17 February Sunday

പുലിമുരുകനാണ‌് പ്രതീക്ഷിച്ചതെങ്കിൽ സോറി, ഞാനൊരു ശരാശരി സംവിധായകൻ: ശ്രീകുമാർ മേനോൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 16, 2018

തിരുവനന്തപുരം > ശരാശരി സംവിധായകനാണ‌് താനെന്ന‌് ഒടിയൻ സിനിമയുടെ സംവിധായകൻ വി എ ശ്രീകുമാർ മേനോൻ പറഞ്ഞു. തിരുവനന്തപുരം പ്രസ‌്ക്ലബ‌് മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ രീതിയിലുള്ള മാസ‌് ചിത്രമാണ‌് ഒടിയൻ.  പ്രേക്ഷകർ വേറൊരു പുലിമുരുകനാണ‌് പ്രതീക്ഷിച്ചതെങ്കിൽ സോറി. അതിനാണെങ്കിൽ പുലിമുരുകന്റെ രണ്ടാം ഭാഗം പിടിച്ചാൽ മതിയായിരുന്നു. ഒന്നും തെളിയിക്കാനല്ല ഒടിയൻ സംവിധാനം ചെയ‌്തത‌്. വർഷത്തിൽ മൂന്നു സിനിമ വീതം ചെയ്യണമെന്ന ഉദ്ദേശ്യവുമില്ല. മോഹൻലാൽ ഒരുപാട‌് കഷ്ടപ്പെട്ടിട്ടുണ്ട‌് ഒടിയന‌് വേണ്ടി. വളഞ്ഞിട്ട‌് ആക്രമിക്കാൻ മാത്രമുള്ള തെറ്റ‌് ഒടിയൻ ചെയ‌്തിട്ടില്ല.‐ ശ്രീകുമാർ മേനോൻ പറഞ്ഞു.

ആക്രമണത്തിന‌് പിന്നിൽ ദിലീപ‌് ഫാൻസാണെന്ന‌് പറഞ്ഞിട്ടില്ലെന്നും സൈബർ ആക്രമണങ്ങൾക്ക‌് പിന്നിൽ വ്യക്തമായ തെളിവ‌് ലഭിക്കാതെ ആർക്കെതിരെയും ആരോപണം ഉന്നയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. മഞ‌്ജുവാര്യർ പ്രതികരിക്കണം എന്ന നിലപാടിൽ ഉറച്ച‌് നിൽക്കുന്നു. മഞ്ജുവാര്യരെ സഹായിക്കാൻ തുടങ്ങിയത് മുതൽ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ഒടിയനെതിരെയുള്ള പ്രചാരണം. മുൻവർഷങ്ങളിൽ സംഭവിച്ച കാര്യങ്ങൾ പരിശോധിച്ചാൽ ഇത‌് മനസ്സിലാകും. ഒടിയന‌് ഹൈപ്പ‌് നൽകിയതിൽ കുറ്റബോധമില്ല. ചിത്രത്തിനു ഇതുവരെ 39.14 കോടി കളക്ഷൻ ലഭിച്ചു കഴിഞ്ഞു. എല്ലാ ആളുകളെയും തൃപ്തിപ്പെടുത്തി ചിത്രമെടുക്കാൻ കഴിയില്ല. രണ്ടാമൂഴം അടുത്ത വർഷം പകുതിയോടെ ആരംഭിക്കാൻ കഴിയുമെന്നാണ‌് പ്രതീക്ഷ. എംടിയുമായുള്ളതു തർക്കമല്ല. തെറ്റിദ്ധാരണകൾ മാത്രമാണ്. രണ്ടാമൂഴം നടക്കുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top