20 September Sunday

‘റൺ’ ഗാർഗി; ന്യൂയോർക്ക്‌ ഇന്ത്യൻ ചലച്ചിത്ര മേളയിൽ മികച്ച നായികയായി തെരഞ്ഞെടുക്കപ്പെട്ട ഗാർഗി അനന്തൻ

അക്ഷിത രാജ്‌ akshitharaj2014@gmail.comUpdated: Sunday Aug 9, 2020

ന്യൂയോർക്ക്‌ ഇന്ത്യൻ ചലച്ചിത്ര മേളയിൽ റൺ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന്‌  മികച്ച നായികയായി തെരഞ്ഞെടുക്കപ്പെട്ട ഗാർഗി അനന്തൻ സംസാരിക്കുന്നു

ഗീതുമോഹൻദാസ്‌ സംവിധാനം ചെയ്‌ത മൂത്തോൻ ന്യൂയോർക്ക്‌ ഇന്ത്യൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രമായും അതിലഭിനയിച്ച നിവിൻ പോളി മികച്ച നായകനായും സഞ്ജന ദിപു മികച്ച ബാലതാരവുമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം ആഘോഷിക്കപ്പെടുമ്പോൾ മികച്ച നായികയായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയെപ്പറ്റി അധികമാരും ചർച്ചചെയ്‌തിട്ടില്ല. തിരുവനന്തപുരം പൂങ്കുളം സ്വദേശി ഗാർഗി അനന്തൻ. ആദ്യ ചിത്രത്തിൽ തന്നെ അന്തർദേശീയ അംഗീകാരം ലഭിച്ച നാടക വിദ്യാർഥിനി. ജെ ഗീത സംവിധാനം ചെയ്‌ത"റൺ കല്യാണി'യിൽ കല്യാണിയെ അവതരിപ്പിച്ച ഗാർഗിയുടെ വിശേഷങ്ങൾ.

കല്യാണിയിൽ എത്തിയ ഗാർഗി

2018ൽ തൃശൂർ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ അവസാന വർഷം പഠിക്കുമ്പോഴാണ്‌ റൺ കല്യാണിയിലെത്തുന്നത്‌‌. സംവിധായകൻ അജിത് കുമാറിന്റെ ഭാര്യ സുനിത ചേച്ചി വഴിയാണ്‌ കാസ്റ്റിങ്‌ കോളിനെപ്പറ്റി അറിഞ്ഞത്‌.  ഒരു സീൻ അഭിനയിച്ച്‌ വീഡിയോ അയക്കാൻ ആവശ്യപ്പെട്ടു. സംവിധായിക ജെ ഗീതയ്‌ക്ക്‌ അതിഷ്‌ടപ്പെട്ടു. കല്യാണി എന്ന വീട്ടുജോലിക്കാരിയുടെ നാലു‌ ദിവസത്തെ ഓട്ടപ്പാച്ചിലാണ്‌‌ സിനിമ‌.

പുരസ്‌കാരവും  മേളകളും

കൊൽക്കത്ത മേളയിൽ  റൺ കല്യാണിക്ക്‌ പ്രത്യേകജൂറി പരാമർശം ലഭിച്ചിരുന്നു. എന്നാൽ ഐഎഫ്‌എഫ്‌കെയിൽ  തെരഞ്ഞെടുക്കപ്പെട്ടില്ല.  മഹീന്ദ്ര എക്‌സലൻസ്‌ ഇൻ തിയറ്റർ അവാർഡി (മെറ്റ)ൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്‌. എൻ പ്രഭാകരന്റെ പുലിജന്മത്തിൽ അഭിനയിച്ചതിന്‌‌ മികച്ച നടിക്കുള്ള നോമിനേഷൻ ലഭിച്ചു. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ പെർഫോമിങ്‌ ആർട്‌സിൽ എംഎ പഠിക്കുകയാണിപ്പോൾ. ന്യൂയോർക്ക്‌ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ നോമിനേഷൻ ഉണ്ടെന്ന്‌ അറിയാമായിരുന്നെങ്കിലും മികച്ച നടിക്കുള്ള അവാർഡ്‌  പ്രതീക്ഷിച്ചില്ല.  നാടകങ്ങളിലൂടെ അഭിനയം പഠിച്ച ഒരാൾക്ക്‌ ഇത്തരം അംഗീകാരങ്ങൾ വിലപ്പെട്ടതാണ്‌.

