18 February Tuesday

പൊറിഞ്ചു മറിയം ജോസ്; ഒറ്റ പേര് ജോഷി

കെ എ നിധിൻ നാഥ്‌Updated: Friday Aug 23, 2019

സിനിമയെക്കുറിച്ച് പറയും മുന്‍പ് ഇതിനെതിരെയുണ്ടായ വിവാദങ്ങള്‍ക്ക് കഴമ്പില്ല എന്നാണ് ചിത്രം കണ്ടപ്പോള്‍ തോന്നിയത്. യഥാര്‍ഥ കഥാപാത്രത്തില്‍ നിന്നുണ്ടായ സിനിമ. അതിനപ്പുറം തിരക്കഥ മോഷണം ഉന്നയിച്ച് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പില്‍ നിന്ന്‌ ഏറെ വ്യത്യസ്തവുമാണ് സിനിമ.

മലയാള സിനിമയിലെ മാസ്റ്റര്‍ ഡയറക്ടറായ ജോഷി നാല് വര്‍ഷത്തിന് ശേഷം ഒരുക്കിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. തൃശൂരിനെ പശ്ചാത്തലമാക്കി ജോജു, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കുന്ന ചിത്രം. എല്ലാ കാലഘട്ടത്തിലും മലയാള സിനിമയെ അടയാളപ്പെടുത്താന്‍ കഴിയുന്ന സിനിമ ജോഷിയില്‍ നിന്നുണ്ടായിരുന്നു. അങ്ങനെയുള്ളവയുടെ നിരയിലേക്ക് ഒന്ന് നല്‍കാന്‍ കഴിയാതെ പോയതിനാലാണ് ജോഷിയെന്ന പേര് സമീപകാലത്ത് മലയാളത്തില്‍ അടയാളപ്പെടുത്താന്‍ കഴിയാതെ വന്നതും. ആ പോരായ്മ മാറ്റി വരയ്ക്കുകയാണ് പൊറി‌ഞ്ചു മറിയം ജോസ്.

മലയാളത്തില്‍ വലിയൊരു കാ​ലഘട്ട മാറ്റമുണ്ടായപ്പോള്‍ അതില്‍ പിന്നിലേക്ക് പോകുകയായിരുന്നു മലയാളത്തിലെ ഒരു തലമുറ സംവിധായകര്‍. കാലത്തിന് അനുസരിച്ചുള്ള മാറ്റത്തോട് പുറം തിരിഞ്ഞ് നിന്നതാണ് ഈ ശ്രേണി സംവിധായകരെ പ്രേക്ഷകര്‍ തഴയാനുള്ള പ്രധാന കാരണം. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ജോഷി ഒരുക്കിയ ചിത്രങ്ങളെല്ലാം ഇതിനാല്‍ തന്നെ എല്ലാ തരത്തിലും ശ്രദ്ധിക്കപ്പെട്ടാതെ പോകുകയായിരുന്നു. ഇതില്‍ നിന്ന് ജോഷിയുടെ ​തിരിച്ച് വരവാണ് സിനിമ. സിനിമയെന്നാല്‍ സംഭാഷണവും കഥാപാത്രങ്ങളും മാത്രമാണെന്ന ധാരണയില്‍ നിന്ന് വിഷ്വല്‍ നരേറ്റീവ് കൂടിയാണ് സിനിമയെന്ന തലത്തിലേക്കുള്ള ചുവട്മാറ്റം കൂടിയാണ് സിനിമ.സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്ന രണ്ട് പേരാണ് ജോജു ജോര്‍ജും ചെമ്പന്‍ വിനോദും ഇവരെ രണ്ട് പേരെയും മുഴു നീള കഥാപാത്രമായി അവതരിപ്പിക്കുന്നു. ഒപ്പം നൈല ഉഷ ശക്തമായ ടൈറ്റില്‍ റോളില്‍ എത്തുന്നു. പലപ്പോഴും മലയാളത്തില്‍ പേരിന് മാത്രം നായികാ കഥാപാത്രമായി എത്തിയിരുന്ന നടിയാണ് നൈല ഉഷ. അതിനില്‍ നിന്നെല്ലാമുള്ള മാറ്റം കൂടിയാണ് ചിത്രം.
കാട്ടളന്‍ പൊറിഞ്ചു(ജോജു), പുത്തന്‍പള്ളി ജോസ്(ചെമ്പന്‍ വിനോദ്), ആലപ്പാട്ട് മറിയം(നൈല ഉഷ) എന്നീ മുന്ന് ടൈറ്റില്‍ കഥാപാചത്രങ്ങളെ പശ്ചാത്തലമാക്കിയാണ് ചിത്രം. അവരുടെ ജീവിതമാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ സിനിമ.
 1985 കാലഘട്ടത്തില്‍ തൃശൂരിലെ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിട്ടുള്ളത്. ഒരു മാസ് സിനിമയെന്ന വിഭാ​ഗത്തില്‍ ഒരുക്കിയിട്ടുള്ള ചിത്രം അതിന് വേണ്ട ചേരുവകളെല്ലാം കൃത്യമായി ചേര്‍ത്തിട്ടുണ്ട്. പലപ്പോഴും ഇത്തരം സിനിമകള്‍ക്ക് സംഭവിക്കുന്ന പോരായ്മകളെ പ്രതിരോധിക്കാന്‍ സിനിമയുടെ വിഷ്വല്‍ നരേറ്റ് കൊണ്ട് നടത്തിയ ശ്രമം കൃത്യമായി വിജയിച്ചിട്ടുണ്ട്. മാസ് എന്നാല്‍ കാത്തടപ്പിക്കുന്ന പശ്ചാത്തല സം​ഗീതവും ​ഗുരുത്വാകര്‍ഷണം വെറും മിഥ്യയാണെന്ന് ധരിക്കുന്ന ആക്ഷന്‍ രം​ഗങ്ങളുമാണെന്ന ധാരണയില്‍ നിന്ന് അപ്പാടെ അകലം പാലിക്കുന്നുണ്ട് ജോഷി.

