12 December Thursday

പൃഥ്വിയെക്കുറിച്ച് സുപ്രിയ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

പൃഥ്വിരാജിന്റെ 37–--ാം ജന്മദിനമായിരുന്നു ബുധനാഴ്‌ച. നൂറുകണക്കിന് ആരാധകരാണ് താരത്തിന് സാമൂഹ്യമാധ്യമങ്ങളിലൂടെ പിറന്നാൾ ആശംസ പങ്കുവച്ചത്. അക്കൂട്ടത്തിൽ ഒരാളുടെ ആശംസ വേറിട്ടുനിന്നു. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനാണ് ഹൃദ്യമായ പിറന്നാൾ കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. നിർമാതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ താരത്തിന് മികച്ച ഇടപെടൽ നടത്താനായ വർഷമാണ് കടന്നുപോയതെന്ന് സുപ്രിയ കുറിച്ചു.

പൃഥ്വിരാജ് പ്രൊഡക്‌ഷൻ എന്ന സ്വന്തം നിർമാണക്കമ്പനിയുടെ ആദ്യചിത്രം ‘9’  ഈവർഷം ഇറങ്ങി. ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫർ വമ്പൻ വിജയം നേടി. ബ്ലസിയുടെ ആടുജീവിതം പോലുള്ള എപ്പിക് സ്വഭാവമുള്ള സിനിമയിൽ അഭിനയിച്ചു. എന്നാൽ, ഇതിനേക്കാളെല്ലാം മികച്ചത്  തനിക്കും മകൾ അലങ്കൃതയ്ക്കുമൊപ്പം കൂടുതൽ സമയം ചെലവഴിച്ചതാണെന്ന് സുപ്രിയ ഓർക്കുന്നു. നടൻ, നിർമാതാവ്, അഭിനേതാവ് എന്ന നിലയിലെല്ലാം വരുംവർഷത്തിൽ മികച്ച അവസരങ്ങൾ കാത്തിരിക്കുന്നുവെന്നും അവർ ഭർത്താവിനുള്ള പിറന്നാൾ ആശംസയിൽ കുറിച്ചു. 

ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാൻ ആണ് പൃഥ്വി അടുത്തതായി സംവിധാനം ചെയ്യുന്നത്. ബ്രദേഴ്‌സ് ഡേ ആണ് ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ്  ഇപ്പോൾ അഭിനയിക്കുന്നത്. സച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോൻ, സുരേഷ് കൃഷ്ണ എന്നിങ്ങനെയാണ് താരനിര. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രവും പൂർത്തിയായി.

ആറുവർഷത്തെ ഇടവേളയ്‌ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വി നായകനായി എത്തുന്നു. കടുവ എന്നുപേരിട്ട ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ജിനു എബ്രഹാം തിരക്കഥ ഒരുക്കുന്ന മാസ് ആക്‌ഷൻ ചിത്രത്തിന്റെ ക്യാമറ രവി കെ ചന്ദ്രനാണ്.


പ്രധാന വാർത്തകൾ
 Top