19 August Monday

ഇനി പത്മഭൂഷൺ മോഹൻലാൽ; ലാലിനൊപ്പം പ്രഭുദേവ,ശങ്കർ മഹാദേവൻ, ഡ്രമ്മർ ശിവമണി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 12, 2019

മലയാളികളുടെ പ്രിയനടൻ മോഹൻലാൽ പത്മഭൂഷൺ പുരസ‌്കാരം ഏറ്റുവാങ്ങി. തിങ്കളാഴ‌്ച നടന്ന ചടങ്ങിൽ രാഷ‌്ട്രപതി രാംനാഥ‌് കോവിന്ദിൽ നിന്നാണ‌് മോഹൻലാൽ പുരസ‌്കാരം സ്വീകരിച്ചത‌്. പട്ടികയിൽ അഞ്ചാമനായാണ‌് അദ്ദേഹം പുരസ‌്കാരം സ്വീകരിക്കാനെത്തിയത‌്. പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കുൽദീപ് നയ്യാർക്ക് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മഭൂഷൺ അദ്ദേഹത്തിന്റെ ഭാര്യ ഭാരതി നയ്യാർ ഏറ്റുവാങ്ങി.
ജനുവരി 25നാണ‌് ഈ വർഷത്തെ പത്മ പുരസ‌്കാരങ്ങൾ പ്രഖ്യാപിച്ചത‌്.

ലാലിനൊപ്പം ഗായകൻ കെ ജി ജയൻ, ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദ, ഡോ. മാമ്മൻ ചാണ്ടി(മൂവർക്കും പത്മശ്രീ) എന്നിവരും പുരസ‌്കാരം ഏറ്റുവാങ്ങി. ഈ വർഷം നാല‌് പേർക്ക‌് പത്മവിഭൂഷൺ പുരസ‌്കാരങ്ങളും 14 പേർക്ക‌് പത്മഭൂഷണും 94 പേർക്ക‌് പത്മശ്രീയും ലഭിച്ചു. ഇതിൽ 54 പേർക്കാണ‌് തിങ്കളാഴ‌്ച പുരസ‌്കാരം നൽകിയത‌്. ഐഎസ‌്ആർഒ മുൻ ശാസ‌്ത്രജ്ഞൻ നമ്പി നാരായണൻ, ആർക്കിയോളജിസ‌്റ്റ‌് കെ കെ മുഹമ്മദ‌് എന്നിവരടക്കമുള്ളവരുടെ പത്മപുരസ‌്കാരങ്ങൾ 16ന‌് വിതരണം ചെയ്യും. 

നടൻ പ്രഭുദേവ, ഗായകൻ ശങ്കർ മഹാദേവൻ, ഡ്രമ്മർ ശിവമണി എന്നിവരും പുരസ‌്കാരം ഏറ്റുവാങ്ങി. മോഹൻലാൽ പുരസ‌്കാരം സ്വീകരിക്കുന്നതിന‌് സാക്ഷിയായി ഭാര്യ സുചിത്രയും ഒപ്പമുണ്ടായിരുന്നു.  വ്യക്തിയെന്ന നിലയിലും നടനെന്ന നിലയിലും വലിയ നേട്ടമാണ‌് പുരസ‌്കാരമെന്ന‌് മോഹൻലാൽ പ്രതികരിച്ചു. അഭിനയ ജീവിതത്തിലെ 41–-ാം വർഷമാണിതെന്നും തന്റെ പുരസ‌്കാര നേട്ടത്തിന്റെ മുഴുവൻ ക്രെഡിറ്റും സഹപ്രവർത്തകർക്കും കുടുംബത്തിനും തന്നെ പിന്തുണച്ചവർക്കും സമർപ്പിക്കുന്നതായി മോഹൻലാൽ വാർത്താ ഏജൻസിയോട‌് പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top