04 December Sunday
കൊച്ചിയില്‍ ശതാബ്‌ദി മഹോത്സവത്തിന് തുടക്കം

സത്യജിത് റായിയുടെ ചലച്ചിത്രങ്ങള്‍ ഇന്നും അത്ഭുതപ്പെടുത്തുന്നുവെന്ന് മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കൊച്ചി > ലോകസിനിമയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയായ അപൂര്‍വപ്രതിഭയാണ് സത്യജിത് റായിയെന്നും അദ്ദേഹത്തിന്റെ ഓരോ സിനിമയും നിരന്തരമായ വികാസത്തിന്റേയും സര്‍ഗാത്മകതയുടേുയം ആവിഷ്‌കാരങ്ങളാണെന്നും വ്യവസായ, നിയമമന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ സത്യജിത് റായിയുടെ ജന്മശതാബ്‌ദിവര്‍ഷം പ്രമാണിച്ച് കേരള ലളിതകലാ അക്കാദമിയും കൊല്‍ക്കൊത്ത സെന്റര്‍ ഫോര്‍ ക്രിയേറ്റിവിറ്റിയും (കെസിസി) സംയുക്തമായി സംഘടിപ്പിക്കുന്ന ദി സത്യജിത് റായ് സെന്റിനറി ഷോയുടെ മൂന്നാം വാല്യം വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു രാജീവ്.

ഉദ്ഘാടനച്ചടങ്ങില്‍ ഷാജി എന്‍ കരുണ്‍ സംസാരിക്കുന്നു

ഉദ്ഘാടനച്ചടങ്ങില്‍ ഷാജി എന്‍ കരുണ്‍ സംസാരിക്കുന്നു

ഇന്ത്യന്‍ സിനിമയ്ക്കു മാത്രമല്ല ലോകസിനിമയ്ക്കു തന്നെ പുതിയ വ്യകാരണവു ഭാഷയും സംഭാവന ചെയ്‌ത അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ ഇന്നും അത്ഭുതപ്പെടുത്തുന്നുവെന്നും രാജീവ പറഞ്ഞു. ചലച്ചിത്രകാരന്‍ എന്ന നിലയില്‍ മാത്രമല്ല ഡിസൈനര്‍ തുടങ്ങി മറ്റ് ഒട്ടേറെ നിലകളില്‍ അദ്ദേഹം നല്‍കിയ അനശ്വരസംഭാവനകളും കൊച്ചിയില്‍ ആരംഭിച്ച ഈ ഷോയില്‍ ഉണ്ടെന്നത് ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ അഡ്വ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്രകാരനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ മുഖ്യപ്രഭാഷണം നടത്തി. 1974ല്‍ താന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍ ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് റായി ആയിരുന്നുവെന്ന് ഷാജി എന്‍ കരുണ്‍ അനുസ്‌മരിച്ചു. തന്റെ ആദ്യഡിപ്ലോമ ഫിലിം കാണാന്‍ റായി താല്‍പ്പര്യം പ്രകടിപ്പിച്ചു. പ്രസംഗത്തില്‍ അന്ന് വിദ്യാര്‍ത്ഥി മാത്രമായിരുന്ന തന്റെ പേരെടുത്തു പറഞ്ഞു.

പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങൡലൂടെ കടന്നുപോകുന്ന ജീവിതങ്ങളെ, വിശേഷിച്ചും സ്ത്രീജീവിതങ്ങളെ, റായി വിദ്ഗധമായി ചിത്രീകരിച്ചുവെന്ന് മുഖ്യപ്രഭാഷണത്തില്‍ ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. റായി ഏകാകിയായിരുന്നു. അതുകൊണ്ടു തന്നെ നല്ല കേള്‍വിക്കാരനുമായിരുന്നു. അതേസമയം തന്നെ വലിയൊരു കലാകാരന്‍ ആയതുകൊണ്ട് അത് റായിയെ ദോഷൈകദൃക്കാക്കിയില്ലെന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു. നന്മയോട് അനുതാപപ്പെടാന്‍ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍, കെസിസി വിഷ്വല്‍ ആര്‍ട്‌സ് ഹെഡ് സിദ്ധാര്‍ത്ഥ് ശിവകുമാര്‍, കൊല്‍ക്കൊത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ്, മിനി എസ് മേനോന്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ബംഗാളി പരിഭാഷകന്‍ സുനില്‍ ഞാളിയത്ത് തുടങ്ങയിവര്‍ പ്രസംഗിച്ചു. ബറോഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്‌ത ചിത്രകാരനും മലയാളിയുമായ സുരേന്ദ്രന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.

