25 July Sunday

മനുഷ്യരുടെ ചോരയൂറ്റുന്നവര്‍- പാരസൈറ്റ് സംസാരിക്കുന്ന രാഷ്‌‌ട്രീയം

സൂര്യ സാവിത്രി ഗിരിജന്‍Updated: Monday Feb 10, 2020

92-ാമത് ഓസ്‌‌കര്‍ പുരസ്‌കാര ചടങ്ങില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് കൊറിയന്‍ ചിത്രമായ 'പാരസൈറ്റ്'. മികച്ച ചിത്രം, സംവിധായകന്‍ എന്നിവയുള്‍പ്പടെ നാലു പുരസ്‌കാരങ്ങളാണ് 'പാരസൈറ്റ്' സ്വന്തമാക്കിയത്. ഒരു ഇംഗ്ലീഷിതര ചിത്രം മികച്ച ചിത്രമാകുന്നത് ഓസ്‌കര്‍ ചരിത്രത്തില്‍ ആദ്യമാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാരസൈറ്റ് വ്യക്തമായ രാഷ്ട്രീയമാണ് പറയുന്നത്.

ഇത്തിള്‍ ചെടികള്‍ പോലെ ചില മനുഷ്യരുണ്ട്.. ഒറ്റക്ക് മണ്ണില്‍ നിന്ന് പടര്‍ന്നു കയറാനാകാതെ  വരുമ്പോള്‍, മറ്റ് മനുഷ്യരുടെ വെള്ളവും വളവും ഊറ്റി കുടിക്കുന്നവര്‍... ഉയരങ്ങള്‍ അതിവേഗം കീഴടക്കാന്‍ ശ്രമിക്കുന്നവര്‍. പേര് പോലെ തന്നെ പാരസൈറ്റ് എന്ന കൊറിയന്‍ ചിത്രം പറയുന്നത്  പരാശ്രയജീവികളുടെ  കഥയാണ്. അര്‍ഹിക്കാത്തത്തിനും മുകളില്‍ ആഗ്രഹങ്ങളും സ്വപ്നങ്ങളും നെയ്യുന്നവരുടെ കഥ. മദര്‍,  മെമ്മറിസ് ഓഫ് മര്‍ഡര്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത കൊറിയന്‍ ബ്ലാക്ക് കോമഡി ത്രില്ലറാണ് പാരാസൈറ്റ്. 

അപരിചിതമായ ചിലയിടവഴികളില്‍ നടന്നെത്തുമ്പോള്‍ നാം പോലുമറിയാതെ കാല്‍വെണ്ണയില്‍ കടിച്ചു കയറിയ  ചോരവര്‍ണ്ണ നിറമുള്ള നീരട്ടയെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ??? സൂചിമുനയുടെ വേദന പോലുമേല്പിക്കാതെ നമ്മുടെ രക്തം കുടിക്കുന്ന ചെറു അട്ടകള്‍. പറിച്ചെറിയുംവരെ അവ നമ്മളില്‍ ആഴ്ന്നിറങ്ങികൊണ്ടേയിരിക്കും. ഒരു തരം ആലസ്യത്തോടെ.

'ദാരിദ്ര്യത്തിന് ഒരു വാടയാണ്..! സമ്പത്തിന് സുഗന്ധവും..!'
'ആളൊക്കെ നല്ലവനാണ്.. പക്ഷെ ചേരിയില്‍ നിന്ന്  വരുന്നവനാണ്/വളാണ്..!'

ബോധമാണ്..!
നമ്മുടെ ബോധ്യങ്ങളെ മുഴുക്കെ ധൂമപടലം പോലെ പൊതിഞ്ഞു നില്‍ക്കുന്ന ഒരു നേര്‍ത്ത/ എന്നാല്‍ അതി തീവ്രമായ ബോധം.! നല്ലത്/ചീത്ത എന്നത് നിര്‍വചിക്കപ്പെടുന്നത് എങ്ങനെയാണ്? എവിടെയാണ്..?

ഉള്ളവന്‍ എന്നും നല്ലവന്‍ എന്ന വലിയ കള്ളിയിലേക്ക് എളുപ്പത്തില്‍ ചേര്‍ക്കപ്പെടുകയും ഇല്ലാത്തവന്‍ എപ്പോഴും കെട്ടവന്‍ എന്ന ചെറിയ കള്ളിയിലേക്ക് എടുത്തറിയപ്പെടുകയും ചെയ്യുന്നത് എങ്ങനെയാകും.? 

