സിനിമയില്‍ മാത്രമല്ല, പ്രഞ്ചത്തിലാകെ പരക്കുന്ന ശബ്ദങ്ങളിലെല്ലാം കൌതുകം കൊള്ളുന്ന കലാകാരനാണ് രംഗനാഥരവിയെന്ന സൌണ്ട് ഡിസൈനര്‍. ഋതുഭേദങ്ങളിലും ചുറ്റുപാടുമുള്ള ഒച്ചയനക്കങ്ങളിലും നിശ്ശബ്ദതയിലും വരെ ഈ കലാകാരന് തന്റെ ശബ്ദാന്വേഷണം വ്യാപിപ്പിക്കുന്നു. പത്തു വര്‍ഷത്തിനിടയില്‍ ഒമ്പതു ഭാഷകളിലായി 90-ല്‍ പരം സിനിമകളില്‍ കൈയ്യൊപ്പു പതിപ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. മഴയുടെ പല ഭാവങ്ങളില്‍ പ്രണയം അനുഭവിപ്പിച്ച 'എന്നു നിന്റെ മൊയ്തീന്' എന്ന സിനിമയിലൂടെ 2015ലെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സൌണ്ട് ഡിസൈനര്‍ക്കുള്ള പുരസ്കാരവും 'ഈമയൌ' എന്ന ചിത്രത്തിന് 2017ലെ പുരസ്കാരവും ലഭിച്ചു. 2017ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 'നവല്‍ എന്ന ജുവലിന്' ലഭിച്ചു. ഹിന്ദി, മലയാളം, തമിഴ്, ഇംഗ്ളീഷ്, ലഡാക്കി, നേപ്പാളി, മറാഠി, തെലുങ്ക്, അറബി ഭാഷകളില്‍ ഇതിനകം സാന്നിധ്യമറിയിച്ച രംഗന് നിരവധി ഡോക്യുമെന്ററികള്‍, ഹൃസ്വ ചിത്രങ്ങള്‍,, ഇന്സ്റ്റലേഷന്, പരസ്യ ചിത്രങ്ങള്‍, എന്നിവയിലും പ്രവര്‍ത്തിച്ചു. 2015ല്‍ കൊച്ചിയില്‍ നടടത്തിയ പോയട്രി ഇന്സ്റ്റലേഷന് ലിംക ബുക്് ഓഫ്് റെകോഡ്സില് ഇടം നേടി. കെ ആര് നാരായണന് നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം നിരവധി സ്ഥാപനങ്ങളില്‍ വിസിറ്റിങ് ഫാക്കല്‍റ്റി കൂടിയാണ്. സിനിമ ദൃശ്യങ്ങളുടേത് മാത്രമല്ല, ശബ്ദത്തിന്റേതുകൂടിയാണെന്ന് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സിനിമാജീവിതത്തെ കുറിച്ച് രംഗനാഥ് രവി സംസാരിക്കുന്നു...
