാനുള്ള ലൈംഗീക ആക്രമണങ്ങളും ഓരോ ദിവസവും രാജ്യത്തിന്റെ പല ഭാഗത്തുനിന്നും നമ്മൾ അറിയുന്നുണ്ട്‌. "പ്രേമിക്കാൻ ഒരു കാരണം ഉണ്ടായിരുന്നു, ഇപ്പോൾ അത്‌ വേണ്ടെന്ന്‌ വയ്‌ക്കാനും ഒരു കാരണം ഉണ്ട്‌' എന്ന ദിയയുടെ വാക്കുകൾ എത്രത്തോളം സഹിച്ചാണ്‌ ഒരു ബന്ധത്തിൽ തുടർന്നിരുന്നത്‌ എന്ന്‌ വ്യക്തമാക്കുന്നതാണ്‌.

പ്രണയ ബന്ധങ്ങളിൽ ഉണ്ടാകുന്ന ബലാത്സംഗം എന്തെങ്കിലും സംതൃപ്‌തി നേടാനല്ലെന്നും അക്രമംകൊണ്ട്‌ ഭയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമുള്ളവയാണെന്നും തിരക്കഥയിൽ നിന്ന്‌ വ്യക്തമാണ്‌. തേപ്പ്‌ എന്ന വാക്ക്‌ ഒരാൾക്കുനേരെ ഉപയോഗിക്കുന്നതിലെ അരാഷ്‌ട്രീയതയും അത്‌ ക്രൂരമായ കുറ്റകൃത്യത്തിലേക്കുള്ള വഴിയാകുന്നതും മലയാള സിനിമയിൽ അധികം ചർച്ചയാകാത്ത ഒന്നാണ്‌. ഉമേഷ്‌ ഓമനക്കുട്ടൻ എന്ന തിരക്കഥാകൃത്ത്‌ അത്തരം ഗൗരവമേറിയ കാര്യങ്ങൾ മനുഷ്യരെ മനസ്സിലാക്കിയാണ്‌ എഴുതിയിട്ടുള്ളത്‌.ബന്ധങ്ങളെ ആരോഗ്യകരമായ അന്തരീക്ഷത്തിലേക്ക്‌ കൊണ്ടുപോകാതെ തളച്ചിടുന്ന ചെറുപ്പക്കാരോട്‌ ദിയ എന്ന രജീഷയുടെ കഥാപാത്രം ഒരുപാട്‌ സംവദിക്കുന്നുണ്ട്‌. അതിഭാവുകത്വമില്ലാതെ ലളിതമായിത്തന്നെ. അവസാന ഭാഗത്തേക്ക്‌ എത്തുമ്പോൾ രണ്ട്‌ പെൺകുട്ടികളുടെ സംസാരത്തോടൊപ്പം സഞ്ചരിക്കാൻ കഴിയുന്നതും അതുകൊണ്ടാണ്‌. ഇന്ത്യയിലെ കുടുംബ വ്യവസ്ഥയിൽ സ്ത്രീകൾ സാമ്പ്രദായികമായ രീതികളിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ പറയുന്നതാണ്‌ സജിത മഠത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രം. സ്വന്തമായ ഒരു നിലപാട്‌ ഉണ്ടെങ്കിൽപ്പോലും അവിടവിടെ ദുർബലയായ ഒരാൾ. രാജേഷ്‌ ശർമ്മയുടെ അച്ഛൻ കഥാപാത്രവും അങ്ങനെ ഒന്നാണ്‌.

അർജ്ജുൻ അശോകൻ, ജുനൈസ്, ദിവ്യ ഗോപിനാഥ്, സീമ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. ഏവരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്. എങ്കിലും ഏറെ കൈയ്യടി അർഹിക്കുന്നത് രജീഷയും, ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര പ്രകടനം കാഴ്ചവെച്ച നായികാ നായകൻ ഫെയിം വെങ്കിടേഷും തന്നെയാണ്.

സിനിമയെ വെറും സിനിമയായി കാണാതെ നിലപാടായി കാണുന്നവരുടെതാണ്‌ സ്‌റ്റാൻഡ്‌ അപ്‌. പ്രസക്തമായ കൺസപ്‌റ്റുള്ള സിനിമകൾക്ക്‌ പലപ്പോഴും നഷ്‌ടപ്പെടുന്ന സിനിമാറ്റിക്‌ കാഴ്‌ചകളോടെത്തന്നെ. പുരുഷത്വം എന്നാല്‍ അധികാരവും, സ്ത്രീതത്വം എന്നാല്‍ വിധേയത്വവും ആണ് എന്ന്‌ ഓർമ്മിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തിൽ സ്‌റ്റാൻഡ്‌ അപ്‌ ഒരു നിലപാടാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top