03 February Friday

പുനലൂർ രാജന്റെ ചലച്ചിത്ര ചിത്രങ്ങൾ

മാങ്ങാട് രത്നാകരൻ sabdaratnakaram@gmail.comUpdated: Sunday Dec 4, 2022

പുനലൂർ രാജൻ

കേരളത്തിന്റെ 27–ാമത് അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ മലയാളത്തിലെ നാഴികക്കല്ലുകളായ സിനിമകളും പ്രിയപ്പെട്ട അഭിനേതാക്കളും പുനലൂർ രാജന്റെ ക്യാമറക്കണ്ണിലൂടെ കറുപ്പിലും വെളുപ്പിലും അനാവൃതമാകുന്നു. സെർഗി ഐസൻസ്റ്റീൻ പഠിപ്പിച്ച,  ആന്ദ്രേ താർകോവ്സ്‌കി പഠിച്ച മോസ്കോയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാട്ടോഗ്രഫി പഠിച്ച പുനലൂർ രാജൻ മലയാള സിനിമയ്ക്കുവേണ്ടി ക്യാമറ ചലിപ്പിച്ചില്ല. പക്ഷേ, നിശ്ചല ഛായാഗ്രഹണത്തിലൂടെ നാലു പതിറ്റാണ്ടുകളിലെ മിഴിവുള്ള ചലച്ചിത്ര മുഹൂർത്തങ്ങൾ രേഖപ്പെടുത്തി. അനർഘനിമിഷം പുനലൂർ രാജന്റെ ചലച്ചിത്രചിത്രങ്ങൾ എന്നുപേരിട്ട പ്രദർശനത്തെക്കുറിച്ച്.

സാഹിത്യം, രാഷ്‌ട്രീയം, ചലച്ചിത്രം, കായികം, പക്ഷിലോകം, ഭൂപ്രകൃതി‐ വിഖ്യാത ഫോട്ടോഗ്രാഫർ പുനലൂർ രാജന്റെ ഇഷ്ടവിഷയങ്ങൾ. 'മാനുഷികമായതൊന്നും അന്യമല്ലാത്ത' ഇടതുപക്ഷ മനസ്സുള്ള കലാകാരൻ. ഈ ജീവിതബോധം ജന്മനാട്ടിന്റെ വിപ്ലവവീര്യത്തിൽനിന്ന്‌ പകർന്നുകിട്ടിയതാണ്. ശൂരനാട് സമരത്തിന്റെ പാരമ്പര്യത്തിൽ നിന്നുവരുന്ന രാജൻ പോരാടുന്ന ജനതയോടൊപ്പം നിന്നു.  കാമ്പിശ്ശേരി കരുണാകരൻ രാജന്റെ ബന്ധുവായിരുന്നു. തോപ്പിൽ ഭാസി ഗുരുതുല്യനും. കൗമാരംതൊട്ടേ ഫോട്ടോഗ്രഫിയോട്‌ താൽപ്പര്യം ഉണ്ടായിരുന്ന രാജന് കെപിഎസിയുമായ ഹൃദയബന്ധത്തിലൂടെ അതിന്റെ അമരക്കാരെയും നടീനടന്മാരെയും കമ്യൂണിസ്റ്റ് പാർടിയുടെ നേതാക്കളെയും പകർത്താൻ കഴിഞ്ഞു.

പുനലൂരിൽനിന്ന് രാജൻ കോഴിക്കോട്ട്‌ എത്തുന്നത് തൊഴിലിന്റെ ഭാഗമായാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ. വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ്, എം ടി വാസുദേവൻ നായർ തുടങ്ങിയവരെ എന്നപോലെ രാജനെയും 'സത്യത്തിന്റെ നഗരം' കാന്തശക്തിയോടെ വലിച്ചടുപ്പിച്ചു. മഹാസഞ്ചാരി എസ് കെ പൊറ്റെക്കാട്ട് മാത്രമായിരുന്നു കോഴിക്കോട്ടുകാരൻ അഥവാ കുറെക്കൂടി 'സ്ഥലപരിമിത'നാക്കിയാൽ മിഠായിത്തെരുവുകാരൻ.