ചട്ടക്കൂടിനു പുറത്ത്
ചട്ടക്കൂടില്‍ നില്ക്കുന്ന ഒരു ജോലി ഞാന്‍ ചെയ്യില്ലെന്നു വളരെ ചെറുപ്പത്തില്‍ തന്നെ തീരുമാനിച്ചിരുന്നു. അപ്പോഴും സിനിമയായിരുന്നില്ല മ്യൂസിക് ആയിരുന്നു എന്റെ ഓപ്ഷന്. എട്ടുവയസ്സുമുതല്‍ അഞ്ചുവര്‍ഷത്തോളം വയലിന് പഠിച്ചിട്ടുണ്ട്. വര്‍ക്കല എസ്എന്‍ കോളേജിലെ പഠനകാലത്ത് ബാന്‍ഡ് സംഘത്തിലുണ്ടായിരുന്നു. ഞങ്ങള്‍ മൂന്നു സുഹൃത്തുക്കള്‍ അതില്‍ പെര്‍ഫോം ചെയ്യുമായിരുന്നു. പക്ഷേ ഞാനത് ഗൌരവമായി എടുക്കുകയും അവര്‍ക്കതില്‍ താല്പര്യം നഷ്ടപ്പെടുകയും ചെയ്തതോടെ പിന്നെ എന്റെ ശ്രദ്ധ ശബ്ദങ്ങളിലേക്കായി. അങ്ങനെയാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൌണ്ട് പഠിക്കാന്‍ തീരുമാനിക്കുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യം ടെസ്റ്റ് എഴുതിയത്. ഇന്റര്‍വ്യൂവിന് ചെല്ലാന്‍ അറിയിപ്പ് വന്നെങ്കിലും അത് അറ്റന്‍ഡ് ചെയ്യാന്‍ പറ്റിലില്ല. പല കാരണങ്ങള്‍കൊണ്ട് അന്ന് കോഴ്സ് ചെയ്യാന്‍ കഴിഞ്ഞില്ല. തരംഗിണി സ്റ്റുഡിയോയില്‍ സൌണ്ട് റെക്കോഡിസ്റ്റായിട്ടാണ് ഈ മേഖലയില്‍ തുടക്കം കുറിക്കുന്നത്. വീട്ടില്‍ സിനിമകളെ കുറിച്ച് ഗൌരവമായ ചര്‍ച്ചകള്‍ നടക്കാറുണ്ടായിരുന്നു. പക്ഷേ പ്രൊഫഷണലി ഞാന്‍ ഈ മേഖലയിലേക്ക് വരുന്നത് വീട്ടുകാര്‍ക്ക് അത്ര താല്പര്യമില്ലായിരുന്നു. ഈ മേഖലയിലേക്ക് വന്ന ശേഷമാണ് ഞാന്‍ അക്കാദമിക്കലായി സിനിമയെ സമീപിച്ചു തുടങ്ങിയത്.
മുംബൈക്കാലം
2006ല്‍ മുംബൈയിലേക്ക് പോയി. സാഹിത്യകാരന് ആനന്ദിന്റെ മകന് സച്ചിദാനന്ദ്, റസൂല്‍ പൂക്കുട്ടി, തുടങ്ങിയവരെയൊക്കെ പരിചയപ്പെട്ടു. അവരുടെയൊക്കെ ഒപ്പം വര്‍ക്ക് ചെയ്യാനുംകഴിഞ്ഞു. അവരുടെ പ്രോത്സാഹനം കൊണ്ടാണ് മൂന്നാമതും ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെസ്റ്റ് എഴുതുന്നത്. പക്ഷേ അന്നും ഇന്റര്‍വ്യൂ മുടങ്ങി. അന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോയില്‍ പോകുമ്പോഴാണ് മൂന്ന്് വര്‍ഷം പഠിച്ച് പുറത്തിറങ്ങുക എന്നതില്‍ നിന്ന് മാറി ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്ത് എക്സ്പീരിയന്‍സ് ഉണ്ടാക്കുക എന്ന തീരുമാനത്തിലേക്ക് ഞാനെത്തിയത്. 