23 January Thursday

സത്യം പറഞ്ഞാൽ ഇവരെയൊക്കെ നമുക്കറിയാം, വിശ്വസിച്ചേ പറ്റൂ: റിവ്യൂ

ഡി കെ അഭിജിത്ത്‌Updated: Friday Jul 19, 2019

സത്യം പറഞ്ഞാൽ ഇത്‌ സുനിയുടെ കുടുംബത്തിന്റേയും, അവൻ കാരണം ബുദ്ധിമുട്ടുന്ന ചില സുഹൃത്തുക്കളുടേയും കഥയാണ്‌. കൂടുതൽ ആമുഖമോ പതിവ്‌ സിനിമയുടേതായ ചേരുവകളോ ഇല്ലാതെ തന്നെയാണ്‌ സിനിമ തുടങ്ങുന്നതും.

കൂലിപ്പണിക്കാരനായ ഒരു മലയാളിയുടെ അമിതമായ മദ്യപാനം, അതുകൊണ്ടുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ, മറ്റുള്ളവരുടെ മുന്നിൽ പരിഹസിക്കപ്പെടുന്ന കുടുംബം തുടങ്ങിയ കാര്യങ്ങളൊക്കെയാണ്‌ ചിത്രം പറയുന്നത്‌. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ സജീവ് പാഴൂര്‍ ആണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിവാഹത്തിനുശേഷം സിനിമകളില്‍ നിന്നും മാറിനിന്ന സംവൃത സുനില്‍ നാളുകള്‍ക്കുശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്ക്ക്. നിവിൻ പോളി നായകനായ ഹിറ്റ്‌ ചിത്രം 'ഒരു വടക്കന്‍ സെല്‍ഫി' ക്ക്‌ ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ.

ചുരുക്കം ചില ആളുകളുടെ ജീവിതങ്ങൾ. ചെറിയ ചെറിയ തമാശകൾ, നാടകീയത ഇല്ലാത്ത അവതരണം.. എല്ലാംകൊണ്ടും ഒരു നല്ല കൊച്ചു സിനിമയാണെന്ന്‌ പറഞ്ഞാൽ വിശ്വസിച്ചേ പറ്റൂ. കേരളത്തിലെ ഗ്രാമത്തിൽ ജീവിക്കുന്ന ഏതൊരു മലയാളിയുടേയും ദൈനംദിന ജീവിതത്തോട്‌ ചേർന്ന്‌ നിൽക്കുന്നു എന്നത്‌ ചിലസമയത്ത്‌ സിനിമക്ക്‌ പുറത്തേക്ക്‌ സ്വന്തം നാട്ടിൽപുറത്ത്‌ എത്തിയ ഫീൽ പ്രേക്ഷകന്‌ നൽകും.

രക്ഷാധികാരി ബൈജുവിൽ ഏറെ ആസ്വദിപ്പിച്ച അതേ രീതിയിലുള്ള ബിജു മേനോന്റെ സ്വാഭാവിക അഭിനയം തന്നെയാണ് ചിത്രത്തിന്റെ ആണിക്കല്ല്‌. ബിജുമേനോന്‍-സംവൃത സുനില്‍ കെമിസ്ട്രിയും അതി ഗംഭീരമായി വര്‍ക്കൗട്ട് ആയിട്ടുണ്ട്. കെട്ടിടം പണിക്കാരനായ സുനി എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. സുനിയുടെയും ഭാര്യ ഗീതയുടെയും മകളുടെയും സുനിയുടെ കൂട്ടുകാരുടെയും ജീവിതമാണ് ഈ കൊച്ചു ചിത്രത്തിലൂടെ പറയുന്നത്.

വീടുപണിക്കായി ചെന്ന സുനിയെ പ്രണയിച്ച് അയാള്‍ക്കൊപ്പം ഇറങ്ങി പോന്ന ആളാണ്‌ ഗീത. ഒരേസമയം മദ്യപാനവും കുടുംബത്തെപ്പറ്റിയുള്ള ചിന്തകളുമുള്ള ആളാണ്‌ സുനി. സാധാരണക്കാരന്‍ അനുഭവിക്കുന്ന എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും സുനി അനുഭവിക്കുന്നുണ്ട്. അമിത മദ്യപാനം പതുക്കെ കുടുംബത്തിന്റെ താളം തെറ്റിച്ചു തുടങ്ങുന്നു. കൂലിയായി കിട്ടുന്ന പണം അധികവും കൂട്ടുകാര്‍ക്കൊപ്പം മദ്യപാനത്തിനായാണ് സുനി വിനിയോഗിക്കുന്നത്.