മുകള്‍ഭാഗം ഫ്രെയിമില്‍ ഒരിക്കല്‍ പോലും കാണിക്കാത്ത ഏതോ ഫ്‌ളാറ്റിന്റെ ബേസ്‌മെന്റില്‍ തമാസിക്കുന്നവരാണ് കിം കി-ടേക് ന്റെ കുടുംബം..  അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കൂറ ജീവിതം..! ആ കൂറ ജീവിതത്തിന്റെ ഇല്ലായ്മകളില്‍ സാധ്യമാവും വിധം ആനന്ദം കണ്ടെത്തുന്ന, ആ ജീവിതത്തെ ആഘോഷമാക്കുന്ന അവര്‍ പിന്നീട് ആ കൂറ എന്ന പദം കൊണ്ട് പോലും മുറിവേല്‍ക്കപ്പെടുന്നുണ്ട്.!

ഫ്രീ വൈഫൈ നഷ്ടപ്പെടുന്നവന്റെ പ്രാണവേദന ഗംഭീരമായി പകര്‍ത്തിക്കൊണ്ടാണ് സിനിമ തുടങ്ങുന്നത്.. സ്ഥിരം പാസ്വേഡായ 123456789 ഒന്നുകൂടെ അടിച്ചു കൊടുക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്  കി-വൂ വിനോട് അവന്റെ സഹോദരിയായ കി-ജൂങ്.. നമ്മളില്‍ പലരുടെയും സിമ്പിള്‍ പാസ്വേഡ്കളില്‍ ഒന്ന്..!

ഈ സിംപ്ലിസിറ്റിക്കപ്പുറം ആലോചിക്കാന്‍ പോലും ജീവിത സാഹചര്യം അവരെ അനുവദിക്കുന്നില്ല എന്നതില്‍ നിന്ന് തുടങ്ങി ആ സിംപ്ലിസിറ്റിയിലേക്കുള്ള മടക്കത്തെ പറ്റിയുള്ള വെറുംവാക്ക് പോലും അവര്‍ക്ക് അസഹനീയമാവുന്നതാണ് സാരാംശം. അതിനവര്‍ നടത്തുന്ന പദ്ധതികളും ആ പദ്ധതി നടത്തിപ്പിന്റെ കാഴ്ചകളുമാണ് പാരസൈറ്റ് എന്ന ചിത്രം.

നഗരത്തിലെ ചേരിയിലെ ഭൂഗര്‍ഭ അറപോലെയൊരു ചെറിയ വീട്ടിലാണ് കിം ഉം ഭാര്യയും രണ്ട് മക്കളും താമസിക്കുന്നത്. കുടുംബത്തിലാര്‍ക്കും കാര്യമായ ജോലിയില്ലാതെ വിഷമിക്കുന്ന അവസ്ഥയില്‍,  മകനായ കിം-വു വിന് അവന്റെ സുഹൃത്തിന്റെ ധനികയായ കാമുകിയുടെ ട്യൂഷന്‍ അധ്യാപകനായി  ജോലിക്ക് അവസരം ലഭിക്കുന്നു. കോളേജ് വിദ്യാഭാസം പോലുമില്ലാത്ത കിം-വു വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചു ജോലി നേടി എടുക്കുന്നു. എന്നാല്‍ എത്തിപ്പെട്ട വീട്ടിലെ അനുകൂല സാഹചര്യവും വിശ്വാസവും മുതലെടുത്ത് അവന്‍ കുടുംബത്തിലെ ഓരോരുത്തരെയായി ആ വീട്ടില്‍ ജോലിക്കായി പ്രവേശിപ്പിക്കുകയും തന്ത്രപൂര്‍വ്വം മുമ്പ് അവിടെ ജോലി ചെയ്തിരുന്നവരെ പുറത്താക്കുകയും ചെയ്യുന്നു. കുടുംബത്തിന്റെ നിലമെച്ചപെടുന്നതിനൊപ്പം പഠിപ്പിക്കുന്ന കുട്ടിയുമായി കിം-വു പ്രണയത്തിലാവുകയും ചെയ്യുന്നു. അപ്രതീക്ഷിതമായി വളരെ വേഗം ലഭിച്ച സുഖസൗകര്യങ്ങള്‍ക്കിടയില്‍ അറിയാതെ ആണെകിലും ആ വലിയ വീടും സ്വത്തുക്കളും  തങ്ങളുടെ  ആയിരുന്നെവെങ്കിലെന്നു അവരോരോരുത്തരും ചിന്തിച്ചു തുടങ്ങുന്നു.

