24 August Saturday

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കമലും രജനിയും ഒന്നിക്കണമെന്ന്‌ വിശാൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 28, 2019

ചെന്നൈ > സൂപ്പർതാരങ്ങളായ രജനികാന്തും കമൽഹാസനും ഒരുമിച്ച്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന്‌ നടനും പ്രൊഡ്യൂസേഴ്‌സ്‌ കൗൺസിൽ പ്രസിഡന്റുമായ വിശാൽ. നടിഗർസംഘം താരനിശയ്‌ക്കും മൾട്ടിസ്റ്റാർ ചിത്രത്തിനുമല്ലാതെ തെരഞ്ഞെടുപ്പിലും ഇവർ ഒന്നിക്കുന്നതു കാണാൻ ആഗ്രഹമുണ്ടെന്നായിരുന്നു വിശാലിന്റെ കമന്റ്‌. അങ്ങനെ സംഭവിച്ചാൽ വലിയ ചലനം സൃഷ്‌ടിക്കാൻ കഴിയുമെന്നും വിശാൽ ട്വിറ്ററിൽ കുറിച്ചു.

ഇടക്കിടെ രാഷ്‌ട്രീയ പ്രസ്‌താവനകളിറക്കുന്ന വിശാൽ ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചെങ്കിലും നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ്‌ കമീഷൻ തള്ളി. രാഷ്‌ട്രീയ പ്രവേശം പ്രഖ്യാപിച്ചെങ്കിലും ലോക്‌സഭാതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നാണ്‌ രജനിയുടെ നിലപാട്‌. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും സ്ഥാനാർഥിയെ നിർത്താനാണ്‌ ലക്ഷ്യമിടുന്നത്‌. മക്കൾ നീതി മയ്യം എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന്‌ കമൽഹാസൻ പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്‌. 

കമൽഹാസന്റെ രാഷ്‌ട്രീയ പാർടിയായ മക്കൾ നീതി മയ്യത്തിന്റെ ഒന്നാം വാർഷികത്തിൽ രജനി ആശംസയർപ്പിച്ചതും വാർത്തകളിൽ ഇടം നേടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള സുഹൃത്ത്‌ കമൽഹാസനും അദ്ദേഹത്തിന്റെ പാർടിക്കും വിജയാശംസകൾ നേർന്നായിരുന്നു രജനിയുടെ ട്വീറ്റ്‌. എന്നാൽ തെരഞ്ഞെടുപ്പിൽ  രജനിയുമായി കൈകോർക്കുമോ എന്ന ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ ആദർശങ്ങൾ തന്റേതിൽനിന്ന്‌ വ്യത്യസ്തമാണെന്നായിരുന്നു കമലിന്റെ മറുപടി.


പ്രധാന വാർത്തകൾ
 Top