13 November Wednesday

"എന്തിന് മോഡിയെ ഒറ്റയ്‌ക്ക് വിട്ടു' ; പ്രകാശ്‌‌രാജ്‌ ചോദിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

മാമല്ലപുരം ബീച്ചിലെ മോഡിയുടെ പ്ലാസ്റ്റിക് പെറുക്കൽ സാമൂഹ്യമാധ്യമങ്ങളിൽ വൻ ചർച്ചയ്ക്കാണ്‌ വഴിവച്ചത്. അന്താരാഷ്ട്രപ്രസക്തിയുള്ള ഉച്ചകോടിക്കിടെ ഒറ്റയ്‌ക്ക് ബീച്ചിലെത്തി അരമണിക്കൂറോളം ചവറുപെറുക്കിയ മോഡിയുടെ നടപടി രൂക്ഷമായ വിമർശവും പരിഹാസവുമാണ് ഉയർത്തുന്നത്. പ്രമുഖ നടൻ പ്രകാശ്‌‌രാജ്‌ കുറിക്ക് കൊള്ളുന്ന ചോദ്യമാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററിലൂടെ ഉന്നയിച്ചത്‌.

"എവിടെയാണ് നമ്മുടെ നേതാവിന്റെ സുരക്ഷ... കടൽത്തീരം വൃത്തിയാക്കാൻ അദ്ദേഹത്തെ ഒറ്റയ്ക്ക്, ഒരു ക്യാമറാമാനൊപ്പം പറഞ്ഞയച്ചത് എന്തിനാണ്? വിദേശപ്രതിനിധികളുടെ സംഘം തമ്പടിക്കുന്ന സ്ഥലം വൃത്തിയാക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് എങ്ങനെ ധൈര്യം വന്നു?-' ‐ താരം ട്വിറ്ററിലൂടെ ചോദിച്ചു.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മികച്ച നിലയിൽ മുന്നേറുകയാണെന്ന് വ്യാഖ്യാനിക്കാൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ബോളിവുഡിന്റെ ബോക്സ് ഓഫീസ് വിജയത്തെ കൂട്ടുപിടിച്ച് നടത്തിയ പരാമർശത്തെയും പ്രകാശ് രാജ് കണക്കിന് പരിഹസിച്ചു. ഒക്ടോബർ രണ്ടിനിറങ്ങിയ മൂന്ന് ബോളിവുഡ് ചിത്രം 120 കോടി രൂപ ക്ലബ്ബിൽ ഇടംപിടിച്ചത് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നാണ് വ്യക്തമാക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. അങ്ങനെയെങ്കിൽ നിങ്ങൾ സ്വന്തം നേതാവിനെ നായകനാക്കി സിനിമ പിടിച്ച് വിജയിപ്പിക്കാനാണ് പ്രകാശ് രാജ് വെല്ലുവിളിച്ചത്.  മോഡിയുടെ വ്യക്തിജീവിതത്തെ പാടിപ്പുകഴ്ത്തുന്ന സിനിമകൾ ബോളിവുഡിലും ​ഗുജറാത്തിയിലും ഇറങ്ങുന്ന സാഹചര്യത്തിലാണ് പരാമർശം.

തെന്നിന്ത്യയിലും ബോളിവുഡിലും തിരക്കുള്ള അഭിനേതാവായ പ്രകാശ് രാജ് സംഘപരിവാർ സംഘടനകൾക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. സുഹൃത്തും പ്രമുഖ മാധ്യമപ്രവർത്തകയുമായ ​ഗൗരി ലങ്കേഷിനെ തീവ്രഹിന്ദുത്വനിലപാടുകാരായ ആക്രമികൾ വെടിവച്ച് കൊന്നതിനുപിന്നാലെയാണ് പ്രകാശ് രാജ് സ്വന്തം രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ചത്. "ജസ്റ്റ് ആസ്‌‌കിങ്' എന്ന ഹാഷ്‌‌ടാ​ഗിൽ ട്വിറ്ററിലൂടെ അദ്ദേഹം നിരന്തരം നിലപാട്  വ്യക്തമാക്കുന്നു. ഇതിനെതിരെ ബിജെപി കേന്ദ്രങ്ങളിൽനിന്ന്‌ ശക്തമായ പ്രതിഷേധവും അദ്ദേഹം നേരിടുന്നുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top