01 December Thursday

ഇത് വെറും ചൊറിയന്‍ പുഴുവല്ല; ഒന്നാന്തരം വിഷപ്പുഴു

സനക് മോഹന്‍Updated: Friday May 13, 2022

പുഴുവില്‍ മമ്മൂട്ടി

"അവരെയെന്തിനാ മാറ്റുന്നത്.? നമ്മള് മാറിയാല്‍പോരേ..'' പുഴുവിലെ വില്ലനും നായകനും നായികയുമൊക്കെ ഈ ഒരു ചോദ്യത്തിലുണ്ട്. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ പുഴു വേറിട്ടുനില്‍ക്കും. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ ഈ കാലത്ത് പറയേണ്ട ഏറ്റവും ശക്തമായ പ്രമേയമാണ് പുഴുവില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുരോഗമന കേരളം എന്നാണ് നമ്മെ അറിയപ്പെടുന്നത്. എന്നാല്‍ കേരളത്തിന്‍റെ പുറംമോടിയില്‍ നില്‍ക്കുന്ന ഒരു അഭിമാനസ്തംഭം മാത്രമാണ് ചിലര്‍ക്ക് പുരോഗമനം. പലരുടെയും ഉള്ളിന്‍റെയുള്ളില്‍ ഇന്നും ജാതീയതയും പര്സപരമുള്ള വിവേചനവുമൊക്കെ കൊടികുത്തിവാഴുന്നുണ്ട്. ഒരു അവസരം കിട്ടിയാല്‍ വിഷംചീറ്റാന്‍ റെഡിയായിത്തന്നെ അത് ഇന്നും നില്‍ക്കുന്നുണ്ട്. അത്തരം വിഷത്തികട്ടലുകളെ അടുത്തകാലത്തായി സമൂഹം കാണുന്നുമുണ്ട്. ആ വിഷത്തെയാണ് പുഴു തുറന്നുകാണിക്കുന്നത്.

സിനിമയെ സംബന്ധിച്ച് ഇതിനകം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. എന്നാല്‍ പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും പുഴു വാഴ്ത്തപ്പെടുന്നുണ്ട്. തക്ഷകന്‍റെ കഥയുടെ പ്രതിബിംബം തിരക്കഥയിലുടനീളം ഉപയോഗിച്ചിട്ടുണ്ട്. മമ്മൂട്ടിയും പാര്‍വ്വതിയും ഒരുമിക്കുന്ന സിനിമ, മമ്മൂട്ടി കുറെ കാലങ്ങള്‍ക്ക് ശേഷം നെഗറ്റീവ് റോളില്‍ വരുന്ന സിനിമ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകള്‍ സിനിമയ്ക്കുണ്ട്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ പുഴുവിനായി കാത്തിരിക്കുകയും ചെയ്തിരുന്നു.

''തേച്ച് മിനുക്കിയെടുത്ത നടനാണ് ഞാന്‍. ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങും''  എന്നാണ് പുഴുവിന്‍റെ പ്രമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്. അക്ഷരാര്‍ത്ഥത്തില്‍ അത് തെളിയിക്കുന്നതാണ് പുഴുവിലെ അഭിനയവും. കോവിഡ് മഹാമാരിയുടെ ഭീഷണി ഒഴിയുകയും ഇളവുകള്‍ വരികയും ചെയ്ത ശേഷം പുറത്തിറങ്ങുന്ന മൂന്നാമത്തെ മമ്മൂട്ടി സിനിമയാണ് പുഴു. ഭീഷ്മ പര്‍വ്വം, സിബിഐ 5 എന്നിവയാണ് നേരത്തെ റിലീസ് ചെയ്തത്. വെറുതെയൊന്ന് കണ്ണോട്ടിച്ച് നോക്കിയാല്‍, ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളപ്പനും സിബിഐയിലെ സേതുരാമയ്യരും പുഴുവിലെ കുട്ടനും എത്രമാത്രം വ്യത്യസ്തരാണെന്ന് മനസിലാക്കാനാകും. ഒരേ നടന്‍റെ ഒരിക്കലും ആവര്‍ത്തിക്കപ്പെടാത്ത മാനറിസങ്ങള്‍ കാണാനാകും.

