20 September Sunday

സൂഫി പറഞ്ഞ വിശേഷങ്ങള്‍; സൂഫിയെ അവതരിപ്പിച്ച ദേവ്‌ മോഹൻ സംസാരിക്കുന്നു

പ്രബീഷ് നയ്യാര്‍Updated: Sunday Jul 19, 2020

നൃത്തമറിയാത്ത നടൻ സൂഫിയായി നൃത്തം ചെയ്‌തു. സുജാതയെ പ്രണയാതുരയാക്കിയ ഒറ്റവിരൽ നൃത്തം. ഒമ്പതു മാസത്തെ കഠിന പരിശീലനത്തിനൊടുവിലാണ്‌ അത്രയെങ്കിലും സാധിച്ചതെന്ന്‌ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ സൂഫിയെ അവതരിപ്പിച്ച ദേവ്‌ മോഹൻ പറയുന്നു

ദേവ്‌ മോഹൻ

ദേവ്‌ മോഹൻ

സുജാതയ്‌ക്ക്‌   സൂഫിയോട് പ്രണയം തോന്നിയതിൽ അത്ഭുതമേയില്ല.  ആരും അറിയാതെ ഇഷ്ടപ്പെട്ടുപോകും  ഈ സൂഫിയെ. അത്രയ്‌ക്കും മനോഹരമായാണ് സൂഫിയും സുജാതയും എന്ന സിനിമയിലെ സൂഫിയെ ദേവ് മോഹൻ എന്ന തൃശൂർക്കാരൻ  അവതരിപ്പിക്കുന്നത്. ദേവ് മോഹന്റെ വിശേഷങ്ങളിലേക്ക്‌.

സൂഫിയിലേക്കുള്ള വഴി

സിനിമാ പാരമ്പര്യമില്ലാത്ത, എന്നാൽ സിനിമയെ ഏതൊരാളെയുംപോലെ ഇഷ്ടപ്പെട്ടിരുന്ന ദേവ് മോഹന്റെ മനസ്സിൽ സിനിമാമോഹം ചെറുതായെങ്കിലും ഉണ്ടായിരുന്നു. മെക്കാനിക്കൽ എൻജിനിയറിങ്‌  ബിരുദംനേടി ബംഗളൂരുവിൽ ജോലിചെയ്യുമ്പോഴാണ് 2018ന്റെ തുടക്കത്തിൽ ദേവ് മോഹനെ തേടി സൂഫിയെത്തുന്നത്. സുഹൃത്ത് അയച്ചുകൊടുത്ത ഓഡിഷൻ കോൾ നോക്കി അപേക്ഷിക്കുകയായിരുന്നു. തുടർന്ന്‌  ഷോർട്‌ലിസ്റ്റ് ചെയ്‌ത വിവരം ഫ്രൈഡേ ഫിലീംസ്‌  അറിയിച്ചു. ക്യാമറ വച്ചുള്ള  ഓഡീഷന്‌ ചെന്നപ്പോഴാണ്‌  സംവിധായകൻ നരണിപ്പുഴ ഷാനവാസിനെ ആദ്യം കാണുന്നത്.  രണ്ടു മൂന്ന് രംഗം അഭിനയിച്ചു കാണിച്ചു. രണ്ടുദിവസങ്ങൾക്കുശേഷം  കഥ  പറഞ്ഞുതന്നു.  സൂഫി എന്ന കഥാപാത്രത്തിനായാണ് ഓഡിഷൻ നടത്തി  എന്ന്‌ അപ്പോഴാണ്‌ മനസ്സിലായത്‌. അതോടെ മനസ്സുകൊണ്ടും ശരീരം കൊണ്ടും സൂഫിയാകാൻ ശ്രമിച്ചു.

സുജാതയ്‌ക്കൊപ്പം

സുജാത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അദിതി റാവു ഹൈദരിയാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോൾ ചെറിയ  ആശങ്ക.  അഭിനയ പരിചയമൊന്നുമില്ലെന്ന്  പറഞ്ഞപ്പോൾ സമയം എടുത്ത് ചെയ്‌താൽമതിയെന്ന്‌ പറഞ്ഞു ആ ബോളിവുഡ്‌ നടി  പിന്തുണച്ചു. അനായാസം അഭിനയിക്കാൻ സാധിച്ചത് അതുകൊണ്ടാണ്‌.

വലിയ സ്‌ക്രീനിൽ കാണാൻ മോഹം

ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ്‌ ചെയ്യാനാണ്‌ സാധ്യതയെന്ന്‌ നിർമാതാവ് വിജയ്ബാബു പറഞ്ഞപ്പോൾ വിഷമമായി. വലിയ സ്‌ക്രീനിൽ എന്നെ കാണാൻ പറ്റില്ലെന്ന ചെറിയ വിഷമം.    

