22 October Tuesday

സോനുനിഗം സെഞ്ച്വറി ഐക്കൺ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

ബോളിവുഡിന്റെ ഇഷ്ടഗായകൻ സോനു നിഗത്തിന്‌ ലണ്ടനിൽ അംഗീകാരം. 21–-ാം സെഞ്ച്വറി ഐക്കൺ അവാർഡിന്‌ സോനു നിഗത്തെ തെരഞ്ഞെടുത്തു. കലാമേഖലയിലെ ഉജ്വലമായ പ്രകടനത്തിന്‌ നൽകുന്ന പ്രധാന ബഹുമതികളിൽ ഒന്നാണിത്‌. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്ന്‌ അവാർഡിന്‌ അപേക്ഷിച്ച നൂറോളംപേരെ പിന്തള്ളിയാണ്‌ സോനുവിനെ അവാർഡിന്‌ പരിഗണിച്ചത്‌. ഇത്തരമൊരു അവാർഡ്‌ ലഭിച്ചതിലുള്ള സന്തോഷം സോനു മറച്ചുവച്ചില്ല.

‘‘ഈ അവാർഡിന്‌ പരിഗണിച്ചതിൽ വലിയ സന്തോഷമുണ്ട്‌. 22 രാജ്യങ്ങളിൽനിന്ന്‌ നാമനിർദേശം വന്നിരുന്നു. അവാർഡിന്‌ എന്നെ പരിഗണിച്ചതിൽ അതിയായ സന്തോഷമുണ്ട്‌'’ സോനു പറഞ്ഞു. 

സ്ക്വാഡ്‌ വാട്ടർ ലെമൺ കമ്പനിയുടെ സഹസ്ഥാപകരായ ഇന്ത്യൻ വംശജരായ വ്യവസായികളായ തരുൺ ഗുലാത്തി, പ്രീതി റാണ എന്നിവരാണ്‌ 21–-ാം സെഞ്ച്വറി ഐക്കൺ അവാർഡിനു പിന്നിൽ. 700 അപേക്ഷയിൽനിന്ന്‌ 44 പേരാണ്‌ അന്തിമ പട്ടികയിൽ ഉൾപ്പെട്ടതെന്ന്‌ ഇരുവരും പറഞ്ഞു. സംഗീതത്തിനു പുറമെ മറ്റു മേഖലയിലും നിരവധിപേർ 21–-ാം സെഞ്ച്വറി ഐക്കൺ അവാർഡിന്‌ അർഹരായി. 

1973 ജൂലൈയിൽ ഹരിയാനയിലെ ഫരീദാബാദിലാണ്‌  സോനു നിഗം ജനിച്ചത്‌. ഹിന്ദിക്കു പുറമെ തമിഴ്, തെലുഗ്‌, കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിലും നിരവധി ഗാനം ആലപിച്ചു. 18–-ാമത്തെ വയസ്സിലാണ്‌ ബോളിവുഡിൽ ആദ്യഗാനം ആലപിച്ചത്‌. 1990ൽ ജനം എന്ന ചിത്രത്തിലാണ്‌ പാടിയത്‌. ഉസ്‌താദ്‌ ഗുലാം മുസ്‌തഫ ഖാന്റെ ശിഷ്യനായി ഹിന്ദുസ്ഥാനി സംഗീതമാണ്‌ നിഗം സ്വായത്തമാക്കിയത്‌. കുട്ടിക്കാലത്ത്‌ അച്ഛൻ അഗംകുമാർ നിഗത്തിനൊപ്പം വിവാഹ പാർടികളിൽ പാടിയാണ്‌ ഗാനരംഗത്ത്‌ ചുവടുറപ്പിച്ചത്‌.

2004-ൽ മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ചു. നിരവധി ഹിന്ദി ആൽബങ്ങളിൽ പാടുകയും ഏതാനും ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top