14 July Tuesday

സത്യജിത്‌ റേയുടെ "പഥേർ പാഞ്ചാലി' കളർ 4k ദൃശ്യങ്ങൾ കാണാം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

കൊച്ചി > എക്കാലത്തെയും ക്ലാസിക്ക് ഹിറ്റുകളില്‍ ഒന്നായ സത്യജിത്‌ റേയുടെ പഥേര്‍ പാഞ്ചാലിയിലെ ദൃശ്യങ്ങൾ 4k ദൃശ്യമികവോടെ പുറത്തിറങ്ങി. ബംഗ്ലാദേശി വീഡിയോ എഡിറ്റർ റകീബ്‌ റാണയാണ്‌ കളർ ചെയ്‌ത ദൃശ്യങ്ങൾ പുറത്തിറക്കിയത്‌. പുതിയ സിനിമകൾ കാണുന്ന അതേ ദൃശ്യ, ശ്രവ്യ അനുഭവത്തോടെ പഴയ സിനിമകൾ റീമാസ്‌റ്ററിങ്‌ ചെയ്‌ത്‌ അവതരിപ്പിക്കുന്ന രീതി കുറച്ചു കാലമായി പല എഡിറ്റർമാരും ചെയ്യുന്നുണ്ട്‌. കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യൻ യൂട്യൂബർ ഡെന്നീസ്‌ ഷിർയോവ്‌ 1896 പുറത്തിറങ്ങിയ ലൂമിയർ സഹോദരങ്ങളുടെ "ദ ബൈസിക്കിൾ തീവ്‌സ്‌' കളർ വേർഷൻ പുറത്തിറക്കിയിരുന്നു.

ദൃശ്യങ്ങൾ ഈ ലിങ്കിൽ കാണാം:

ദുര്‍ഗ എന്ന 14 വയസ്സുകാരിയുടെയും സഹോദരന്‍ അപുവിന്റെയും ജീവിതമാണ് പഥേര്‍ പാഞ്ചാലിയിലൂടെ സത്യജിത് റേ അവതരിപ്പിച്ചത്. ദാരിദ്ര്യത്തിനിടയിലും ജീവിതത്തെ ആസ്വദിക്കുന്ന അവരുടെ കഥ ലോകസിനിമയിലെത്തന്നെ മികച്ച ക്ലാസിക്കാണ്.

ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയ പഥേർ പാഞ്ചാലി എന്ന നോവലിനെ ആസ്‌പദമാക്കി നിർമ്മിച്ചിരിക്കുന്ന ചലച്ചിത്രം സത്യജിത് റേയുടെ ആദ്യ സം‌വിധാനസം‌രഭമാണ്‌. അപു ത്രയത്തിലെ ആദ്യ ചലച്ചിത്രമായ ഇത് പ്രധാന കഥാപാത്രമായ അപുവിന്റെ ബാല്യകാലത്തിലൂടെ1920 കളിലെ ബംഗാളിന്റെ ഗ്രാമ്യജീവിതത്തെ വരച്ചു കാട്ടുന്നു.

സത്യജിത് റേയെ സ്വാധീനിച്ച ഇറ്റാലിയൻ നവറിയലിസം കാരണം റേ തന്നെ തന്റേതായ ഒരു റിയലിസ്റ്റിക് രീതിയാണ് ഈ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. സ്വാതന്ത്രാനന്തര ഇന്ത്യയിൽ നിന്നും ആഗോള നിരൂപക പ്രശംസ പിടിച്ചു പറ്റിയ ആദ്യ ചലച്ചിത്രമായ പഥേർ പാഞ്ചാലി 1956-ലെ കാൻ ഫിലിം ഫെസ്റ്റിവെലിലെ ബെസ്റ്റ് ഹ്യൂമൺ ഡോക്യുമെന്റ് പുരസ്‌കാരം നേടുകയുണ്ടായി. എക്കാലത്തെയും ഏറ്റവും മികച്ച ചലച്ചിത്രങ്ങളിലൊന്നായി പഥേർ പാഞ്ചാലിയെ ഇന്നു പലരും കണക്കാക്കുന്നുണ്ട്.


പ്രധാന വാർത്തകൾ
 Top