18 September Wednesday

കലയുടെ, സൗഹൃദത്തിന്റെ പടര്‍ന്ന് പന്തലിച്ച പൂമരം

രജിത് മണ്ണൂര്‍Updated: Friday Mar 16, 2018

 ലോത്സവ പശ്ചാത്തലത്തില്‍ ഒരുക്കിയ മനോഹരമായൊരു കലാവിഷ്‌കാരമാണ് എബ്രിഡ് ഷൈന്റെ പൂമരം. കാത്തിരുന്നു വന്ന വസന്തം എന്നുതന്നെ ചിത്രത്തെ വിശേഷിപ്പിക്കാം. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കൗമാരകലയുടെ 'പൂര'മായ മഹാത്മ യൂണിവേഴ്‌സിറ്റി കലോത്സവമാണ് വേദി. അവിടെ കലയും സൗഹൃദവും പ്രണയവും സംഘര്‍ഷവുമെല്ലാം നിറയുന്നു.  മഹാരാജാസ് കോളേജ് ചെയര്‍മാന്‍ ഗൗതമന്‍ സി എ എന്ന കാളിദാസ് കഥാപാത്രവും സെന്റ് ട്രീസ കോളേജ് ചെയര്‍പേഴ്‌സണ്‍ ഐറിനുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. പക്ഷേ രണ്ടുപേരെയും നായകനായികയായി സംവിധായകന്‍ പ്രതിഷ്ഠിക്കുന്നില്ല എന്നത് കൊണ്ടുതന്നെ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുടെ അഭിനയ ചാരുത നമ്മള്‍ മനോഹരമായി ആസ്വദിക്കുന്നു. ചിത്രത്തില്‍ എറണാകുളം സെന്റ് തെരേസ കോളേജാണ് സെന്റെ് ട്രീസയായിട്ട് പരിണമിക്കുന്നത്. അഞ്ചുവര്‍ഷം തുടര്‍ച്ചയായി കൗമാരകലാ കിരീടം ചൂടിയ സെന്റ് ട്രീസ കോളേജിന്റെ ചാമ്പ്യന്മാരാവാനുള്ള ആവേഷമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഐറിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിതാ പിള്ളയുടെ അഭിനയം വളരെ മികച്ചു നിന്നു. കലോത്സവത്തിനായി കിരീടം കൊണ്ടുപോകുമ്പോള്‍ പ്രിന്‍സിപ്പളിന്റെ മുറിയിലെ ശൂന്യമായ ഷെല്‍ഫ്, പ്രാര്‍ഥന, ഉറങ്ങാതെയുള്ള പരിശ്രമം, ആത്മവിശ്വാസമെല്ലാം കിരീടത്തോടുള്ള സെന്റ് ട്രീസയുടെ അടങ്ങാത്ത ആഗ്രഹം കാണിക്കുന്നു. അമല്‍ നീരദും അഭിലാഷും ആഷിക് അബുവും മഹാരാജാസിലേക്ക് കൊണ്ടുവന്ന കലാകിരീടത്തെ കുറിച്ച് പറയുന്നുണ്ട്.


ഗൗതമെന്ന സൗമ്യനായ കോളേജ് ചെയര്‍മാനായി കാളിദാസ് പെട്ടെന്ന് മാറി. മനോഹരമായ കവിത പോലെയാണ് മഹാരാജാസ് ക്യാമ്പസിനെ ചിത്രീകരിക്കുന്നത്. മൊട്ടിടുന്ന പ്രണയവും രാത്രി പകലാക്കുന്ന സൗഹൃദവും സംവിധായകന്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. റിഹേഴ്‌സല്‍ രംഗങ്ങള്‍ വളരെ മനോഹരമായിട്ടാണ് ഒരുക്കിയിട്ടുള്ളത്. പ്രത്യേകിച്ച് മൂകാഭിന രംഗങ്ങള്‍ എടുത്തു പറയേണ്ടതാണ്. ടൊവിനോയുടെ മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷമാണ് മഹാരാജാസ് വീണ്ടും സിനിമയുടെ ഒരു ഭാഗമാകുന്നത്.