2006ല്‍ ദ ഗ്രേറ്റ് ഇന്ത്യന്‍ ബട്ടര്‍ഫ്ളൈ' എന്ന ഇംഗ്ളീഷ് ചിത്രത്തിനാണ് ആദ്യമായി സൌണ്ട് എഡിറ്റിംഗ് നിര്‍വഹിച്ചത്. അതിനു ശേഷം നിരവധി ബോളിവുഡ് സിനിമകളില്‍ സൌണ്ട് എഡിറ്ററായി പ്രവര്‍ത്തിച്ചു. 2010ല്‍ നായകന് എന്ന ലിജോ ജോസ് പെല്ലിശേരിയുടെ സിനിമയിലൂടെ സ്വതന്ത്ര സൌണ്ട് ഡിസൈനറായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്നോടൊപ്പം എന്‍ട്രന്‍സ് എഴുതിയവരില്‍ പലരും പഠിച്ചിറങ്ങുമ്പോഴേക്കും ഞാന്‍ ഇന്‍ഡസ്ട്രിയിലുണ്ട് എന്നതാണ് സന്തോഷകരമായ കാര്യം. എന്നെ ഇന്റര്‍വ്യൂ ചെയ്തവരുടെ കൂടെപ്പോലും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പൂനെ ഫിലിം ഇന്സ്റ്റിുറ്റ്യൂട്ടില് പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവിടെ പോയി അവിടുത്തെ ഒരു ഒരു പ്രൊജക്ടില്‍ 'ഐഡി' സിനിമയുടെ സംവിധായകന് കെ എം കമലിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഭൂത് നാഥ്, അലാദിന്‍, ലക്ക്, അഗ്യാത്, ധൂം -3, ബാങ് ബാങ്...തുടങ്ങിയ ഹിന്ദി സിനിമകളും സമര്, മുപ്പൊഴുതും എന്‍ കര്‍പ്പനൈകള്‍, നീ താനേ എന്‍ പൊന്‍വസന്തം, നഡുനിസൈ നായ്ഗള്‍ ...ഉള്‍പ്പെടെയുള്ള തമിഴ് ചിത്രങ്ങളും മലയാളത്തില്‍ നായകന്, സെക്കന്‍ഡ് ഷോ, ആമേന്‍, എന്നു നിന്റെ മൊയ്തീന്, ഷട്ടര്‍, ഗ്രേറ്റ് ഫാദര്‍, അങ്കമാലി ഡയറീസ്, ഇപ്പോള്‍ തിയേറ്ററിലുള്ള മോഹന്‍ ലാല്‍, സ്വാതന്ത്യ്രം അര്‍ധരാത്രിയില്‍, അങ്കിള്‍ അടക്കം ഹിന്ദി, മലയാളം, തമിഴ്, ഇംഗ്ളീഷ്, ലഡാക്കി, നേപ്പാളി, മറാഠി, തെലുങ്ക്, അറബി ഭാഷകളിലായി 90-ഓളം ചിത്രങ്ങള്‍ക്കുവേണ്ടി ശബ്ദസംവിധാനം നിര്‍വഹിച്ചു. ഡബിള്‍ ബാരല്‍ തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അതിന്റെ ശബ്ദരൂപകല്പന ഇനിയും ചര്ച്ചചെയ്യപ്പെടുമെന്നുതന്നെയാണ് വിശ്വാസം. എല്ലാ ഭാഷയിലും പ്രവര്‍ത്തിക്കുമ്പോഴും ഒരേ രീതിയിലും ഗൌരവത്തിലുമാണ് സിനിമയെ സമീപിക്കുന്നത്.
