19 May Sunday

കാശിട്ടുമൂടിയാലും ക്രീമിന്റെ പരസ്യത്തിനില്ല: സായ‌് പല്ലവി

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

ഈ മുഖസൗന്ദര്യ ക്രീമുകാർ പറയുന്ന സൗന്ദര്യം എന്താണ്? വെളുപ്പുമാത്രമാണോ സൗന്ദര്യം. ബോളിവുഡ‌് താരം കങ്കണ റാവത്ത‌് മൂന്നുവർഷംമുമ്പ‌് പറഞ്ഞ കാര്യം പിന്തുടർന്ന‌് ഈ മേക്കപ്പിലെന്തിരിക്കുന്നു എന്ന‌് ഉറപ്പിച്ചുപറയുകയാണ‌് തെന്നിന്ത്യൻതാരം സായ‌് പല്ലവി.

അന്ന‌് കങ്കണ ഇത്രകൂടി പറഞ്ഞു. “ മുഖസൗന്ദര്യ ലേപന വസ‌്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കുന്നവർ ക്രിമിനൽ കുറ്റമാണ് ചെയ്യുന്നത്. അവരെയോർത്ത‌് ലജ്ജ തോന്നുന്നു. ജനത്തെ അവർ ക്രൂരമായാണ് വർണ അപകർഷതയിലേക്ക‌് തള്ളിവിടുന്നത്? ഇതേപോലെ  ചങ്കൂറ്റത്തോടെ സായ‌് പല്ലവിയും പറയുന്നു;  ഫെയർ ആൻഡ‌് ലവ‌്‌ലിയുടെ പരസ്യത്തിൽ താൻ അഭിനയിക്കില്ല.  രണ്ടുകോടിയാണത്രേ പരസ്യത്തിൽ അഭിനയിക്കാൻ കമ്പനി നൽകിയ വാഗ‌്ദാനം. സിനിമയിൽ അമിതമായി മേക്കപ‌് ഉപയോഗിക്കാത്ത നടികൂടിയാണ‌് ഇവർ. തന്റെ മുഖത്തെ കുരുക്കൾ മറയ്ക്കാതെ തന്നെയാണ് ചിത്രീകരണത്തിനെത്താറും. സാമൂഹ്യമാധ്യമങ്ങളിലും മേക്കപ്പില്ലാത്ത പടങ്ങളാണ‌് പങ്കുവയ്ക്കാറ‌്. കോടികള്‍ക്കുവേണ്ടി തന്റെ അഭിപ്രായം മറച്ചുവയ‌്ക്കാൻ അവർ തയ്യാറായില്ല. 

നിവിന്‍ പോളി നായകനായെത്തിയ പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയുടെ ഒടുവിലായെത്തിയ അതിരനിലെ പ്രകടനവും ഗംഭീരമായിരുന്നു. ഓട്ടിസം ബാധിതയായ കഥാപാത്രമായി പല്ലവിയുടെ പരകായപ്രവേശമാണ് സിനിമയിൽ. കൈകാൽ വിരലുകൾപോലും സൂക്ഷ‌്മമായി അഭിനയിക്കുന്നു. സംഭാഷണം കൂടുതലായുള്ള കഥാപാത്രത്തിന്റെ കളരിച്ചുവടുകളും ശ്രദ്ധേയമാണ‌്. പ്രേമത്തിലെ മലരിൽനിന്ന‌് ബഹുദൂരം മുന്നോട്ടുപോകുന്ന സായ‌് പല്ലവി തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാക്കി മാറ്റുകയാണ‌് അതിരനിലെ  നിത്യാദേവിയെ. സൂര്യയുമൊത്ത്‌ എന്‍ജികെയാണ്‌ ഇനി പുറത്തിറങ്ങാനുള്ള സായ്‌ പല്ലവിയുടെ അടുത്ത ചിത്രം.


പ്രധാന വാർത്തകൾ
 Top