റിലീസ്‌ ഇനിയും നീണ്ടുപോയാൽ അനിശ്‌ചിതമായി വൈകുമെന്ന  ആശങ്കയും എല്ലാവർക്കും ഉണ്ടായിരുന്നു.  ആമസോണിൽ  സിനിമയ്‌ക്ക്‌ ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. ഇരുനൂറോളം രാജ്യങ്ങളിലുള്ളവർക്ക്‌ അവർക്കിഷ്‌ടപ്പെട്ട സമയത്ത്‌  ഈ സിനിമ കാണാൻ സാധിക്കുന്നത്‌ സന്തോഷകരം തന്നെ.  ഇനിയുള്ള സിനിമകൾ തിയറ്ററിൽ കാണണമെന്നാണ്  മോഹം.

ബാങ്ക് എന്ന കഥാപാത്രം

  ബാങ്ക്‌ വിളി  പ്രാർഥന മാത്രമല്ല  ഒരു കഥാപാത്രം കൂടിയാണെന്ന് സംവിധായകൻ പറഞ്ഞിരുന്നു. സൂഫിയാണ്‌ ആ കഥാപാത്രത്തിന് ജീവൻ കൊടുക്കേണ്ടത്.  സൂഫി അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ അനുസരിച്ചിരിക്കും കഥാപാത്രത്തിന്റെ ആഴം. അതിനായി ബാങ്കിന്റെ സാംപിളുകൾ  ദേവ് മോഹൻ കേട്ടുപഠിച്ചു. രണ്ടര മിനിറ്റുള്ള ബാങ്ക് ഒറ്റ ടേക്കായാണ് ചിത്രീകരിച്ചത്. പല ആംഗിളുകളിൽനിന്ന്‌ ചിത്രീകരിച്ച്   എഡിറ്റ് ചെയ്‌ത്‌ മനോഹരമാക്കുകയായിരുന്നു.  ഒട്ടേറെ പ്രേക്ഷകർ ബാങ്ക് വിളിയെ പ്രശംസിച്ചു.

ഒറ്റ വിരലിൽ നിന്നുള്ള നൃത്തം

ഒറ്റ വിരലിൽനിന്നുകൊണ്ടുള്ള സൂഫിയുടെ നൃത്തവും ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. കാരണം സുജാതയ്‌ക്ക്‌ സൂഫിയോട് പ്രണയം തോന്നുന്നത്‌ നൃത്തത്തിലൂടെയാണ്. അതിനാൽതന്നെ ഏറ്റവും മികച്ചരീതിയിൽ ചെയ്യണമെന്ന് സംവിധായകന് നിർബന്ധം. നർത്തകനല്ലാത്തതിനാൽതന്നെ വലിയ വെല്ലുവിളിയായി. ഷാനവാസ് അയച്ചുകൊടുത്ത നൃത്തവീഡിയോ  നോക്കി  പരിശീലിച്ചു ആദ്യമൊക്കെ ചെറുതായി തിരിയുമ്പോൾതന്നെ തലവേദനയും തലചുറ്റലും ഛർദ്ദിയുമൊക്കെ വരും. പത്ത്  സെക്കന്റ്, ഇരുപത് സെക്കന്റ്‌ എന്നിങ്ങനെ ചെയ്‌ത്‌ പത്ത്‌ മിനിറ്റ് തുടർച്ചയായി  നൃത്തം ചെയ്യാൻ ശീലിച്ചു. ഒമ്പത് മാസം കൊണ്ട്‌  പൂർണ സമർപ്പണത്തോടെ പഠിച്ചെടുത്തു. അത് വെറും ഒരു ഡാൻസ് മാത്രമല്ല , ധ്യാനം കൂടിയാണ്‌.  അങ്ങനെ ചെയ്‌താൽ മാത്രമേ  ആത്മീയഛായ വരൂ.   റഫറൻസ് വീഡിയോകളിലുള്ള നൃത്തത്തിന്റെ  പത്ത് ശതമാനംപോലും എത്താൻ കഴിഞ്ഞിട്ടില്ല. 

 സിനിമ കണ്ട്  ആദ്യം വിളിച്ചത് നടൻ ജയസൂര്യയായിരുന്നു.  അഭിനയവും ഡബ്ബിങ്ങും വളരെ നന്നായി എന്നും ഇനിയും നിരവധി നല്ല സിനിമകൾ ചെയ്യണമെന്നും പറഞ്ഞ് ധൈര്യംപകർന്നു. ഒപ്പം സിനിമ കണ്ട ആളുകൾ എവിടെനിന്നൊക്കെയോ നമ്പർ സംഘടിപ്പിച്ച് വിളിച്ച് അഭിനന്ദിക്കുന്നതും വലിയ പ്രചോദനമാണ്. സൂഫിക്കു ശേഷം  അവസരങ്ങൾ വന്നിട്ടുണ്ട്‌. ഉചിതമായവ തെരഞ്ഞെടുക്കും–- ദേവ്‌ മോഹൻ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top