ഡോക്യുമെന്ററി
ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഗംഗയെക്കുറിച്ച് 'ഉമ; ഡോട്ടര്‍ ഓഫ് ഹിമാലയ, എന്ന ബ്രസീലിയന്‍ പ്രൊഡക്ഷനിലാണ്. മങ്കട രവിവര്‍മയെ കുറിച്ച് മണിലാല്‍ പടവൂര്‍ ചെയ്ത 'ബിറ്റ്വീന് ലൈറ്റ്സ് ആന്‍ഡ് ഷാഡോസ്, എംഎഫ് ഹുസൈന് ഉള്‍പ്പെടെയുള്ള ചിത്രകാരന്മാരെകുറിച്ചുള്ള ലെജന്റ്സ് ഓഫ് ഇന്ത്യന്‍ കണ്ടമ്പററി ആര്‍ട് -ഫ്രഞ്ച് സംവിധായകനായ ലോറന് ബ്രഗേറ്റ് ചെയ്തത്. ഗുല്‍സാറിനെ കുറിച്ച് അദ്ദേഹത്തിന്റെ മകള്‍ മേഘ്ന ഗുല്‍സാര്‍ സംവിാധാനം ചെയ്ത 'എ പോക്കറ്റ് ഫുള്‍ ഓഫ് പോയം'അടക്കം 20-ല്‍ അധികം ഡോക്യുമെന്ററികളുടെ ഭാഗമായി. മാത്രമല്ല, ഇന്ത്യയില്‍ ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്ത 'ലീവിങ് ഹോം' എന്ന ഡോക്യുമെന്ററിയില്‍ വര്‍ക്കു ചെയ്യാനും സാധിച്ചു. ശബ്ദത്തിന്റെ സാധ്യത സിനിമകളില്‍ മാത്രമല്ല ഡോക്യുമെന്ററി...പരസ്യചിത്രങ്ങള്‍.. ഇന്സ്റ്റലേഷന് എന്നിവയിലെല്ലാം ഉണ്ട് എന്നതിനാല്‍ അതിലെല്ലാം എന്റെ അന്വേഷണം നടക്കുന്നുണ്ട്. ശബ്ദത്തിന്റെ ലോകം സിനിമയ്ക്ക് പുറത്തും എത്രവിശാലവും ശക്തവുമാണെന്ന് മറ്റുള്ളവരെ മനസ്സിലാക്കുകയാണ് ലക്ഷ്യം.
ശബ്ദത്തിനോട് മുഖം തിരിക്കുന്ന മലയാളം
മലയാള സിനിമയില്‍ ശബ്ദത്തിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകര്‍ കുറവാണ്. അടൂര്‍ സാറും അരവിന്ദന് സാറുമൊക്കെ ശബ്ദത്തെ അതിന്റെ തീവ്രതയോടെ സിനിമയില്‍ ആവിഷ്കരിച്ചവരാണ്. വാസ്തുഹാര. കൊടിയേറ്റം, എലിപ്പത്തായം, മണിച്ചിത്രത്താഴ്, തേന്മാവിന്കൊമ്പത്ത്, സ്ഫടികം ഇതെല്ലാം മനോഹരമായി ശബ്ദസംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങളാണ്. വാസ്തുഹാര, കൊടിയേറ്റ,ം, പിറവി എലിപ്പത്തായംതുടങ്ങിയ ചിത്രങ്ങളെ ് റഫറന്‍സിനായി സമീപിക്കാവുന്നതാണ്. ഇടക്കാലത്താണ് ശബ്ദത്തിനുള്ള ശ്രദ്ധ നമുക്ക് നഷ്ടപ്പെട്ടത്. ഡോള്‍ബി, ഡിടിഎസ് എന്നിവയൊക്കെ വന്നപ്പോള്‍ ആളുകളില്‍ ലൌഡ്നസ് ആണ് നല്ലത് എന്ന ധാരണയുണ്ടാക്കിയെടുത്തു. അതൊരു തെറ്റായ കീഴ്വഴക്കമാണ്. മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ ബഹുഭൂരിപക്ഷം മുഖ്യധാരാ സിനിമകളും മാക്സിമം മൂന്നുമാസത്തില്‍ തീരുന്ന പ്രൊജക്ടുകളാണ്. അതൊരു വലിയ വ്യത്യാസമാണ്. ധൃതിയില്‍ അതായത് റിലീസിന് തലേദിവസം വരെ വര്‍ക്ക് ചെയ്യുന്ന അവസ്ഥയാണ് അത്. രണ്ടാമതൊന്ന് കാണാനോ മാറ്റങ്ങള്‍ വരുത്താനോ ഉള്ള സാവകാശം ലഭിക്കാറില്ല.