ബഷീറുമായി ഉറ്റസൗഹൃദമായതോടെ, ബഷീർ തന്നെ രാജന് ബേപ്പൂരിൽ ഒരു വീട്‌ കണ്ടെത്തി, അയൽക്കാരനായി കുടിയിരുത്തി. ബഷീറും കുടുംബവും ചേർന്ന് ജീവിതപങ്കാളിയെയും കണ്ടെത്തി. 'ഒറ്റക്കണ്ണൻ ക്യാമറ'കൊണ്ട്, ഒറ്റക്കണ്ണൻ പോക്കരെ സൃഷ്ടിച്ച എഴുത്തുകാരന്റെ നാനാതരം ജീവിതമുഹൂർത്തങ്ങൾ പകർത്തി. മാങ്കോസ്റ്റൈൻ മരച്ചുവട്ടിലെ ഇരുത്തം, സദസ്സ്, പാട്ടുകേൾക്കൽ, ബീഡിവലി‐ 'അർധനഗ്നനായ സുൽത്താൻ' മിഴിവോടെ തെളിഞ്ഞുവന്നു. ബഷീറിനെ പകർത്തിയിട്ടും പകർത്തിയിട്ടും മതിയായില്ല. ''ബഷീർ ഒരൊന്നാന്തരം നടനാണ്, പിക്കാസോയെക്കുറിച്ച് ഒരു പടമെടുക്കണമെങ്കിൽ ബഷീറിനെ കാസ്റ്റ് ചെയ്താൽ മതി,'' ഒരിക്കൽ എന്നോട്‌ കുസൃതിയായി പറഞ്ഞിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട് പുനലൂർ രാജൻ ബഷീറിനെ പകർത്തുന്നത് സത്യൻ അന്തിക്കാടിന്റെ അപ്പുണ്ണി (1982) ചിത്രീകരണവേളയിലാണ്. വി കെ എന്നിന്റെ ആരാധകനായ സത്യൻ അന്തിക്കാട്, 'പ്രേമവും വിവാഹവും' എന്ന കഥ സിനിമയാക്കാനുള്ള മോഹം പറഞ്ഞപ്പോൾ വി കെ എൻ  സമ്മതം മൂളുക മാത്രമല്ല, തിരക്കഥയിൽ ഒരുകൈ നോക്കാൻ തുനിഞ്ഞിറങ്ങുകയും ചെയ്തു. സ്വിച്ചോൺ കർമത്തിന് ബഷീറിനെ കിട്ടിയാൽ നന്നായിരുന്നുവെന്ന് സത്യൻ അന്തിക്കാട് വി കെ  എന്നിനോട് 'ഉണർത്തിച്ചപ്പോൾ', താൻ കോഴിക്കോട്ട്‌ വരുന്നുണ്ടെന്ന് അറിയിച്ച് വി കെ എൻ  ബഷീറിനെ പാട്ടിലാക്കി. പൊതുവേ വീടുവിട്ടിറങ്ങാത്ത ബഷീർ, പാവത്താൻ, സമ്മതിക്കുകയും ചെയ്തു. ഫറോക്കിനടുത്ത് മണ്ണൂരിലായിരുന്നു ചിത്രീകരണം. ബഷീർ വന്നു, വി കെ എൻ വന്നതുമില്ല. സ്വിച്ച് ഓൺ കർമം 'സ്റ്റൈലായി' നടന്നു. ഏതായാലും വി കെ എൻ  സിനിമയ്ക്ക് പരസ്യവാചകം എഴുതിക്കൊടുത്തതിനെക്കുറിച്ച് സത്യൻ അന്തിക്കാട് ഓർക്കുന്നു. 'രണ്ട്‌ ചെത്തുതൊഴിലാളികളുടെ സംയുക്തസംരംഭം.' ഇതിലെ രണ്ടാമൻ അപ്പുണ്ണിയുടെ നിർമാതാവ് രാമചന്ദ്രനായിരുന്നു. ഈ പരസ്യം ഉപയോഗിച്ചില്ലെന്ന് വിശേഷിച്ചു പറയേണ്ടതില്ലല്ലോ. പുനലൂർ രാജനായിരുന്നു പതിവുള്ളതുപോലെ ബഷീറിനെയുംകൂട്ടി ചിത്രീകരണസ്ഥലത്ത്‌ എത്തിയത്. സത്യൻ അന്തിക്കാടിനും സുകുമാരിക്കും ഒടുവിൽ ഉണ്ണിക്കൃഷ്ണനും നിർമാതാവ് രാമചന്ദ്രനുമൊപ്പം ബഷീറിനെ പകർത്തി. നാലു പതിറ്റാണ്ടിനുശേഷം ആ ദൃശ്യങ്ങൾ കഥ പറയുന്നു.