പ്രണയവും കോമഡിയും ചെറിയസസ്പെന്‍സുമായി പ്രേക്ഷകനെ രസിപ്പിച്ചു മുന്നോട്ട് പോകുന്ന ചിത്രം അപ്രതീക്ഷിതമായ ട്വിസ്റ്റിലേക്ക് പോകുന്നതോടു കൂടി കഥയുടെ ശൈലിയും മാറുകയാണ്.

കാഴ്ചക്കാരന്റെ പ്രവചനങ്ങളെ അടിമുടി തകിടം മറിക്കുന്ന കഥാഗതിയും സസ്‌പെന്‍സും ഇമോഷന്‍സും കൂടികലര്‍ന്ന അവതരണവും താരങ്ങളുടെ മികച്ച അഭിനയവും, സംവിധാനവും പാരാസൈറ്റ് എന്ന ചിത്രത്തെ മികച്ചതാക്കുന്നു. ഒരു സിനിമക്കപ്പുറം പാവപ്പെട്ടവന്റെയും പണക്കാരന്റെയും കാഴ്ചപാടുകളും പ്രശ്‌നങ്ങളും ജീവിതരീതിയും ചില ചിന്തകളും,  ഏച്ചു കെട്ടലുകള്‍ ഇല്ലാതെ ലളിതമായി ചിത്രം ചര്‍ച്ചചെയ്യുന്നു.

'പണക്കാരി ആയത് കൊണ്ടാണ് നല്ലവള്‍ ആയത്., എനിക്കും പണം ഉണ്ടായിരുന്നു എങ്കില്‍ ഞാനും ഇതിനേക്കാള്‍ നല്ലവള്‍ ആയേനെ' എന്ന് തന്റെ ഭര്‍ത്താവിനോട് നല്ലത് എന്നതിനെ ഡിഫൈന്‍ ചെയ്യുന്ന ചോങ്-സൂക്ക് എന്ന ഇല്ലായ്മക്കാരിയായ ഭാര്യയുടെ ഒരു സംഭാഷണ സീനുണ്ട് സിനിമയില്‍. ഒരു പക്ഷെ ആ സിനിമയുടെ ആത്മാവ് മുഴുക്കെ ആവാഹിച്ച സീന്‍/ഡയലോഗ്..!

തന്റെയും തന്റെ കുടുംബത്തിന്റെയും ആജീവനാന്ത ഗന്ധമായി കൂടെയുള്ള ആ ചേരി ഗാന്ധത്താല്‍ മുറിപ്പെടുന്നുണ്ട് പലപ്പോഴും കിം ജി-ടോക് എന്ന മനുഷ്യന്‍.

ആ മുറിവിന്റെ നീറ്റല്‍ അസഹ്യമാവുമ്പോള്‍ ചെയ്തു പോകുന്ന പ്രതിഷേധപ്രകടനം ഓരോ സാധാരണക്കാരന്റെയും ഉള്ളിലുള്ള ഈ ലോകക്രമത്തോടുള്ള/ജീവിച്ചു പോകുന്ന മുതലാളിത്ത വ്യവസ്ഥയോടുള്ള അടങ്ങാത്ത കലിയാണ്.!

NB: എല്ലാം കഴിഞ്ഞു സിനിമ അവസാനിപ്പിച്ചു ഒറ്റക്കിരിക്കുമ്പോള്‍, പരിചിതമായ അല്‍പ്പം അലോസരപെടുത്തുന്ന ഒരു  മണം നിങ്ങളെചുറ്റി വല്ലാതെ കറങ്ങുന്നതായി തോന്നിയേക്കാം.... അതെ ഈ ചിത്രം അത്രപെട്ടന്ന് നിങ്ങളെ വിട്ട് പോകില്ല. സിനിമയുടെ പ്രമേയം മികച്ചതാണെങ്കില്‍ അവിടെ ദേശം ഭാഷ സംസ്‌കാരം തുടങ്ങി ഒന്നിനും സ്ഥാനമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുക കൂടിയാണ് ഈ ഏഷ്യന്‍ ചലച്ചിത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top