സെന്റ് ട്രീസയിലൂടെ വെളുപ്പിന്റെ രാഷ്ട്രീയമാണ് സംവിധായകന്‍ പറയുന്നത്. അവിടെ കറുപ്പിന് സ്ഥാനമില്ല. പക്ഷേ മഹാരാജാസ് കറുപ്പിന്റെയും കവിതയുടെയും രാഷ്ട്രീയമാണ് പറയുന്നത്. അവിടെ അധ്യാപകനായ പണ്ഡിറ്റ് കറുപ്പന്‍ വരെ കയറിവരുന്നു.
 സംവിധായകന്‍ എബ്രിഡ് ഷൈനിനോടൊപ്പം കാളിദാസ് ജയറാം

സംവിധായകന്‍ എബ്രിഡ് ഷൈനിനോടൊപ്പം കാളിദാസ് ജയറാം


ആക്ഷന്‍ഹീറോ ബിജുവിലെ പോലെ തന്നെ വളരെ റിയലിസ്റ്റിക്കായിട്ടാണ് സംവിധായകന്‍ കഥ പറയുന്നത്. സംഭാഷണങ്ങള്‍ കുറവായ ചിത്രം ദൃശ്യങ്ങള്‍ക്കും പാട്ടിനുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ  കവിതകള്‍ അലിഞ്ഞില്ലാതാകുന്നൊരു മാസ്മരികത പ്രേക്ഷകന് നല്‍കുന്നുണ്ട്. ചിത്രം ഗ്രീന്റൂം കാഴ്ചകള്‍ വരെ സമ്മാനിക്കുന്നുണ്ടെങ്കിലും കലോത്സവവേദിയെ കൂടുതല്‍ സജീവമാക്കുന്ന ഭക്ഷണപുരകള്‍ കാണിക്കുന്നില്ല.

വിധികര്‍ത്താക്കള്‍ക്ക് പണം കൊടുത്ത് ഒന്നാംസ്ഥാനം വാങ്ങുന്നതും, തന്റെ മേഖലയല്ലാത്ത  മത്സരങ്ങളില്‍ വിധികര്‍ത്താവാകുന്നവരെയും ചിത്രത്തില്‍ കാണാം. പോയിന്റ് നിലകള്‍ മാറുമ്പോള്‍ വിരിയുന്ന സന്തോഷം വിജയത്തിന്റെ ആര്‍പ്പുവിളിയായും സങ്കടം പരാജയത്തിന്റെ കണ്ണുനീരായും പ്രേക്ഷകന് കാണാം. ആരോഗ്യകരമായ മത്സരങ്ങള്‍ യുദ്ധത്തിന്റെ വീറും വാശിയുമായി മാറുന്ന കാലത്ത് മഹത്തായ മാനവികതയുടെ ചിന്ത സിനിമ ഉയര്‍ത്തുന്നു.

ഉള്‍കാഴ്ചയില്ലാത്തവരെയല്ല സമൂഹത്തിന് ആവശ്യം, നമ്മള്‍ എല്ലാം ഒന്നാണെന്ന ബോധം വേണം. അവിടെ ജയ പരാജയങ്ങളില്ല. കലയും സൗഹൃദവും സ്‌നേഹവും മാത്രമെയുള്ളൂ. ജ്ഞാനം സുബ്രഹ്മണ്യന്റെ ക്യാമറ ഒരു കവിതപോലെ മനോഹരമായി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ആര്‍ട്ട് ഇന്‍സ്റ്റാളേഷന്‍ ചെയ്തിരിക്കുന്ന അനില്‍ സേവിയറിനും കൈയടി നല്‍കണം. മനോഹരമായ കലോത്സവ നൊസ്റ്റാള്‍ജിയയിലേക്ക് ചിത്രം നിങ്ങളെ കൊണ്ടുപോകാം. കലയെ സ്‌നേഹിക്കുന്നവര്‍ക്ക് ധൈര്യമായി പൂമരത്തിന് ടിക്കറ്റ് എടുക്കാം.

                             
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top