23 July Tuesday

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവൽ: ഇന്ദ്രന്‍സ് നായകനായ വെയിൽ മരങ്ങൾക്ക‌് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

ഷാങ്ഹായ്> ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയ്ക്ക് അംഗീകാരം. ഇന്ദ്രൻസിനെ നായകനാക്കി ഡോ.ബിജു സംവിധാനംചെയ്ത വെയിൽമരങ്ങൾ എന്ന ചിത്രമാണ് ഔട്ട്സ്റ്റാൻഡിങ് ആർട്ടിസ്റ്റിക്ക് അച്ചീവ്മെന്റ് പുരസ്കാരം നേടിയത്. ഇതാദ്യമായാണ് ഷാങ്ഹായ് മേളയിൽ ഒരു മലയാള സിനിമയ്ക്ക് പുരസ്കാരം ലഭിക്കുന്നത്.

ഗോൾഡൻ ഗോബ്ലെറ്റ് വിഭാഗത്തിലാണ് ചിത്രം മത്സരത്തിനുണ്ടായിരുന്നത്. 112 രാജ്യങ്ങളിൽനിന്നായി 3964 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത‌്. ഇതിൽ 14 ചിത്രങ്ങളാണ് അവസാന പട്ടികയിൽ ഇടം നേടിയത്. ടർക്കിഷ് സംവിധായകനായ നൂറി ബിൽഗേ സെയ്ലാൻ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോൾഡൻ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയർമാൻ .

ഡോ. ബിജു രണ്ടാം തവണയാണ് ഷാങ്ഹായ് ഇന്റർനാഷനൽ ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ സിനിമയുമായി എത്തുന്നത്. 2012 ൽ ആകാശത്തിന്റെ നിറത്തിനു ശേഷം 2019 ലാണ് മറ്റൊരു ഇന്ത്യൻ ചിത്രം ഷാങ്ഹായിയിൽ പ്രധാന മത്സരത്തിനെത്തുന്നത്.


പ്രധാന വാർത്തകൾ
 Top