14 July Tuesday

"വണ്ടി സ്വയം ഡ്രൈവ് ചെയ്‌ത് വന്നിരുന്ന മമ്മൂക്ക യാതൊരുവിധ ജാടയും ആരോടും കാട്ടിയിട്ടില്ല'; ഷമ്മി തിലകന്റെ കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

നടൻ മമ്മൂട്ടിയുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെ പറ്റി നടൻ ഷമ്മി തിലകൻ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. മമ്മൂട്ടിയോടൊപ്പം ആദ്യമായി പ്രവർത്തിച്ച 'കഥയ്ക്കു പിന്നിൽ' എന്ന സിനിമ മുതലുള്ള അദ്ദേഹത്തിന്റെ കരുതലും താനൊരു നടനായ ശേഷം ആ കരുതലിൽ സംഭവിച്ച മാറ്റത്തെയും കുറിച്ചാണ് ഷമ്മിയുടെ പോസ്റ്റ്.

ഷമ്മി തിലകൻ പങ്കുവച്ച കുറിപ്പ്:

#കുത്തിപ്പൊക്കൽ_പരമ്പര.
(Kadhakku Pinnil-1987. Script : Dennis Joseph. Direction : K.G.George.

സിനിമയിലെ എൻറെ ഗുരു സ്ഥാനീയരിൽ പ്രഥമ സ്ഥാനത്തുള്ള K.G.ജോർജ് സാറിൻറെ കൂടെ #ഇരകൾ എന്ന ചിത്രത്തിന് ശേഷം വർക്ക് ചെയ്ത സിനിമയാണ് #കഥയ്ക്കു_പിന്നിൽ..!

ശ്രീ. ഡെന്നിസ് ജോസഫിന്റെ രചനയിൽ..; ഇന്നത്തെ മെഗാസ്റ്റാർ മമ്മൂക്കയോടൊപ്പം എൻറെ പിതാവ്, ലാലു അലക്സ്, ദേവിലളിത തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച്..; 1987-ൽ റിലീസ് ചെയ്ത ചിത്രത്തിൽ സഹസംവിധായകൻ ആയിരുന്നു ഞാൻ.

ഈ സിനിമയ്ക്ക് മുമ്പേ തന്നെ മമ്മൂക്കയെ പരിചയവും, അടുപ്പവും ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്ത ആദ്യ സിനിമയാണ് #കഥയ്ക്കു_പിന്നിൽ..!
ആ ലൊക്കേഷനിൽ എനിക്ക് ഏറ്റവും സപ്പോർട്ട് നൽകിയിരുന്നതും, എന്നെ ചേർത്ത് നിർത്തിയിരുന്നതും മമ്മൂക്കയായിരുന്നു.

ഇപ്പോഴുള്ള താരപരിവേഷമൊന്നും അദ്ദേഹത്തിന് അന്നായിട്ടില്ല. സഹായികൾ ആരുമില്ലാതെ, വണ്ടി സ്വയം ഡ്രൈവ് ചെയ്‌ത് വന്നിരുന്ന മമ്മൂക്ക യാതൊരുവിധ ജാടയും ആരോടും കാട്ടിയിട്ടുള്ളതായി എന്റെ ഓർമ്മയിലില്ല.

എന്നാൽ..; പിന്നീട് സൂപ്പർതാര പദവിയിൽ എത്തിയ അദ്ദേഹത്തെ പലരും ജാടക്കാരൻ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം അദ്ദേഹത്തിൻറെ കൂടെ പിൽക്കാലത്ത് വന്ന "സിൽബന്ധികൾ" തന്നെയാണെന്ന് നിസ്സംശയം എനിക്ക് പറയാൻ പറ്റും. കാരണം..; അദ്ദേഹത്തിനെ വളരെ അടുത്തറിഞ്ഞ..; അദ്ദേഹത്തിൻറെ നന്മ തിന്മകൾ തിരിച്ചറിഞ്ഞ..; പുതുതലമുറയോട് അദ്ദേഹം കാണിക്കുന്ന കരുതൽ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ..! അതുകൊണ്ടുതന്നെ ആ സെറ്റിൽ അദ്ദേഹം "ഡയറക്ടർ സാറേ" എന്ന് സ്നേഹത്തോടെ കളിയാക്കി വിളിച്ചിരുന്ന ഞാൻ അദ്ദേഹത്തിൻറെ സഹായിയായും മറ്റും ഒപ്പം തന്നെ ഉണ്ടായിരുന്നു എപ്പോഴും..!

അന്ന് അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്ന സ്നേഹത്തിൻറെയും, കരുതലിന്റേയും ആഴം..; അദ്ദേഹത്തിൻറെ തന്നെ നിർബന്ധപ്രകാരം എടുത്ത ഈ ഫോട്ടോയിൽ കാണാം..! എന്നാൽ..; പിൽക്കാലത്ത് ഞാൻ ഒരു നടനായി മാറിയതിനു ശേഷം..; ഈ സ്നേഹവും കരുതലും എന്നോട് അദ്ദേഹം കാട്ടിയിട്ടില്ല എന്നത് ഒരു ദുഃഖ സത്യമാണ്..!

പക്ഷേ..; സിൽബന്ധികൾ ആരും ഇല്ലാതെ കണ്ടുമുട്ടിയ അപൂർവ്വം ചില വേളകളിൽ പഴയ മമ്മൂക്കയെ വീണ്ടും കാണാനും, അടുത്തിടപഴകാനും സാധിച്ചു എന്ന വസ്തുത കൂടി ഓർമ്മിപ്പിക്കാതിരുന്നാൽ ഞാൻ എന്നോട് തന്നെ കാട്ടുന്ന ആത്മവഞ്ചനയാകും എന്നതും പറയാതെ വയ്യ..!

ഒപ്പം..; ഞങ്ങളെയൊക്കെ തമ്മിലടിപ്പിച്ച് ഇടയ്ക്ക് നിന്ന് ചോരകുടിക്കുന്ന #ആട്ടിൻതോലിട്ട_ചെന്നായ്ക്കൾ ആയ താര സിൽബന്ധി സമൂഹത്തിന്റെ അറിവിലേക്കായി ഒരു പഴങ്കഥ കുറിക്കുന്നു..!

ഒരിക്കൽ പരമശിവന്റെ കഴുത്തിൽ ചുറ്റിക്കിടക്കുന്ന പാമ്പ് ഗരുഢനോട് ചോദിച്ചു. "ഗരുഢാ സൗഖ്യമോ"..? എന്ന്..! അപ്പോൾ ഗരുഢൻ പറഞ്ഞു..; "ഇരിക്കേണ്ടിടത്ത് ഇരുന്നാൽ എല്ലാവർക്കും, എപ്പോഴും സൗഖ്യം തന്നെയായിരിക്കും"..!!

തുടരും....

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top