ഒരു മാസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തില്‍ അത്യപൂര്‍വവും ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെടാന്‍ പോകന്നതുമായ റായ് സ്‌മാരകവസ്തുക്കളുടെ പ്രദര്‍ശനം, ലോകപ്രശസ്‌തരായ ചലച്ചിത്രകാരന്മാരും നിരൂപകരും പങ്കെടുക്കുന്ന ചര്‍ച്ചാപരിപാടികള്‍, പ്രഭാഷണങ്ങള്‍, റായിയുടെ മൂന്നു സിനിമകളുടെ പ്രദര്‍ശനം, പുസത്കപ്രകാശനം എന്നിവ ഉള്‍പ്പെടുന്നു. ഗാലറി റാസയുടെ ശേഖരത്തിലുള്ളതും റായുടെ പ്രതിഭയുടെ ഏറെ അറിയപ്പെടാത്ത മറ്റൊരു മുഖം അനാവരണം ചെയ്യുന്നതുമായ ലോബി കാര്‍ഡുകള്‍, പോസ്റ്ററുകള്‍, സ്റ്റോറിബോര്‍ഡുകള്‍, പുസ്തകച്ചട്ടകള്‍, നെമായ് ഘോഷ്, താരാപഥ ബാനര്‍ജി എന്നിവരെടുത്ത അപൂര്‍വ ഫോട്ടോഗ്രാഫുകള്‍ എന്നിവയുടെ പ്രദര്‍ശനമാണ് മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം.

ഷാജി എന്‍ കരുണ്‍, കൊച്ചി മേയര്‍ അനില്‍ കുമാര്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് തുടങ്ങിയവര്‍ ദി സത്യജിത് റായ് സെന്റിനറി ഷോ നടന്നു കാണുന്നു

ഷാജി എന്‍ കരുണ്‍, കൊച്ചി മേയര്‍ അനില്‍ കുമാര്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് തുടങ്ങിയവര്‍ ദി സത്യജിത് റായ് സെന്റിനറി ഷോ നടന്നു കാണുന്നുഷോയുടെ മുന്‍ പതിപ്പുകളില്‍ പ്രദര്‍ശിപ്പിച്ച് ഏറെ ജനപ്രീതി നേടിയ ശത്രഞ്ജ കേ ഖിലാഡിയില്‍ ഉപയോഗിച്ച വസ്ത്രങ്ങളും ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ശത്രഞ്ജ് കേ ഖിലാഡിയുടെ നിര്‍മാതാവ് സുരേഷ് ജിന്‍ഡാലിന്റെ ശേഖരത്തില്‍ നിന്നാണ് ഇവ എത്തിയിരിക്കുന്നത്. ഇവയ്ക്കു പുറമെ ദേബ്‌ജാനി റായ്ക്ക് റായ് അയച്ചതും ഇതുവരെ വെളിച്ചം കണ്ടിട്ടില്ലാത്തതുമായ കത്തുകളും മേളയിലുണ്ടാകും.

മേളയുടെ ഭാഗമായി സെപ്‌തംബര്‍ 27ന് വൈകീട്ട് 5ന് എ ഫൈന്‍ ബാലന്‍സ് - സെന്‍സ് ഇന്‍ റായിസ് ഗ്രാഫിക് ഡിസൈന്‍ എന്ന വിഷയത്തില്‍ പിനാകി ഡേയുടെ അവതരണം, 28ന് വൈകീട്ട് 5ന് റായിയ്ക്കു ശേഷം എന്ന വിഷയത്തില്‍ ധൃതിമാന്‍ ചാറ്റര്‍ജി, ടിന്നു ആനന്ദ് എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുക്കുന്ന സംഭാഷണം എന്നിവയും നടക്കും.

ഒക്ടോബര്‍ 2, 12, 16 തീയതികളില്‍ റായിയുടെ പ്രശസ്‌ത ചലച്ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത മൂന്നു ചലച്ചിത്രങ്ങളുടെ സ്്ക്രീനിംഗ് നടക്കും. വൈകീട്ട് 5-30നാണ് സ്‌ക്രീനിംഗ് സമയം. ഒക്ടോബര്‍ 6ന് വൈകീട്ട് 5ന് പ്രശസ്‌ത സിനിമാ നിരൂപകന്‍ സി എസ് വെങ്കിടേശ്വരന്‍ റായിയുടെ സിനികളെപ്പറ്റി എഴുതി എസ്പിസിഎസ് പ്രസിദ്ധീകരിക്കുന്ന പ്രപഞ്ചം പ്രതിഫലിക്കുന്ന ജലകണം എന്ന പുസ്‌തകത്തിന്റെ പ്രകാശനവും റായ് ശതാബ്ദി മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 23ന് വൈകീട്ട് 5ന് സാമിക് ബന്ദോപാധ്യായ മോഡറേറ്ററായി ഗിരീഷ് കാസറവള്ളി, ഗൗതം ഘോഷ്, ഷാജി എന്‍ കരുണ്‍ എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ചാപരിപാടിയും ഉണ്ടായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top