ഇപ്പോള്‍ ലിജോ ജോസ് പല്ലിശ്ശേരി, അമല്‍ നീരദ്, ആഷിഖ് അബു, ...ഉള്‍പ്പെടെയുള്ളവരും സമാന്തര സിനിമയുടെ ചിലസംവിധായകരുമൊക്കെ ശബ്ദത്തിന്റെ പ്രാധാന്യത്തെ വേണ്ടരീതിയില്‍ പരിഗണിക്കുന്നുണ്ട്. മലയാള സിനിമയില്‍ ശബ്ദത്തിന് അനന്ത സാധ്യതയാണുള്ളത്. പലപ്പോഴും പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുമ്പോഴായിരിക്കും ശബ്ദത്തെക്കുറിച്ച് ഏകദേശ ധാരണയിലെത്തുന്നത്. പക്ഷേ അവസാന നിമിഷം ഒന്നിനും വേണ്ടത്ര സമയം കിട്ടിയിട്ടുണ്ടാവില്ല. കിട്ടിയ സമയത്തിനുള്ളില്‍ ചെയ്യാന്‍ കഴിയുന്നതിന് ഒരുപാട് പരിമിതിയുണ്ട്. എഡിറ്റ് ചെയ്തു കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയ്ത് തീര്‍ക്കുക എന്നതാണ് നേരിടുന്ന വെല്ലുവിളി. എന്നാല്‍പ്പോലും ശബ്ദത്തെക്കാള്‍ പണവും സമയവും പശ്ചാത്തലസംഗീതത്തിന് കൊടുക്കുന്നുണ്ട്. ശരിക്കും ആ പഴയ പാറ്റേണില്‍ നിന്നും മാറേണ്ട സമയമായി.
മാത്രമല്ല നമ്മള് ഹോളിവുഡ് സിനിമകളില്‍ നിന്നും കഥ, ഷോര്‍ട്ടുകള്‍ എന്നിവ കോപ്പി ചെയ്യാറുണ്ട്. പക്ഷേ ശബ്ദവും സംഗീതവും ഉപയോഗിക്കുന്നതിന്റെ രീതി പിന്തുടരാറില്ല. . മ്യൂസിക് സിനിമയില്‍ അനിവാര്യമാണ്. പക്ഷേ അത് ഉപയോഗിക്കുന്നതിന്റെ സ്വഭാവം ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ ഇന്ത്യന്‍ സിനിമയില്‍ പലപ്പോഴും ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് ഫോര്‍ ഗ്രൌണ്ട് മ്യൂസിക്കായിട്ടാണ് ഉപയോഗിക്കുന്നത്.
തയ്യാറെടുപ്പ്
ഓരോ സിനിമയും ആവശ്യപ്പെടുന്ന ശബ്ദസംവിധാനം ഒരുക്കാന്‍ എല്ലാതരം പരീക്ഷണങ്ങളും റിസ്കും എടുക്കാറുണ്ട്. സിനിമയ്ക്കുവേണ്ടി പ്രത്യേകമായ ശബ്ദം വേണമെന്നുണ്ടെങ്കില്‍ അത് നോട്ട് ചെയ്ത ശേഷം പ്രത്യേകമായി റെക്കോഡ് ചെയ്യുകയാണ് പതിവ്. ഇത് അത്ര എളുപ്പമുള്ള ജോലിയല്ല. മലയാള സിനിമയില്‍ സൌണ്ട് ഇഫക്ട് ഒരാള്‍ ചെയ്യുന്നു, മറ്റൊരാള്‍ എവിടെയോ നിന്ന് ഡബ്ബ് ചെയ്യുന്നു, മൂന്നാമതൊരാള്‍ സൌണ്ട് മിക്സ് ചെയ്യുന്നു. സിനിമയില്‍ സൌണ്ട് ഡിസൈനര്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിനാണ് ഈ പ്രക്രിയകളുടെയെല്ലാം മേല്‍നോട്ടം. ചുരുങ്ങിയത് രണ്ടു മാസമെങ്കിലും ഒരു സിനിമയ്ക്കുവേണ്ടി ഏറ്റവും മികച്ച ശബ്ദത്തിനുവേണ്ടിയുള്ള പരിശ്രമത്തിലായിരിക്കും.