സ്‌കൂൾ ഓഫ്‌ ഡ്രാമയും അഭിനയവും

സ്‌കൂളിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ പങ്കെടുത്തിട്ടുണ്ട്‌ എന്നല്ലാതെ നാടകം പഠിക്കാൻ സ്ഥാപനം ഉണ്ടെന്ന്‌ അറിയില്ലായിരുന്നു. പ്ലസ്‌ടു കഴിഞ്ഞപ്പോൾ  കോഴ്‌സുകൾ തപ്പി നടന്നു. ക്യാനഡയിലേക്ക്‌  പോകാൻ തീരുമാനിച്ചപ്പോൾ‌ പാസ്‌പോർട്ടിൽ ഒരു തെറ്റ്‌. അത്‌ തിരുത്താൻ സമയം എടുക്കും. അങ്ങനെ‌ നാട്ടിൽ തങ്ങി. സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ എത്തിയ ശേഷമാണ്‌ നാടകവും അഭിനയവും എന്താണെന്ന്‌  മനസ്സിലാക്കുന്നത്‌.  കൃത്യമായ പരിശീലനത്തിലൂടെയേ അഭിനയം പഠിക്കാനാകൂ എന്ന്‌ മനസ്സിലായി.  ആ പരിശീലനം സിനിമയിൽ പ്രയോജനപ്പെട്ടു. മിതഭാഷിയായ കല്യാണി ആശയവിനിമയം നടത്തിയത്‌  ശരീരഭാഷയിലൂടെയാണ്‌. കൃത്യവും ശാസ്‌ത്രീയവുമായ പഠനം തന്ന ധൈര്യമാണ്‌ കൈമുതൽ.

സിനിമയോ നാടകമോ?

സിനിമയായാലും നാടകമായാലും നല്ല കഥാപാത്രം കിട്ടിയാൽ ചെയ്യും.  കെ പി കുമാരന്റെ  "ഗ്രാമവൃക്ഷത്തിലെ കുയിലി’ൽ കുമാരനാശാന്റെ ഭാര്യയുടെ വേഷമാണ്‌ ചെയ്‌തത്‌. നാടകം ചെയ്യുന്ന ഒരാൾ ‌സിനിമയിൽ വന്നപ്പോഴുള്ള ബുദ്ധിമുട്ടിനെക്കുറിച്ചായിരുന്നു കൂടുതൽ ചോദ്യങ്ങൾ.  നാടകത്തിൽ ഇല്ലാത്ത സങ്കേതങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. അത്രമാത്രം.  നാടകത്തിൽ  ലഭിക്കുന്ന സംതൃപ്‌തി‌  കൂടുതൽ സന്തോഷകരമാണ്‌.  പല സ്വഭാവമുള്ള പല കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള മാധ്യമങ്ങൾ ആണ്‌ നാടകവും സിനിമയും.

നായകൻ മാത്രം ശ്രദ്ധിക്കപ്പെടുന്നു

റൺ കല്യാണി  മേളകളിൽ മാത്രമാണ്‌ പ്രദർശിപ്പിച്ചിട്ടുള്ളത്‌. സാധാരണ ജനങ്ങളിലേക്ക്‌ ഇത്തരം സിനിമകൾ എത്താനുള്ള മാർഗം കുറവായതുകൊണ്ടാണ്‌ റൺ കല്യാണിയെ ആരും അറിയാതെ പോയത്‌. എന്നാൽ മൂത്തോൻ ജനങ്ങളിലെത്തിയ സിനിമയാണ്‌.    ചില പോസ്റ്റുകളിൽ  നിവിൻ പോളിയെ മാത്രം ആഘോഷിക്കുന്ന പ്രവണത കണ്ടു. അതേ ചിത്രത്തിൽ അഭിനയിച്ച സഞ്ജന ദിപു മികച്ച ബാലതാരമായും തെരഞ്ഞെടുക്കപ്പെട്ടത്‌ ചർച്ച ചെയ്യുന്നില്ല.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top