എം ടി വാസുദേവൻ നായരുമായുള്ള സൗഹൃദമാണ് ഇരുട്ടിന്റെ ആത്മാവിന്റെ (1967) നിശ്ചല ഛായാഗ്രഹണം നിർവഹിക്കാനുള്ള പ്രേരണ. അതുകൊണ്ടുതന്നെ, വേണ്ടത്ര സ്വാതന്ത്ര്യമുണ്ടായിരുന്നു. ഔദ്യോഗികമായി ആരുവേണമെങ്കിലും ചിത്രീകരിച്ചോട്ടെ എന്നായിരുന്നു രാജന്റെ നിലപാട്. ചലച്ചിത്രസംബന്ധിയായ ഏറ്റവും മിഴിവുറ്റ ചിത്രങ്ങൾ രാജൻ പകർത്തിയത് ഈ സിനിമയുടെ ചിത്രീകരണവേളയിലാണ്. പ്രഗത്ഭരായിരുന്നു അരങ്ങിലും അണിയറയിലും. പി ഭാസ്കരൻ സംവിധാനം, എം ടി തിരക്കഥ, അഭിനയം: പ്രേംനസീർ, ശാരദ, ശങ്കരാടി, പി ജെ ആന്റണി, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭാസി.  നസീറിന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തവും ശ്രദ്ധേയവുമായ കഥാപാത്രമായ ഭ്രാന്തൻ വേലായുധനെയും സിനിമയ്ക്ക് അകത്തെയും (അമ്മുക്കുട്ടി) പുറത്തെയും ശാരദയെയും ഒന്നിലേറെത്തവണ രാജൻ പകർത്തി.

ഇരുട്ടിന്റെ ആത്മാവിൽ നസീർ ഭ്രാന്തൻ വേലായുധനായിരുന്നു. കാമുകഹൃദയവുമായി, 'നിത്യഹരിതമായ കോരിത്തരിപ്പോടെ' മലയാള സിനിമ ആഘോഷിച്ചിരുന്ന നസീർ തന്റെ 'റോമിയോ ഇമേജ്' കൈവിടാൻ ആദ്യമൊന്നും ഒരുക്കമായിരുന്നില്ല. നസീർ അഭിനയിച്ചാൽ മാത്രമേ നന്നാവൂ എന്നും ജീവിതത്തിൽ ഒരിക്കൽമാത്രം കൈവരുന്ന അവസരം തട്ടിക്കളയരുതെന്നും സംവിധായകനായ പി ഭാസ്കരൻ നിരന്തരമായി ഓർമിപ്പിച്ചു, എം ടി വാസുദേവൻ നായരുടെ തിരക്കഥയുടെ മൂല്യം ഓർമപ്പെടുത്തി. അവസാനം നസീർ വഴങ്ങി. പിന്നീടു കണ്ടത് സമ്പൂർണമായ ആത്മാർപ്പണമായിരുന്നു. ചങ്ങലയ്ക്കിട്ട വേലായുധനെ ചിത്രീകരിക്കാൻ കലാസംവിധായകനായ എസ് കോന്നനാട്ട്, റബർ കൊണ്ടുള്ള ചങ്ങല ഉണ്ടാക്കിയെങ്കിലും അത് ഉരഞ്ഞ് നസീറിന്റെ കാലുകളിൽ മുറിവുണ്ടായി. അതൊന്നും സാരമാക്കാതെയായിരുന്നു നസീർ ചിത്രീകരണത്തിൽ പങ്കാളിയായത്. നസീറിനെ ഭ്രാന്തന്റെ വേഷത്തിൽ സങ്കൽപ്പിക്കുക ആലോചിക്കാൻ പോലും തയ്യാറാകാത്തവരും ആ വേഷത്തെ പ്രശംസിച്ചു. 'സിനിക്ക്' എന്ന പേര്‌ സ്വീകരിച്ച ചലച്ചിത്രനിരൂപകൻ സിനിസിസത്തിന്റെ ലാഞ്ഛന പോലുമില്ലാതെ നസീറിന്റെ അഭിനയത്തെ വാഴ്ത്തി. നസീർ തന്നെയും പിൽക്കാലത്ത് തിരിഞ്ഞുനോക്കിയപ്പോൾ, തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷം വേലായുധന്റേതാണെന്ന് തുറന്നുപറഞ്ഞിരുന്നു.

