15 September Sunday

സൗബിൻ എന്ന ജൂതൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

നടൻ, സംവിധായകൻ എന്നീ നിലകളിൽ തിളങ്ങിയ മലയാളികളുടെ പ്രിയതാരം സൗബിൻ വീണ്ടും നായകനാകുന്നു. 14 വർഷത്തിനുശേഷം ഭദ്രൻ സംവിധാനംചെയ്യുന്ന ജൂതനാണ്‌ സൗബിന്റെ പുതിയ സിനിമകളിൽ ശ്രദ്ധേയമായ ഒന്ന്‌. ഉടയോനുശേഷം ഭദ്രൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്‌. ഭദ്രൻ എന്ന പേര്‌ കേൾക്കുമ്പോൾത്തന്നെ മനസ്സിൽ ഓടിയെത്തുന്നത്‌ സ്ഫടികവും ആട്‌ തോമയും ഒക്കെയാണ്‌. ആട്‌ തോമയായി സ്ക്രീനിൽ കലക്കിയ മോഹൻലാൽതന്നെയാണ്‌ ജൂതന്റെ മോഷൻ പോസ്റ്റർ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ പുറത്തുവിട്ടത്‌. റിമ കല്ലിങ്കൽ, ജോജു ജോർജ്‌ എന്നിവരാണ്‌ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ഒരു ജനപ്രിയ സിനിമാനടിയെ വിവാഹം കഴിക്കുന്നതിലൂടെ സൗബിന്റെ കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്‌ സിനിമയുടെ ഇതിവൃത്തം.

ജൂതൻ എന്നത്‌ സിനിമയുടെ പേരല്ലെന്നും ശരിക്കുള്ള പേര്‌ റിലീസിന്‌ തൊട്ടുമുമ്പുമാത്രമേ പരസ്യപ്പെടുത്തുകയുള്ളൂവെന്നും നിർമാതാക്കൾ വെളിപ്പെടുത്തിയിരുന്നു. ഛായാഗ്രഹണം എസ്‌ ലോകനാഥനും സംഗീതം സുഷിൻ ശ്യാമുമാണ്‌.

സൗബിനെ നായകനാക്കി ജോൺ പോൾ സംവിധാനംചെയ്ത അമ്പിളിയുടെ ടീസറിന്‌ വലിയ പിന്തുണയാണ്‌ കിട്ടുന്നത്‌. “ഞാൻ ജാക്സനല്ലടാ...ന്യൂട്ടനല്ലടാ...ഒന്നുമല്ലടാ...’ എന്ന സിനിമയിലെ പാട്ടും മലയാളികളുടെ ചുണ്ടിൽ ഇടംപിടിച്ചുകഴിഞ്ഞു.

ആൻഡ്രോയിഡ്‌ കുഞ്ഞപ്പൻ വേർഷൻ 5.25, ജിന്ന്‌, വികൃതി, ട്രാൻസ്‌, ജാക്ക്‌ ആൻഡ്‌ ജിൽ എന്നിവയാണ്‌ വരാനിരിക്കുന്ന സൗബിൻ ചിത്രങ്ങൾ. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന്‌ മികച്ച നടനുള്ള പുരസ്കാരം ജയസൂര്യക്ക്‌ ഒപ്പം സൗബിൻ പങ്കിട്ടിരുന്നു. തമാശയും സീരിയസ്‌ കഥാപാത്രങ്ങളും തനിക്ക്‌ ഒരുപോലെ വഴങ്ങുമെന്ന്‌ കഴിഞ്ഞ ചിത്രങ്ങളിൽ സൗബിൻ തെളിയിച്ചതാണ്‌. ഒടുവിലിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലെ സജി എന്ന കഥാപാത്രം പ്രേക്ഷകപ്രീതി ഏറെ പിടിച്ചുപറ്റി. സംവിധാനത്തിലും താൻ ഒട്ടും പിന്നിലല്ലെന്ന്‌ പറവ എന്ന ഒറ്റ ചിത്രത്തിലൂടെ സൗബിൻ തെളിയിച്ചു. കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു ചിത്രം സൗബിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന്‌ റിപ്പോർട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top