എന്ന് നിന്റെ മൊയ്തീനുവേണ്ടി പ്രകൃതിയില്‍ നിന്നുള്ള ശബ്ദങ്ങളാണ് കൂടുതലും ഉപയോഗിച്ചത്. ആ ചിത്രത്തിന് വേണ്ടി നെല്ല് കുത്തുന്ന ശബ്ദം വൈക്കത്തുള്ള ഒരു ദ്വീപില്‍ പോയി, പുറത്തുനിന്നുള്ള ശബ്ദശല്യം ഒഴിവാക്കി അവിടെയുള്ള സ്ത്രീകളെ സഹകരിപ്പിച്ചുകൊണ്ട് റെക്കോഡ് ചെയ്യുകയായിരുന്നു. അതൊക്കെ ആ സീനിന്റെ പൂര്‍ണതയ്ക്കുവേണ്ടിയാണ്. തനിക്ക് ചുറ്റും കേള്‍ക്കുന്ന ശബ്ദത്തെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നതിനൊപ്പം പുതുമതോന്നുന്ന ശബ്ദം റെക്കോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യാറുണ്ട്.
ഈമയൌ
ഈമയൌ കഥ നടക്കുന്ന പശ്ചാത്തലം എനിക്ക് സുപരിചിതമായപശ്ചിമ കൊച്ചിയാണ്. ഈ സിനിമയില്‍ പശ്ചാത്തല സംഗീതം ഉപയോഗിച്ചിട്ടില്ല. ഞാന്‍ വര്‍ക്ക് ചെയ്ത ഗൌതം വാസുദവ് മേനോന്റെ നഡുനിസൈനായ്ഗള് എന്ന ചിത്രത്തിലും മ്യൂസിക് ഉണ്ടായിരുന്നില്ല. ഞാന്‍ വര്‍ക്ക് ചെയ്തതില്‍ പ്രിയപ്പെട്ട അഞ്ചുസിനിമകളില്‍ ഒന്നാണ് ഈമയൌ. കാറ്റ്, മഴ, മരണവീട്ടിലെ ബാന്‍ഡ്, പ്രാര്‍ഥന എന്നിവയാണ് ഇതിലെ ഹൈലൈറ്റ്. ലിജോയുടെ കൂടെ വര്‍ക്ക്ചെയ്യുമ്പോള്‍ ഏറ്റവും നല്ല ഔട്ട്പുട്ട് ഉണ്ടാകാറുണ്ട്. അദ്ദേഹം മേക്കിങില്‍ തന്നെ സൌണ്ട് പ്ളാന്‍ ചെയ്യുന്ന ഒരാളായതുകൊണ്ടായിരിക്കാം അത്. ഇന്റര്‍നാഷണല്‍ അപ്പീലുള്ള ഒരു സിനിമകൂടിയാണിത്്. പ്രേക്ഷകര്‍ക്ക് വേണ്ടത് കൊടുക്കാതെ പ്രേക്ഷകരെ അദ്ദേഹത്തിന്റെ വഴിയിലേക്ക് എത്തിക്കുന്ന സംവിധായകനാണ് ലിജോ. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും ഞാനാണ് സൌണ്ട് ഡിസൈന്‍ ചെയ്തത്.
സാധ്യതയുള്ള മേഖല
സൌണ്ട് ഡിസൈന്‍ ഏറെ സാധ്യതയുള്ള ഫീല്‍ഡ് ആണ്. ഒരുപാട് പേര് ഈ മേഖലയിലേക്ക് പുതിയതായി വരുന്നുണ്ട്. നമ്മുടേതായ സ്പേസ് കണ്ടെത്തുക എന്നതാണ് പ്രധാനം.
കുടുംബം
അച്ഛന് എളങ്കുന്നപ്പുഴ വ്യാസാമൃതത്തില് ഒ ബി രവീന്ദ്രന്. അമ്മ രാജകി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..