25 August Sunday

റാണ ​ദഗ്ഗുബട്ടിക്ക് എന്തുപറ്റി?

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

ബാഹുബലിയിലെ സാഹസികനും ക്രൂരനും അതിശക്തനുമായ വില്ലൻ പൽവാൾ ദേവനെ അവതരിപ്പിച്ച റാണ ദഗ്ഗുബട്ടിക്ക് എന്തുപറ്റി. ഒരാഴ്ചയായി തെലുങ്ക് ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്  ഊഹാപോഹം പ്രചരിക്കുകയാണ്. ആധികാരികമായ മറുപടി ആരും നൽകാത്തതിനാൽ സിനിമാ മാധ്യമങ്ങൾ കിട്ടിയ കഥ പൊലിപ്പിച്ച് അവതരിപ്പിച്ചുതുടങ്ങി. ഗുരുതരമല്ലാത്ത ചില ശാരീരിക പ്രതിസന്ധികൾ താരം നേരത്തെ നേരിട്ടിരുന്നു. എന്നാൽ, ഇപ്പോൾ അമേരിക്കയിലുള്ള താരം വൃക്ക മാറ്റിവയ്ക്കാൻ തയ്യാറെടുക്കുന്നുവെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.

ജൂലൈ പത്തിനാണ് ബംഗളൂരുവിൽനിന്ന് താരം അമേരിക്കയിലേക്ക് പുറപ്പെട്ടത്. അമേരിക്കയിലെത്തി അവിടെ സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾവഴി റാണതന്നെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പത്തുദിവസം കഴിഞ്ഞിട്ടും റാണ തിരിച്ചുവന്നതായി റിപ്പോർട്ടില്ല. ശരീരത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്നതുമൂലമുള്ള രോഗാവസ്ഥയുണ്ടെന്ന് നേരത്തെ താരം വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം അതിജീവിക്കുകയുംചെയ്തു. എന്നാൽ, ഒരാഴ്ചയായി അമേരിക്കയിലെ പ്രശസ്തനായ നെഫ്രോളജിസ്റ്റ് റാണയെ പരിശോധിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാർത്ത. വൃക്ക മാറ്റിവയ്‌ക്കേണ്ടിവരുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

റാണ ദഗ്ഗുബട്ടിയുടെ പിതാവും പ്രമുഖ തെലുങ്ക് നിർമാതാവുമായ സുരേഷ് ബാബുവും അമ്മ ലക്ഷ്മിയും അമേരിക്കയിൽ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗത്തെക്കുറിച്ച് സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും താരത്തിന്റെ ആരോഗ്യത്തിനായി പ്രാർഥനയുമായി ആരാധകരും രംഗത്ത് എത്തി.
തന്റെ വലതുകണ്ണിന് കാഴ്ചയില്ലെന്നും ഇടതുകണ്ണ് മാറ്റിവച്ചതാണെന്നും താരം 2016ൽ വെളിപ്പെടുത്തിയിരുന്നു. വലതുകണ്ണിന് കാഴ്ച കിട്ടാൻ നടത്തിയ ശസ്ത്രക്രിയ വിജയമായിരുന്നില്ല.
തെലുങ്ക് ബ്ലോക് ബസ്റ്റർ ലീഡർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച റാണ ദം മാരോ ദം, ഡിപ്പാർട്ട്‌മെന്റ്, ഹൗസ്ഫുൾ തുടങ്ങിയ ചിത്രങ്ങളിലൂടെ
ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ടു.

ബാഹുബലിയിലൂടെയാണ് തെന്നിന്ത്യയിലാകെ പരിചിതനാകുന്നത്. ബാഹുബലിയെ അവതരിപ്പിച്ച പ്രഭാസിന് ലഭിച്ച അതേ സ്വീകാര്യത  റാണയ്ക്കും ലഭിച്ചു. ബാഹുബലിയുടെ വിജയശേഷം റാണ നായകനായി ഇറങ്ങിയ രണ്ടു ചിത്രങ്ങളും കാര്യമായ വിജയം നേടി.


പ്രധാന വാർത്തകൾ
 Top