പുഴുവിലെ കുട്ടന്‍ എന്ന പോലീസ് ഓഫീസറുടെ കഥാപാത്രം മമ്മൂട്ടി അനശ്വരമാക്കി എന്ന് തന്നെ പറയാം. പൊന്തന്‍മാടയിലും ഭൂതക്കണ്ണാടിയിലുമൊക്കെ കണ്ടിരുന്ന മമ്മൂട്ടിയായിരിക്കാം എന്ന് ആരെങ്കിലും ഊഹിച്ചാല്‍ തെറ്റി. നെഗറ്റീവ് വേര്‍ഷന്‍റെ മറ്റൊരു പതിപ്പാണ് കുട്ടന്‍. പലവിധ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കുട്ടന്‍ കടന്നുപോകുന്നത്. മുന്നറിയിപ്പിലെ രാഘവനിലുണ്ടായിരുന്ന ഒരുതരം നിശബ്ദതയുണ്ട്. എന്നാല്‍ ആ രാഘവനേയല്ല കുട്ടന്‍. ആ നിശബ്ദത മറ്റൊരു തരത്തിലാണ് ഇവിടെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

സംവിധായിക റത്തീന

സംവിധായിക റത്തീന


കുടുംബം, സമൂഹം, വിശ്വാസങ്ങള്‍, ഭാര്യ, മകന്‍, സഹോദരി എന്നിങ്ങനെ എല്ലാവരും കുട്ടനിലൂടെ കടന്നുപോകുന്നത് വെവ്വേറെ രീതിയിലാണ്. അമ്മയോട് സ്വന്തം സഹോദരിയെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കവെ ആ മുറിയിലേക്ക് സഹോദരി കടന്നുവന്നപ്പോള്‍ കുട്ടന്‍റെ ഒരു ഞെട്ടലുണ്ട്. അച്ഛനെ ഇഷ്ടമല്ലെന്ന് മകന്‍ തുറന്നുപറഞ്ഞത് മുതല്‍ കുട്ടനിലുണ്ടാകുന്ന യാന്ത്രികമായ ചില മാറ്റങ്ങളുണ്ട്. തനിക്ക് ചുറ്റും എന്തോ നടക്കുന്നുണ്ടെന്ന് മനസിലാക്കിയുള്ള അയാളുടെ ജീവഭയമുണ്ട്. ഇതിനെല്ലാമുപരി ചെയ്യുന്നത് വലിയൊരു തെറ്റാണെന്ന് അറിഞ്ഞിട്ടും സമൂഹത്തെയും വിശ്വാസത്തെയും മുറുകെപിടിച്ച ഒരു മാനസികരോഗികൂടിയുണ്ട് കുട്ടനില്‍. ഇതെല്ലാം ഓരോ നിമിഷത്തിലും മമ്മൂട്ടിയുടെ മുഖത്തിലും ശരീരത്തിലും മിന്നിമറയുന്നത് നമുക്ക് അനുഭവിക്കാനാകും. തിരക്കഥാകൃത്ത് ഹര്‍ഷാദ് മമ്മൂട്ടിയോട് ഒരു നെഗറ്റീവ് കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ കഥാപാത്രത്തിന് അയാളുടേതായ ഒരു ന്യായീകരണം ഉണ്ടാവില്ലേ എന്നാണ് മമ്മൂട്ടി തിരിച്ച് ചോദിച്ചത്. കുട്ടന് അയാളുടേതായ ന്യായീകരണങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് അയാള്‍ ''അച്ഛന്‍ ഒരു പഴയ മനുഷ്യനല്ലേ'' എന്ന് അയാള്‍ പറയുന്നത്.

