18 September Wednesday

ഹോളിവുഡിലെ താരറാണി സ്കാർലറ്റ് ജോഹാൻസൺ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

ഹോളിവുഡിലെ താരറാണി എന്ന പദവിക്ക് അവകാശി സ്കാർലറ്റ് ജോഹാൻസൺമാത്രം. പോയവർഷം ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ നടിമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം സ്കാർലറ്റ് സ്വന്തമാക്കി. അന്താരാഷ്ട്ര ബിസിനസ് മാസികയായ ഫോർബ്സ് തയ്യാറാക്കിയ പട്ടികയിൽ  തുടർച്ചയായി രണ്ടാംവർഷമാണ് താരം ഒന്നാമതെത്തുന്നത്. അവഞ്ചേഴ്സ് എൻഡ്​ഗെയിം എന്ന മാർവൻ ചിത്രത്തിന്റെ വമ്പൻ വിജയമാണ് മുപ്പത്തിനാലുകാരിയായ താരത്തിന്റെ വരുമാനം കുത്തനെ ഉയർത്തിയത്. പോയവർഷം 5.6 കോടി ഡോളറാണ് പ്രതിഫലമായി ലഭിച്ചത്.അവഞ്ചേഴ്സിൽ താരത്തിന്റെ പ്രതിഫലം 3.5 കോടി ഡോളറായിരുന്നു. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന ഡിസ്നിയുടെ ബ്ലാക് വിഡോ എന്ന ചിത്രത്തിനുവേണ്ടിയും വൻ തുക  കൈപ്പറ്റി.

അമേരിക്കൻ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട കൊളംബിയൻ താരം സോഫിയ വർ​ഗാര‍യാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. സമ്പാദ്യം 4.4 കോടി. ലിറ്റിൽ ലൈസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം റീസ് വിതർസ്പൂൺ മൂന്നാം സ്ഥാനത്ത് (3.5 കോടി ഡോളർ). ഓസ്കർ പുരസ്കാര ജേത്രിയും പ്രമുഖതാരവുമായ നിക്കോൾ കിഡ്മാൻ 3.4 കോടി ഡോളർ സമ്പാദ്യവുമായി നാലാം സ്ഥാനത്തുണ്ട്. ജെന്നിഫർ അനിസ്റ്റൺ (2.4 കോടി ഡോളർ) അഞ്ചാമതെത്തി. 2018 ജൂൺ ഒന്നുമുതൽ 2019 ജൂൺ ഒന്നുവരെയുള്ള താരസമ്പാദ്യം വിലയിരുത്തിയാണ് ഫോർബ്സ് പട്ടിക തയ്യാറാക്കിയത്.

പോയവർഷം ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ നടന്മാരുടെ പട്ടിക കഴിഞ്ഞദിവസം ഫോർബ്സ് പുറത്തുവിട്ടിരുന്നു. പട്ടികയിൽ നാലാംസ്ഥാനത്ത് ബോളിവുഡ് താരം അക്ഷയ്കുമാർ ഇടംപിടിച്ചു.കുട്ടികൾക്കായുള്ള കോമഡി ആക്‌ഷൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡ്വെയ്ൻ ജോൺസൺ പട്ടികയിൽ ഒന്നാമതെത്തി. വരുമാനം 8.9 കേടി ഡോളർ. അമേരിക്കൻ സൂപ്പർതാരചിത്രങ്ങളിലെ താരമായ ക്രിസ് ഹെംവർത്ത് രണ്ടാമതും, വിഖ്യാത നടൻ റോബർട്ട് ഡൗണി ജൂനിയർ മൂന്നാമതും എത്തി. ആറരക്കോടി ഡോളർ സമ്പാദ്യവുമായാണ് അക്ഷയ് കുമാർ നാലാം സ്ഥാനത്തെത്തിയത്. ഏഷ്യൻ സൂപ്പർസ്റ്റാറായ ജാക്കി ചാൻ അക്ഷയ്കുമാറിനും പിന്നിൽ അഞ്ചാം സ്ഥാനത്തായി (5.8കോടി ഡോളർ).


പ്രധാന വാർത്തകൾ
 Top