17 September Tuesday

ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലാണ് ഞാനിപ്പോൾ : ശ്രുതിഹാസൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

കമൽ ഹാസന്റെയും സരിഗയുടെയും മകൾ എന്ന പ്രതിച്ഛായയിൽ മാത്രം ജീവിക്കാൻ ഇഷ്ടമല്ലെന്ന് ശ്രുതിഹാസൻ പണ്ടേ പറഞ്ഞിട്ടുണ്ട്. കലാകാരി എന്നനിലയിൽ സ്വന്തം തട്ടകം കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു താരം. ബോളിവുഡിലും തെന്നിന്ത്യയിലും ഭാഗ്യപരീക്ഷണം നടത്തുന്നതിനുമുമ്പു തന്നെ പാശ്ചാത്യസംഗീതത്തിൽ ശ്രുതി കഴിവ് തെളിയിച്ചിരുന്നു.

തെന്നിന്ത്യൻ സിനിമാ തിരക്കിൽനിന്നകന്ന് സ്വന്തം ബാൻഡുമായുള്ള സംഗീതയാത്രയിലാണ് ശ്രുതി. ലണ്ടനിലെ വിഖ്യാതമായ റോക് സംഗീതവേദികളിൽ പരിപാടി അവതരിപ്പിക്കുന്നതിന്റെ സന്തോഷം ശ്രുതി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു.

റോക്ക് സംഗീതപ്രേമികളുടെ ഇഷ്ടനഗരമായ ഇസ്ലിംഗ്ടണിൽ രണ്ടാംവട്ടവും ബാൻഡുമായി എത്താൻ അവസരം ലഭിച്ചതിൽ അതീവ സന്തോഷമുണ്ടെന്ന്‌- ശ്രുതി കുറിച്ചു. കലിഫോർണിയയിലെ വിഖ്യാതമായ മ്യുസീഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഗീതത്തിൽ ഉപരിപഠനം നടത്തിയ ശ്രുതി, കരിയറിന്റെ ആദ്യഘട്ടംമുതൽ സംഗീതവും അഭിനയവും ഒപ്പം കൊണ്ടുപോകുന്നു. ആറാം വയസ്സിൽ കമൽഹാസന്റെ തേവർ മകനിൽ ഇളയരാജയുടെ സംഗീതത്തിൽ പാടിക്കൊണ്ടായിരുന്നു ശ്രുതിയുടെ ചലച്ചിത്ര സംഗീതജീവിതം ആരംഭിക്കുന്നത്.


 

ഹേ റാമിൽ അതിഥി താരമായി എത്തിക്കൊണ്ടായിരുന്നു അഭിനയം തുടങ്ങിയത്. ഗൗതം മേനോന്റെ വാരണം ആയിരത്തിനുവേണ്ടി ശ്രുതി ആലപിച്ച ഗാനം ഹിറ്റായി. പിന്നാലെ ഹിന്ദിയിലും തമിഴിലുമായി നിരവധി ഗാനം ആലപിച്ചു. ഉന്നൈപോൽ ഒരുവൻ എന്ന കമൽ ചിത്രത്തിനുവേണ്ടി സംഗീത സംവിധാനവും നിർവഹിച്ചു.

ലണ്ടനിലെ റോക്ക് സംഗീത ബാൻഡിൽ പ്രവർത്തിക്കുമ്പോൾ തന്നെ അമേരിക്കൻ ജനപ്രിയ ടെലിവിഷൻ പരമ്പരയിലും ശ്രുതി അഭിനയിക്കുന്നുണ്ട്.  ട്രെഡ്‌സ്റ്റോൺ എന്ന പമ്പരയിൽ നിര പട്ടേൽ എന്ന ആക്‌ഷൻ താരത്തെയാണ് അവതരിപ്പിക്കുന്നത്. ബുഡാപെസ്റ്റിലാണ് കഥാപാത്രത്തിനുവേണ്ടിയുള്ള ആയോധനപരിശീലനം നടക്കുന്നത്.

അന്താരാഷ്ട്ര സംരംഭങ്ങളുടെ തിരക്കൊഴിഞ്ഞാൽ ഉടൻ ചെന്നൈയിലേക്ക് ശ്രുതി മടങ്ങും. വിജയ് സേതുപതി നായകനായ ലാഭം ആണ് ശ്രുതിയുടെ അടുത്ത തമിഴ് ചിത്രം. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഏപ്രിലിൽ പൂർത്തിയാക്കിയിരുന്നു. മഹേഷ് വർമൻ മഞ്ചരേക്കറുടെ ഹിന്ദി ചിത്രം പവറും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലാണ് ഞാനിപ്പോൾ. ദീർഘനാളിനുശേഷം പൂർണമായി സംഗീതത്തിലേക്ക് തിരിച്ചുവരാനായി. രാജ്യാന്തരതലത്തിൽ അഭിനയ കരിയറും പച്ച പിടിക്കുന്നു. ഇടയ്‌ക്ക് തെന്നിന്ത്യയിലേക്കും മടങ്ങുന്നു. പല ലോകങ്ങൾക്കിടയിലൂടെയുള്ള സഞ്ചാരത്തിലാണ് ഞാനിപ്പോൾ–- -ശ്രുതി പറയുന്നു.


പ്രധാന വാർത്തകൾ
 Top