ഓളവും തീരവും (1970) മലയാള സിനിമയിലെ നാഴികക്കല്ലായി പ്രതിഷ്ഠിക്കപ്പെട്ട സിനിമയാണ്. വാതിൽപ്പുറക്കാഴ്ചകളിലേക്ക് അപ്പോഴേക്കും മലയാള സിനിമ മുതിർന്നിരുന്നുവെങ്കിലും വാതിൽപ്പുറജീവിതമുഹൂർത്തങ്ങൾ സ്വാഭാവികമായി ആവിഷ്കരിക്കപ്പെട്ടിരുന്നില്ല. ജീവിതത്തെക്കുറിച്ച് യാഥാർഥ്യ നിഷ്ഠമായ കാഴ്ചപ്പാടുണ്ടായിരുന്ന പി എൻ  മേനോന്റെ സംവിധാനപ്രതിഭയും എം ടി വാസുദേവൻ നായരുടെ ജീവിതഗന്ധിയായ തിരക്കഥയും ആ സിനിമയെ ഹൃദ്യമായ അനുഭവമാക്കി. മധുവും ഉഷാനന്ദിനിയുമായിരുന്നു പ്രധാന അഭിനേതാക്കൾ. മധുവിന്റെ ബാപ്പൂട്ടിയും ഉഷാനന്ദിനിയുടെ നബീസയും. നിലമ്പൂരിൽ ചാലിയാറിന്റെ തീരത്തായിരുന്നു ചിത്രീകരണം. ചാലിയാറിന്റെ ഓളവും തീരവും പശ്ചാത്തലമാക്കി ഉഷാനന്ദിനിയുടെ വശ്യമോഹനമായ കുറെയേറെ ഫോട്ടോകൾ പുനലൂർ രാജൻ സാക്ഷാൽക്കരിച്ചു.

ശാരദയുടെ ഫോട്ടോകളും ഇരുട്ടിന്റെ ആത്മാവിന്റെ സെറ്റിൽവച്ചാണ് രാജൻ എടുക്കുന്നത്. സിനിമയിലെ രംഗങ്ങൾ കൂടാതെ പരസ്യപ്രചാരണത്തിനായി ശാരദയെന്ന 'ശാലീനസുന്ദരി'യെ കേരളീയ വേഷത്തിലും അന്തരീക്ഷത്തിലും പകർത്തി. അതേ സിനിമയിൽ അഭിനയിച്ച തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭാസി, ശങ്കരാടി എന്നിവർ ഒരുമിക്കുന്ന രംഗമാണ് മറ്റൊന്ന്. കറുപ്പും വെളുപ്പും ചിത്രങ്ങളിൽ ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ആത്മാവ് സ്പന്ദിക്കുന്ന അനുഭവം.

