23 January Wednesday

റോബര്‍ട്ട് ഡി നീറോയ്‌‌ക്ക് പറയാനുള്ളത്

വെബ് ഡെസ്‌ക്‌Updated: Thursday Jan 10, 2019

വിശ്രുത അമേരിക്കൻനടൻ റോബർട്ട് ഡി നീറോയ്‌‌‌‌‌‌ക്ക് ചിലത് പറയാനുണ്ട്. മാറുന്ന കാലത്തെക്കുറിച്ച് ആശങ്കകളുള്ള കലാകാരൻ എന്ന നിലയിൽ തുറന്നുപറയാതിരിക്കാനാകില്ലെന്ന് അദ്ദേഹം മുൻകൂർ ജാമ്യം എടുക്കുന്നു. പറയാനുള്ളത‌് അമേരിക്കയെക്കുറിച്ചും അമേരിക്കൻ പ്രസിഡന്റിനെക്കുറിച്ചുമാണ്. ട്രംപ് തനി വംശീയ വിരോധിയും വെളുത്തവർ ശ്രേഷ്ഠരാണെന്ന വിചാരമുള്ളയാളുമാണെന്ന് റോബർട്ട് ഡി നീറോ തുറന്നടിച്ചു. ഗാർഡിയൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ‌് തുറന്നത്.

""എനിക്ക് പ്രായമായി, ചുറ്റും നടക്കുന്നതുകാണുമ്പോൾ  അസ്വസ്ഥതയുണ്ടാകുന്നു. അങ്ങേര് പ്രസിഡന്റായപ്പോൾ, പോകെ പോകെ മാറ്റമുണ്ടാകുമെന്ന് കരുതി. എന്നാൽ, കാര്യങ്ങൾ കൂടുതൾ ദാരുണമാകുകയാണ്. തനിക്ക് ലഭിച്ച ഉത്തരവാദിത്തങ്ങൾ അയാൾ വലിച്ചെറിഞ്ഞു. വംശീയവെറിയനാണ് താനെന്ന് ട്രംപ് ഓരോ നിലപാടിലൂടെയും വെളിപ്പെടുത്തുന്നു. ഫാസിസ്റ്റായി ട്രംപിന്റെ രൂപമാറ്റത്തിന് അധികം കാത്തിരിക്കേണ്ടതില്ല. ഇങ്ങനെ പോയാൽ അമേരിക്കയുടെ സ്ഥിതി അതീവമോശമാകും.പുതുതലമുറ ട്രംപിനെ പോലുള്ളവരെ കണ്ട് വളരുന്നതാണ് ഏറ്റവും ദയനീയം''.75 വയസ്സുകാരനായ താരം പറയുന്നു.

ട്രംപിനെ രൂക്ഷമായി വിമർശിക്കുന്നതുകൊണ്ടുതന്നെ നിരവധി തവണ അദ്ദേഹത്തെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഒക്ടോബറിൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാരകശേഷിയുള്ള പൈപ്പ് ബോംബ് തപാലിൽ എത്തിയിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം അപകടത്തിൽനിന്ന‌് രക്ഷപ്പെട്ടത്. ഏഴുതവണ ഓസ്കർ നാമനിർദേശം ലഭിച്ച റോബർട്ട് ഡീ നീറോയ്‌ക്ക് രണ്ടുതവണ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നാലരദശകം നീളുന്ന അഭിനയജീവിതത്തിൽ നൂറിലേറ പ്രമുഖ ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ ടാക്‌സി ഡ്രൈവർ, ഗോഡ്ഫാദർ, ഗുഡ്ഫെല്ലാസ്, ദി കിങ് ഓഫ് കോമഡി തുടങ്ങിയവ ശ്രദ്ധേയമാണ്. ഇപ്പോഴും അഭിനയത്തിൽ സജീവമായ റോബർട്ട് ഡി നീറോയുടെ മൂന്ന് ചിത്രങ്ങൾ ഈ വർഷം പുറത്തുവരും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top