07 April Tuesday

ബാര്‍സിലോണയില്‍ എനിക്ക്‌ സുഖമാണ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

ശ്രീയ സരൺ എവിടെപ്പോയി. ഏറെക്കാലം തെന്നിന്ത്യ അടക്കിഭരിച്ച താരം ഇപ്പോൾ വല്ലപ്പോഴും അതിഥിവേഷത്തിലോ നൃത്തരംഗത്തിലോ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവർഷംമുമ്പ് റഷ്യൻ ടെന്നീസ് താരം ആന്ദ്രേ കൊസ്‌ചെയെ വിവാഹം കഴിച്ചതോടെയാണ് താരം തിരക്കേറിയചലച്ചിത്രജീവിതത്തിൽനിന്ന്‌ പിന്മാറിയത്. എന്നാൽ, ദമ്പതികളുടെ മറ്റ് വിവരങ്ങളെക്കുറിച്ച് ആരാധകർക്ക് അധികം വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞദിവസം താരം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി, താനും ഭർത്താവും ബാർസിലോണയിൽ ആണെന്ന്. രോഗം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സ്‌പെയിനിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ ഭർത്താവിനൊപ്പം ഹോട്ടൽ വ്യവസായത്തിലാണ് താരം. നഗരത്തിൽ രോഗം പടരവെ ഭർത്താവിനൊപ്പം വീട്ടിൽ സ്വയം സമ്പർക്കവിലക്കേർപ്പെടുത്തി കഴിയുകയാണ് താരം. കാലം കഠിനമാണ്.

ഞങ്ങളെല്ലാം ഒറ്റപ്പെട്ട തുരുത്തുകളായി ജീവിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവർ, പ്രത്യേകിച്ചും പ്രായമായവർ സുരക്ഷിതരായി ഇരിക്കട്ടെ. സാമൂഹ്യമാധ്യമങ്ങളിലൂടെ സമയം ചെലവഴിക്കട്ടെ, സംഗീതത്തെക്കുറിച്ച് സംസാരിക്കട്ടെ. പുസ്തകങ്ങളും  സിനിമകളും നല്ല ഓർമകളും  നമുക്കൊപ്പമുണ്ടാകട്ടെ. സംഭ്രമം വേണ്ട. നമുക്കുവേണ്ടി രാപ്പകൽ പോരാട്ടം നയിക്കുന്ന ആരോഗ്യപ്രവർത്തകരോട് നന്ദിയുള്ളവരാകാം. നമ്മളെല്ലാം സംരക്ഷിക്കപ്പെടും. -ശനിയാഴ്ച ഇൻസ്റ്റഗ്രാമിലൂടെ നടത്തിയ ആദ്യ തത്സമയവീഡിയോയിൽ അവർ പറഞ്ഞു. പോക്കിരി രാജ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയതാരം, രജനിയുടെ ശിവജി, ദൃശ്യത്തിന്റെ ഹിന്ദി റീമേക്ക്, വിക്രമിന്റെ കന്തസ്വാമി തുടങ്ങിയ ശ്രദ്ദേയചിത്രങ്ങളിൽ പങ്കാളിയായി. ദീപമേത്തയുടെ മിഡ്‌നൈറ്റ് ചിൽഡ്രൺ പോലുള്ള  രാജ്യാന്തര ശ്രദ്ധനേടിയ ചിത്രങ്ങളിലും പങ്കാളിയായി.

ഹോളിവുഡിലേക്ക് ചുവടുമാറ്റിയ ബോളിവുഡ്താരം പ്രിയങ്ക ചോപ്ര, ബോളിവുഡ്താരങ്ങളായ അനുപംഖേർ, ശബാന ആസ്മി തുടങ്ങിയവരും സ്വയം സമ്പർക്കവിലക്കേർപ്പെടുത്തിയിരിക്കുകയണ്. ദുബായിലുള്ള ഗായകൻ സോനു നിഗം രോഗഭീതി ഒഴിഞ്ഞിട്ടേ ഇന്ത്യയിലേക്ക് വരൂ എന്ന് പ്രഖ്യാപിച്ചു.


പ്രധാന വാർത്തകൾ
 Top