നാടകങ്ങളിലൂടെ മലയാളക്കര കീഴടക്കിയ കെപിഎസി, കൂടുതൽ ജനകീയമായ അടിത്തറയുണ്ടാക്കാനാണ് കെപിഎസി ഫിലിംസിന് രൂപംനൽകിയത്. തകഴി ശിവശങ്കരപ്പിള്ളയുടെ ഏണിപ്പടികൾ തോപ്പിൽ ഭാസി സംവിധാനം ചെയ്യുന്നത് കെപിഎസി ഫിലിംസിന്റെ ബാനറിലാണ്. ഏണിപ്പടികളുടെ (1973) ചിത്രീകരണവും ചലച്ചിത്രമുഹൂർത്തങ്ങളും രാജൻ പകർത്തി. തകഴി, വയലാർ രാമവർമ, കാമ്പിശ്ശേരി കരുണാകരൻ തുടങ്ങിയവരെല്ലാം അഭ്രപാളികൾക്കും പുറത്ത് ചലച്ചിത്രസംരംഭവുമായി കൈകോർത്തു. അവരെല്ലാം രാജന്‌ പ്രിയപ്പെട്ടവരുമായിരുന്നു. കെപിഎസി ലളിതയെ, നാടകങ്ങളിൽ അഭിനയിക്കുന്ന കാലത്തുതന്നെ, മഹേശ്വരി എന്ന യഥാർഥപേരിൽനിന്ന്‌ വീട്ടിൽ വിളിക്കുന്ന ലളിത എന്നപേരിലേക്ക്‌ മുതിരുന്നതിനു മുമ്പുതന്നെ, രാജൻ പകർത്തിയിരുന്നു. ലളിത എന്ന ഗായികയെയും കമ്യൂണിസ്റ്റ് പാർടി സമ്മേളനത്തിന്റെ ഭാഗമായി പകർത്തിയിട്ടുണ്ട്. കെപിഎസിയുടെ കൊടിയടയാളമായിരുന്നല്ലോ ലളിത.

മലയാളികളുടെ ഗൾഫ് കുടിയേറ്റം ആവിഷ്കൃതമാകുന്ന ആദ്യ സിനിമയിലൊന്നാണ് എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി എം ആസാദ് സംവിധാനംചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങൾ (1980). പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ സ്വർണമെഡലോടെ പഠിച്ചിറങ്ങിയ ആസാദിന്റെ സ്വപ്നംകൂടിയായിരുന്നു ആ ചിത്രം. പത്തേമാരിയിൽ ഗൾഫിലേക്ക്‌ പോകുന്ന രാജഗോപാൽ ധനസമ്പാദനത്തിലൂടെ ഉയരങ്ങൾ വെട്ടിപ്പിടിക്കുന്നതോടൊപ്പം ആത്മാവിൽ ദരിദ്രനാകുന്നതായിരുന്നു സിനിമയുടെ കേന്ദ്രപ്രമേയം. സുകുമാരനായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മമ്മൂട്ടി അതിനുമുമ്പും ചില ചിത്രങ്ങളിൽ മിന്നിമറഞ്ഞിരുന്നുവെങ്കിലും ശക്തമായ ഒരു കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സ് കവരുന്നത് ഈ ചിത്രത്തിലൂടെയാണ്. സിനിമയിലെ ലോഞ്ച് രംഗങ്ങൾ ചിത്രീകരിച്ചത് ബേപ്പൂരിലായിരുന്നു. എം ടി  തിരക്കഥാകൃത്ത്‌ മാത്രമായിരുന്നില്ല, മുഖ്യസഹകാരി കൂടിയായിരുന്നു. പുനലൂർ രാജൻ പകർത്തിയ രംഗങ്ങളിൽ കർമനിരതനായ എം ടിയെ കാണാം.

ഫോട്ടോഗ്രഫിയിലുള്ള താല്പര്യവും സൗഹൃദങ്ങളിൽ മുഴുകിയുള്ള ജീവിതവുമാണ് പുനലൂർ രാജനെ ഈ സിനിമകളിലെയും ചിത്രീകരണങ്ങളിലെയും ദൃശ്യങ്ങൾ പകർത്തുന്നതിലേക്ക് നയിച്ചത്. മിഴിവേറിയ മുഹൂർത്തങ്ങളിലൂടെ അവ ചലച്ചിത്രചരിത്രത്തിലെ അനർഘനിമിഷങ്ങളായിത്തീരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top