23 August Friday

ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

കാലവർഷം പെയ്ത് തിമിർക്കുമ്പോൾ ഒരു ഗാനത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുകയായിരുന്നു തിരുവനന്തപുരം നഗരത്തിലെ ഗാനാസ്വാദകർ. ഭൂമിയുടെ ഏതറ്റത്തുള്ള മലയാളിയുടെയും നാവിൻതുമ്പിൽ അലിഞ്ഞുകിടക്കുന്ന ഗാനം- "ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, നിൻ ചിരിയിൽ അലിയുന്നെൻ ജീവരാഗം’
1968ൽ പുറത്തിറങ്ങിയ "ഭാര്യമാർ സൂക്ഷിക്കുക' എന്ന കെ എസ് സേതുമാധവൻ ചിത്രത്തിനായി ശ്രീകുമാരൻ തമ്പി എഴുതി,  ദക്ഷിണാമൂർത്തി സംഗീതം നൽകി, കെ ജെ യേശുദാസും പി ലീലയും ചേർന്ന് ആലപിച്ച അനശ്വരഗാനം. പ്രേംനസീറും ഷീലയും ചേർന്നാണ് ഗാനരംഗത്ത് അഭിനയിച്ചത്.

മൂവായിരത്തിലേറെ ഗാനങ്ങൾ രചിച്ച ശ്രീകുമാരൻ തമ്പി, തന്റെ രചനാ ജീവിതത്തിന്റെ രണ്ടാം വർഷത്തിലായിരുന്നു ഈ പാട്ടിന്റെ വരികളെഴുതിയത്. 1966ൽ പി സുബ്രഹ്മണ്യത്തിന്റെ "കാട്ടുമല്ലിക’ എന്ന ചിത്രത്തിലൂടെയാണ് ശ്രീകുമാരൻ തമ്പി എന്ന ഗാനരചയിതാവിന്റെ അരങ്ങേറ്റം. "ഭാര്യമാർ സൂക്ഷിക്കുക' എന്ന ചിത്രത്തിനുവേണ്ടി  “ആകാശം ഭൂമിയെ വിളിക്കുന്നു’, “വൈക്കത്തഷ്ടമി നാളിൽ’ എന്നീ അനശ്വര ഗാനങ്ങളും അദ്ദേഹം എഴുതി. പിന്നീടുള്ള രണ്ടു ദശകത്തിൽ മലയാളചലച്ചിത്രമേഖലയിൽ എഴുത്തുകാരനായും തിരക്കഥാകൃത്തായും സംവിധായകനായും അദ്ദേഹം മായാമുദ്ര പതിപ്പിച്ചു.

ചന്ദ്രകാന്തം പാട്ടിന്റെ റെക്കോർഡിങ് ചെന്നൈയിൽ തനിക്ക് വലിയ അനുഭവമാണ് സമ്മാനിച്ചതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. ദക്ഷിണാമൂർത്തിക്കും സിനിമയുടെ നിർമാതാവ് ടി ഇ വാസുദേവനും ഇഷ്ടപ്പെടാൻ പാകത്തിന് നിരവധി തവണ വരികൾ മാറ്റി എഴുതി.  സ്റ്റുഡിയോയിൽ എത്തി പാട്ടുകേട്ട അടൂർഭാസി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ അനശ്വരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഈ പാട്ട്  മലയാളിയെ കീഴ്‌പ്പെടുത്തുമെന്നായിരുന്നു അടൂർഭാസിയുടെ ആദ്യ കമന്റ്.ദക്ഷിണാമൂർത്തി തന്റെ ക്ലാസിക്കൽ ഈണത്തെ ലളിതമാക്കി അവതരിപ്പിച്ചതിന്റെ ഏറ്റവും മനോഹാരിത നിറഞ്ഞുനിൽക്കുന്ന ഗാനം കൂടിയാണിത്. ജെസി ഡാനിയേൽ പുരസ്‌കാര ജേതാവായ ശ്രീകുമാരൻ തമ്പിയുടെ പേരിൽ ആരംഭിച്ച ഫൗണ്ടേഷനാണ് ഗാനവാർഷികം ആചരിച്ചത്. ഫൗണ്ടേഷന്റെ ഉദ്ഘാടനം ഞായറാഴ‌്ച വൈകിട്ട‌് തിരുവനന്തപുരം ടാഗോർ ഹാളിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.


പ്രധാന വാർത്തകൾ
 Top