30 October Friday

പാര്‍വതി 'അമ്മ'യില്‍ നിന്ന് രാജിവെച്ചു; 'ഇടവേള ബാബുവിന്റെ പരാമര്‍ശം വെറുപ്പുളവാക്കുന്നത്'

വെബ് ഡെസ്‌ക്‌Updated: Monday Oct 12, 2020

കൊച്ചി > താരസംഘടനയായ 'അമ്മ'യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവെച്ചു. ഇടവേള ബാബു ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെക്കണമെന്നും പാർവതി ഫേസ്‌ബുക് പോസ്‌റ്റിൽ ആവശ്യപ്പെട്ടു.

ആക്രമണിക്കപ്പെട്ട നടിക്കെതിരെ ഇടവേള ബാബു നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ്‌ രാജി. മുന്‍പ് തന്റെ സുഹൃത്തുക്കള്‍ അമ്മയിൽനിന്ന്‌ രാജിവെച്ചപ്പോള്‍, തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ് സംഘടനയിൽ തുടര്‍ന്നത്. എന്നാല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനുശേഷം ഇതില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ ഉപേക്ഷിക്കുന്നുവെന്ന് പാര്‍വതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അമ്മ നിർമ്മിച്ച ആദ്യചിത്രമായ ട്വൻറി 20യുടെ രണ്ടാം ഭാഗമാണ്‌ സിനിമയെങ്കിൽ പ്രസ്‌തുത നടിയെ അഭിനയിപ്പിക്കുമോയെന്ന ഒരു ചാനൽ ഇൻറർവ്യൂവിലെ ചോദ്യത്തിനാണ്‌ നടിയെ മരിച്ച ആളുമായി ഇടവേള ബാബു താരതമ്യപ്പെടുത്തിയത്‌.ട്വെൻറി 20യിൽ ആ നടി ചെയ്‌ത കഥാപാത്രം മരിക്കുകയാണ്‌. മരിച്ചവരെ തിരിച്ചുകൊണ്ടുവരാൻ കഴിയില്ലല്ലോ.എന്നാണ്‌ ഇടവേള ബാബു പറയുന്നത്‌.

പാര്‍വതിയുടെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ് ചുവടെ

2018 ല്‍ എന്റെ സുഹൃത്തുക്കള്‍ A.M.M.A-യില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത്  തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു.

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല.  
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ  അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം  ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ  അനുകൂലിച്ച്  മറ്റു പല സംഘടനാ അംഗങ്ങളും  വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ  മോശമായ  രീതിയിലാണ് ഇതും സംഭവിക്കുക എന്ന്  എനിക്ക് ഉറപ്പുണ്ട്.

ഞാന്‍ A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര  അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top