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ക്കും പ്രമേയങ്ങള്‍ക്കും എന്തെങ്കിലുമൊക്കെ പറയാനില്ലാതെ പാര്‍വ്വതി അത് ഏറ്റെടുക്കാറില്ല. ഇതുവരെ അവര്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളും അങ്ങനെയുള്ളതായിരുന്നു. വളരെ ശക്തമായ ഒരു പ്രമേയത്തിന്‍റെ ഭാഗമാവുകയായിരുന്നു പാര്‍വ്വതി. ഒരര്‍ത്ഥത്തില്‍ അവര്‍ക്ക് കൂടി പറയാനുള്ളത് ആ കഥപാത്രത്തിലൂടെ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുസമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും ഇടയില്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് പാര്‍വ്വതിയുടെ കഥാപാത്രം കടന്നുപോകുന്നത്. പ്രതിസന്ധികളെ അവര്‍ തരണം ചെയ്യുന്നുണ്ട്. കുട്ടന്‍ എന്ന സഹോദരന്‍റെ സാന്നിധ്യം അവര്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. എല്ലാം ശരിയായി എന്ന് വിശ്വസിക്കുന്നിടത്താണ് വിഷപ്പുഴു കടന്നുവരുന്നത്. ഒരുപാട് ഘടകങ്ങളുള്ള ഒരു സാധാരണ സ്ത്രീയുടെ അസാധാരണ ജീവിതം പാര്‍വ്വതി മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ഹാസ്യകഥാപാത്രമായോ വന്നുപോകുന്ന കഥാപാത്രമായോ മാത്രം കണ്ടിരുന്ന അപ്പുണ്ണി ശശിയുടെ മാസ്മരിക പ്രകടനമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ചില ചോദ്യങ്ങളും ചില ഉത്തരങ്ങളും ഒട്ടേറെ ചിന്തിപ്പിക്കുന്ന പ്രകടനങ്ങളും. അത് കണ്ട് തന്നെ അറിയേണ്ടതാണ്. അതോടൊപ്പം മമ്മൂട്ടിയുടെ മകനായി അഭിനയിച്ച വസുദേവ് സജീഷ് മാരാര്‍, ഇന്ദ്രന്‍സ്, കുഞ്ചന്‍ എന്നിങ്ങനെ എല്ലാവരും അവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിട്ടുണ്ട്. ഓരോ കഥാപാത്രവും അവരുടെ മാനറിസവും നമ്മുടെ മനസ്സില്‍ പ്രത്യേകമായി തന്നെ നിലനില്‍ക്കും എന്നതാണ് പുഴുവിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

ആദ്യചിത്രത്തില്‍ തന്നെ കൃത്യമായ രാഷ്ട്രീയം പറഞ്ഞ സംവിധായിക രത്തീന നിറഞ്ഞ കയ്യടി അര്‍ഹിക്കുന്നു. ഓരോ കഥാപാത്രത്തിനും കൃത്യമായ ഒരു ജീവിതം നല്‍കാനും അതിലൂടെ മനുഷ്യമനസ്സുകളുടെ ജീര്‍ണതകളെ തുറന്നുകാണിക്കാനും തിരക്കഥാകൃത്തുക്കളായ ഹര്‍ഷാദ്, ഷറഫ്, സുഹാസ് എന്നിവര്‍ക്കും  സാധിച്ചിട്ടുണ്ട്.

സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജും ദുല്‍ഖറിന്‍റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസുമാണ് പുഴു നിര്‍മ്മിച്ചിരിക്കുന്നത്. സോണി ലൈവിലൂടെയാണ് പുഴു റിലീസ് ചെയ്തത്.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്.  മനു ജഗദ് ആണ് കലാസംവിധാനം.റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റർ ‌ - ദീപു ജോസഫ്, സംഗീതം - ജേക്സ് ബിജോയ്‌, പ്രൊജക്ട് ഡിസൈനർ- എൻ.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും & എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ- പി.ശിവപ്രസാദ്
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top