സിനിമ ആവശ്യപ്പെട്ടുന്ന ചേരുവകളെ കൃത്യമായി ആവശ്യപ്പെടുന്ന ഇടത്ത് സന്നിവേശിപ്പിക്കുന്നിടതാണ് ജോഷി എന്ന സംവിധായകന്‍ വിജയിച്ചത്. കഥാപാത്രങ്ങളുടെ അവതരണത്തില്‍ തുടങ്ങി, കാഴ്ചയിലും സംഭാഷണങ്ങളിലുമെല്ലാം അനിവാര്യമായ മാറ്റത്തിനൊപ്പം സംവിധായകന്‍ സഞ്ചരിക്കുന്നുണ്ട്. പ്രേക്ഷകരെ കൈയടിപ്പിക്കുന്ന വണ്‍ലൈൻ ഡയലോ​ഗുകളും നല്ല ആക്ഷന്‍ രം​ഗങ്ങളുമെല്ലാം ചേര്‍ന്നതാണ് മറിയം പൊറിഞ്ചു ജോസ്.

എടുത്ത് പറയേണ്ട മികവ് സിനിമ നടക്കുന്ന പശ്ചാത്തലത്തിന്റെ ഉപയോ​ഗമാണ്. തൃശൂര്‍ ഭാഷയെ മലയാള സിനിമയില്‍ പലപ്പോഴും ഉപയോ​ഗിച്ചിട്ടുണ്ടെങ്കിലും അതിന്റെ സസൂക്ഷമായാണ് അവതരിപ്പിച്ചിട്ടുള്ളത്. തൃശൂരുനെ അടുത്ത് അറിയുന്നവര്‍ക്ക് കൃത്യമായി മനസിലാവുന്ന തരത്തിലാണ് സിനിമയുടെ അവതരണം. തൃശൂരിലെ ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലം, ഭാഷയിലെ പ്രയോ​ഗങ്ങള്‍ എന്നിവയെല്ലാം കൃത്യമാണ്. അതിനാല്‍ തന്നെ പശ്ചാത്തല ഉപയോ​ഗം സിനിമയെ പ്രേക്ഷകന്റെ കാഴ്ചയോട് ചേര്‍ത്ത് പിടിക്കാന്‍ സഹായിക്കുന്നതാണ്. സിനിമയുടെ കഥാപാത്ര സൃഷ്ടി സ്ഥല പശ്ചാത്തലെ കൂടി കൃത്യമായി സന്നിവേശിപ്പിക്കുന്നതാണ്. സിനിമയിലുടനീളം ഉപയോ​ഗിച്ചിട്ടുള്ള ബാന്റ് സെറ്റ് പ്രേക്ഷകനിലേക്ക് സുഖമമായി കഥാപാശ്ചാത്തം എത്തിക്കാന്‍ സഹായിക്കുന്നുണ്ട്. തിരക്കഥയില്‍ പുലര്‍ത്തിയ സൂക്ഷമഭാവും അത് ചിത്രീകരിക്കുമ്പോള്‍ എടുത്ത സമീപനത്തിനും കൈയടിച്ചേ മതിയാവു.