പണത്തിനായി വേശ്യയായ സ്ത്രീക്കുവരെ സുനി പണം കൊടുക്കാനുണ്ട്‌. സുഹൃത്തുക്കളുടെ സാഹചര്യവും വ്യത്യസ്‌തമല്ല. ബാങ്കിലെ ലോണ്‍ അടയ്‌ക്കാനും വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിച്ച്‌ നല്ല രീതിയിൽ ജീവിക്കാനും ഒരു വാഹന അപകടത്തിന്റെ രൂപത്തിൽ നല്ലകാലം സുനിയെ തേടി എത്തുന്നു. അതിലൂടെ കരപറ്റാൻ നോക്കുന്ന അയാളുടേയും കൂട്ടുകാരുടേയും ജീവിതം പിന്നീട്‌ സഞ്ചരിക്കുന്നത്‌ അതുവരെ പ്രതീക്ഷിക്കാത്ത തലങ്ങളിലൂടെയാണ്‌.

മെനഞ്ഞുണ്ടാക്കുന്ന നാട്ടിൻപുറ കഥകൾ സൃഷ്‌ടിക്കുന്ന പൊല്ലാപ്പുകൾ പലയിടത്തും നമ്മൾ കണ്ടിട്ടുണ്ട്‌. അങ്ങനെ ചിലരുടെ ഊഹാപോഹങ്ങളാണ്‌ ഇവിടെയും വില്ലനാകുന്നത്‌. പണത്തിനായുള്ള ഓട്ടത്തിനിടയിൽ അപകടങ്ങളെല്ലാം മനസ്സിലാക്കാെതെ അവർ പിന്നേയും മുന്നോട്ടുപോകുന്നു. പ്രതീക്ഷിക്കത്ത രീതിയിലാണ്‌ അവയൊക്കെ അവസാനിക്കുന്നതും.  അവതരണത്തിലെ വ്യത്യസ്‌തയാണ്‌ ഒരു സജീവ്‌ പാഴൂർ ടച്ച്‌ എന്ന്‌ പറയാനായി ചിത്രത്തിലുള്ളത്‌.

ഏതൊരു സന്ദർഭത്തിലും ജീവിതത്തിന്റെ ഭാഗമായി മദ്യപാനത്തെ കൊണ്ടുനടക്കുന്നവർക്കും അവരുടെ ചുറ്റുപാടും ജീവിക്കുന്നവർക്കും റിലേറ്റ്‌ ചെയ്യാൻ കഴിയുന്ന ഒരുപാട്‌ കാര്യങ്ങൾ സിനിമ പറയുന്നുണ്ട്‌. സത്യം പറഞ്ഞാൽ ഇതിൽ പറയുന്ന ജീവിതങ്ങളെല്ലാം നമുക്കറിയാവുന്നവരാണ്‌. അത്‌ വിശ്വസിച്ചേ പറ്റൂ.

അനായാസമായാണ്‌ കെട്ടിടം പണിത്തൊഴിലാളിയുടെ ശരീരഭാഷയും രീതികളുമെല്ലാം ബിജു മേനോൻ അവതരിപ്പിച്ചിരിക്കുന്നത്‌. വർഷങ്ങൾക്കുശേഷം സിനിമയിലേക്ക്‌ മടങ്ങിയെത്തിയ സംവൃത സുനിലും വേഷം ഗംഭീരമാക്കി. അലന്‍സിയറും ശ്രുതി ജയനും മികച്ച പ്രകടനമാണ്‌ കാഴ്‌ചവക്കുന്നത്‌. ഭഗത് മാനുവല്‍, സുധി കോപ്പ, വെട്ടുകിളി പ്രകാശ്, സൈജു കുറുപ്പ്, സുധീഷ്, ദിനേശ്‌ പ്രഭാകർ എന്നിവരും ചിത്രത്തില്‍ തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി.

ഷാന്‍ റഹ്മാനും വിശ്വജിത്തും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബിജിപാലിന്റെ പശ്ചാത്തല സംഗീതം പതിവുപോലെ കഥാപാത്രങ്ങളുടെ ജീവിതത്തോട്‌ ചേർന്ന്‌ നിൽക്കുന്നു. ഷെഹ്നാദ് ജലാലാണ് ഛായാഗ്രഹണം. രജ്ഞന്‍ എബ്രഹാം എഡിറ്റിങ്‌ നിർവ്വഹിക്കുന്നു.


പ്രധാന വാർത്തകൾ
 Top