16 August Sunday

"ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എന്റൊപ്പം പണിക്ക്‌ ഇറങ്ങരുത്‌'; വലിയ പെരുന്നാൾ ട്രെയിലർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

ഷെയ്ന്‍ നിഗത്തിന്റെ ക്രിസ്മസ് റിലീസ് ചിത്രമായ വലിയ പെരുന്നാളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും തികച്ചും സാങ്കല്‍പ്പികമാണെന്ന് വ്യക്തമാക്കിയുളള ട്രെയിലര്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുളള നിര്‍മ്മാതാക്കളുടെ പരാമര്‍ശത്തെ ട്രോളുന്നത് കൂടിയാണ്. "ലഹരി ഉപയോഗിക്കണ ഒരുത്തനും എന്റൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ഞാന്‍ ആദ്യമേ പറഞ്ഞിട്ടുളളതല്ലേ' എന്ന് ചോദിച്ച് ഷെയ്‌ന്റെ കഥാപാത്രം സംഘട്ടനത്തിലേര്‍പ്പടുന്നത് അടക്കം ഏറെ രസകരമാണ് ട്രെയിലര്‍.

ക്രിസ്മസ് റിലീസായി ചിത്രം എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വിലക്കിന്റെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മുടങ്ങും എന്ന ആശങ്കകള്‍ നിലനിന്നിരുന്നു. കൂടാതെ വലിയ പെരുന്നാള്‍ തിയറ്റര്‍ കാണിക്കില്ലെന്നുളള ഭീഷണിയും ചില നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതായി ഷെയ്ന്‍ തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഡിസംബര്‍ 20നാണ് വലിയ പെരുന്നാള്‍ റിലീസ്.

നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹിമിക ബോസാണ് ഷെയ്‌നിന്റെ നായിക. അന്‍വര്‍ അലിയുടെ വരികള്‍ക്ക് റെക്സ് വിജയന്‍ ഈണമിട്ട് റെക്സ് തന്നെ പാടിയ താഴ്‌വാരങ്ങള്‍ എന്ന ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു.ഷെയ്നും ഹിമികയും മനോഹരമായ നൃത്ത ചുവടുകളുമായി എത്തുന്ന ഗാനം ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തു.

മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ് നിര്‍മ്മിക്കുന്ന ചിത്രം അന്‍വര്‍ റഷീദാണ് അവതരിപ്പിക്കുന്നത്. ഡിമലും തസ്രിക്കും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. മട്ടാഞ്ചേരി,  ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളിലെ മനുഷ്യരും, അവരുടെ ബന്ധങ്ങളും, അവര്‍ക്കിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് പ്രമേയം. ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടെ ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡില്‍ നിന്ന് അടക്കമുളള വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

മലയാളത്തില്‍ നിന്ന് ജോജു ജോര്‍ജ്, അലെന്‍സിയര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ക്യാപ്റ്റന്‍ രാജു, വിനായകന്‍, നിഷാന്ത് സാഗര്‍, സുധീര്‍ കരമന എന്നിവരും ബോളിവുഡില്‍ നിന്ന് അതുല്‍ കുല്‍ക്കര്‍ണി, റാസാ മുറാദ്  എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒപ്പം കൊച്ചിയില്‍ നിന്നുള്ള പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാന ചിത്രം കൂടിയാണ് വലിയ പെരുന്നാള്‍. ഗാനങ്ങള്‍ക്കും നൃത്തത്തിനും വളരെയേറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് മുംബൈ ആസ്ഥാനമായ കിങ്‌സ് യുണൈറ്റഡാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top