14 December Saturday

സിനിമ നിർമാതാവും സെഞ്ച്വറി ഫിലിംസ്‌ ഉടമയുമായ രാജു മാത്യു അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

കോട്ടയം >  മലയാളികൾ ഓർമയിൽ സൂക്ഷിക്കുന്ന നിരവധി ഹിറ്റ്‌ സിനിമകളുടെ നിർമാതാവും  സെഞ്ച്വറി ഫിലിംസ്‌ ഉടമയുമായ രാജു മാത്യു (82) അന്തരിച്ചു.  ചൊവ്വാഴ്‌ച പകൽ 11.30 ഓടെ കാരിത്താസ്‌ ആശുപത്രിയിലായിരുന്നു അന്ത്യം.   മോർച്ചറിയിലേക്ക്‌ മാറ്റിയ മൃതദേഹം  വ്യാഴാഴ്‌ച വൈകിട്ട്‌ സംക്രാന്തിയിലുള്ള ഒയാസിസ്‌ വില്ലയിൽ എത്തിക്കും. സംസ്‌കാരം വെള്ളിയാഴ്‌ച പകൽ 12ന്‌ കോട്ടയം പുത്തൻപള്ളി സെമിത്തേരിയിൽ.  പരേതയായ ലില്ലി മാത്യുവാണ്‌ ഭാര്യ. മക്കൾ: അഞ്‌ജന, രഞ്‌ജന.

   ഫിലിം ചേംബർ മുൻ പ്രസിഡന്റാണ്‌.  40 വര്‍ഷത്തിലേറെയായി മലയാള സിനിമയ്ക്കു മികച്ച സിനിമകള്‍ സമ്മാനിക്കുന്ന സിനിമാ വിതരണ കമ്പനിയാണ് സെഞ്ച്വറി ഫിലിംസ്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്‌ത്‌ 1982ൽ റിലീസ്‌ ചെയ്‌ത ‘കേള്‍ക്കാത്ത ശബ്ദം’ നിർമിച്ചാണ്‌  സെഞ്ച്വറിയുടെ തുടക്കം. ഏറ്റവും ഒടുവിലത്തേതായിരുന്നു കഴിഞ്ഞവർഷത്തെ ഫഹദ്‌ഫാസിൽ ഹിറ്റായ അതിരൻ. സെഞ്ച്വറിയുടെ 125-ാമത്‌ ചിത്രവുമാണത്‌.  

 നിർമാണത്തിനു പുറമെ മലയാളം, തമിഴ്‌ ഉൾപ്പെടെയുള്ള മികച്ച ചിത്രങ്ങളുടെ വിതരണവും സെഞ്ച്വറി റിലീസ്‌ എന്ന പേരിൽ ഏറ്റെടുത്തിരുന്നു. ബാഹുബലി, മെഴ്‌സൽ എന്നീ ചിത്രങ്ങളും ഈ പട്ടികയിലുണ്ട്‌.  മനോഹരം, വികൃതി എന്നിവയാണ്‌ അവസാനമായി തീയറ്ററിൽ എത്തിച്ച ചിത്രങ്ങൾ. ഷൂട്ടിങ്‌ പുരോഗമിക്കുന്ന ‘കുഞ്ഞൽദോയുടെ വിതരണവും ഏറ്റെടുത്തിട്ടുണ്ട്‌.  എൽഐസിയിൽ മാനേജരായിരുന്ന രാജു മാത്യു ജോലി രാജിവച്ചാണ്‌ സിനിമാക്കാരനായത്‌.

 കോട്ടയത്ത്‌ പരിചിതമായ  സെൻട്രൽ തീയറ്ററടക്കം ആദ്യകാല സിനിമാസംരംഭങ്ങളുടെ ഉടമയായിരുന്ന  മാളിയേക്കൽ മാത്യുവാണ്‌ പിതാവ്‌. സിനിമയുമായി തറവാടിനുള്ള ബന്ധം രാജുമാത്യുവിനെയും  ആകർഷിച്ചു. മമ്മൂട്ടിക്കും മോഹൻലാലിനും ഹിറ്റുകൾ സമ്മാനിച്ച അതിരാത്രം, ആൾക്കൂട്ടത്തിൽ തനിയെ, കരിമ്പിൻപൂവിനക്കരെ, അടിയൊഴുക്കുകൾ, അടിമകൾ ഉടമകൾ, നാടോടിക്കാറ്റ്‌, തന്മാത്ര തുടങ്ങിയ നിരവധി ഹിറ്റ്‌ ചിത്രങ്ങളും രാജു മാത്യു നിർമിച്ചവയാണ്‌.  
 


പ്രധാന വാർത്തകൾ
 Top