മൂന്ന് പേരുടെ ജീവിതം പറയുമ്പോള്‍ അതിനകത്ത് സസൂക്ഷമായി കോര്‍ത്തെടുത്ത് പറയുന്ന പൊറിഞ്ചുവിന്റെ ആത്മബന്ധത്തിന്റെയും സ്നേഹത്തിന്റെയും കഥ കൂടിയാണ്. പൊറിഞ്ചും മറിയവും തമ്മിലുള്ള പ്രണയം, ജോസുമായുള്ള സൗഹൃദം, ഐപ്പ് എന്ന മുതലാളി(വിജയരാഘവന്‍) തമ്മിലുള്ള ആത്മ ബന്ധം ഇങ്ങനെ ജോജു ജോര്‍ജ് കഥാപാത്രത്തിന്റെ വിവിധ തലങ്ങള്‍ കൂടിയാണ് സിനിമ.
1965ലെ ടൈറ്റില്‍ കഥാപാത്രങ്ങളുടെ സ്കൂള്‍ കാലഘട്ടത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. 20 മിനിറ്റോളം സമയമെടുത്താണ് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത്. കൃത്യമായി സിനിമയുടെ പശ്ചാത്തലം മനസിലാക്കാന്‍ കഴിയുന്ന തലത്തില്‍ തന്നെയാണ് ഇന്‍ട്രോ.പ്രകടനം കൊണ്ട് ജോജുവും ചെമ്പനും തമ്മില്‍ മത്സരിക്കുമ്പോഴും പ്രേക്ഷകനെ ആത്ഭുതപ്പെടുത്തുന്നത് നൈല ഉഷയുടെ മറിയം ആണ്. രണ്ട് മികച്ച നടന്മാര്‍ക്കൊപ്പം ഇതുവരെയുള്ള സിനിമ അനുഭവങ്ങളില്‍ നിന്ന് നൈല ഉഷയുടെ പ്രകടനം എത്ര പിറക്കോട്ട് പോകുമെന്ന് സംശയിച്ചിരുന്നു. എന്നാല്‍ അവയെ തള്ളി കളയുന്നതാണ് 140 മിനിറ്റുകള്‍. രണ്ട് ആണ്‍ കഥാപത്രങ്ങള്‍ക്കൊപ്പമല്ലാതെ തന്റേതായ ഒരു ഇടം തിരക്കഥയിലുണ്ട്. അതിനെ കൃത്യമായി പ്രകടനത്തില്‍ പ്രതിഫലിപ്പിക്കാനും നൈലയിലെ നടിക്ക്‌ കഴി‍ഞ്ഞു. ചെമ്പനും ജോജുവും ഒപ്പമെത്തുന്ന രം​ഗങ്ങളിലെ സ്ക്രീന്‍ പ്രസന്‍സ് എടുത്ത് പറയേണ്ടതാണ്. കാട്ടാള്ളന്‍ പൊറിഞ്ചുവും ഡിസ് കോ ഡാന്‍സര്‍ ജോസുമൊക്കെ അവര്‍ക്കപ്പുറം വേറൊരു പേര് പ്രേക്ഷകന് ആലോചിക്കാന്‍ കഴിയാത്ത വിധം ഭദ്രമാക്കിയിട്ടുണ്ട്. 

 ഒന്നാം പകുതിയില്‍ സിനിമയ്ക്കുള്ള മുറുക്കം രണ്ടാം പകുതിയില്‍ ചിലയിടത്ത്‌ നഷ്ടമാവുന്നുണ്ട്. അത് ഒരു മാസ് സിനിമയുടെ കാഴ്ചയെ തെല്ല് പുറക്കോട്ട് അടിപ്പിക്കുന്നതാണ്. സാങ്കേതികമായ മേഖലകളിലൊക്കെ സിനിമ ആവശ്യമായ തരത്തില്‍ ഉയരുന്നുണ്ട് സിനിമ. എന്നാല്‍ എഡിറ്റ് ടേബിളില്‍ കുറച്ച് കൂടി ശ്രദ്ധ സിനിമ ആവശ്യപ്പെടുന്നുണ്ട്.  കഥാപാത്രങ്ങളെയും അവരുടെ മാനറിസത്തിലും ഊന്നി മുന്നോട്ട് പോകുന്ന സിനിമ പക്ഷെ പ്രേക്ഷകന്റെ ഊഹത്തിനപ്പുറത്തേക്ക് സ‍ഞ്ചരിക്കാന്‍ കഴിയുന്നില്ലെന്നത് പോരായ്മയാണ്.

മാസ് സിനിമയെന്ന തലത്തില്‍ പ്രേക്ഷകനെ പിടിച്ച് ഇരുത്താന്‍ കഴിയുന്ന ജോഷിയെന്ന ക്രാഫ്റ്റ്സ് മാന്‍ നിറഞ്ഞ് നില്‍കുന്ന സിനിമയായി തന്നെയാണ് പൊറിഞ്ചു മറിയം ജോസ് അടയാളപ്പെടുകത്തുക. സിനിമയെന്നത് സംവിധായകന്റെതാണ് എന്ന തത്വത്തിനെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ജോഷി. അയാളിലെ ഫിലീം മേക്കറുടെ മടങ്ങിവരവ് തന്നെയാണ് ചിത്രം. അത്കൊണ്ട് തന്നെ സിനിമയെക്കുറിച്ച് പറയുമ്പോള്‍ അത്യന്തികമായി പറയാനുള്ളത് ഒറ്റ പേരാണ്, ജോഷി.


പ്രധാന വാർത്തകൾ
 Top