22 September Tuesday

"പാവം ആന്റോ ജോസഫിന് ഇളവ്‌, ബാക്കിയുള്ളവർക്ക് പണികിട്ടും ജാഗ്രതൈ!'; പരിഹസിച്ച്‌ ആഷിഖ്‌ അബു

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

കൊച്ചി > തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബു. ഒടിടി പ്ലാറ്റ്ഫോമിലൂടെ ‘കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസ്’ എന്ന ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകുകയും മറ്റ് സിനിമകൾക്ക് അനുമതിയില്ലെന്ന്  മുന്നറിയിപ്പ് നൽകുകയും ഫിയോക്കിന്റെ നിലപാട് ആണ് ഇതിനു കാരണം. ലോകം മുഴുവൻ മഹാ വ്യാധിക്കെതിരെ പൊരുതുമ്പോൾ സംസ്ഥാനത്തെ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ എന്ന പേരിലാണ് ആഷിഖ് സമൂഹമാധ്യമങ്ങളിലൂടെ പരോക്ഷമായ വിമർശനം ഉന്നയിച്ചത്.

പൈറസി ഭീഷണി നേരിടുന്നതിനാലാണ് ‘കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസി’ന് ഒടിടി റിലീസ് അനുമതി നൽകുന്നതെന്ന് ഫിയോക്ക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. മറ്റ് സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ചാൽ ഭാവിയിൽ സഹകരിക്കില്ലെന്നും ഫിയോക്കിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

'ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തിയറ്റർ കാണില്ല. ജാഗ്രതൈ !': ആഷിഖ് അബു കുറിച്ചു.

ഈ കൊറോണ കാലത്ത് ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി എന്നായിരുന്നു ഈ വിഷയത്തിൽ നിർമാതാവ് ആഷിഖ് ഉസ്മാന്റെ പ്രതികരണം. ഫിയോക്ക് പുറത്തിറക്കിയ വാർത്താക്കുറിപ്പിന്റെ പകർപ്പ് പങ്കുവച്ചായിരുന്നു ആഷിഖിന്റെ വാക്കുകൾ.

ആന്റോ ജോസഫ് നിർമിക്കുന്ന ‘കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസ്’ എന്ന ചിത്രത്തിൽ ടൊവീനോ തോമസ് ആണ് നായകൻ. നേരത്തെ സിനിമയുടെ ചില ഭാഗങ്ങൾ ഓണ്‍ലൈന്‍ സൈറ്റിലൂടെ ലീക്കായി പുറത്തുവന്നിരുന്നു. ചിത്രം പൈറസി ഭീഷണി നേരിട്ട സാഹചര്യത്തിലാണ് തിയറ്റർ സംഘടന ഡിജിറ്റൽ റിലീസിന് സമ്മതം മൂളിയത്. ഇനിയും ചിത്രത്തിന്റെ റിലീസ് വൈകിയാൽ നിർമാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുമെന്ന് ഫിയോക്ക് വിലയിരുത്തി. അതേ സമയം മറ്റ് ചിത്രങ്ങൾ ഒടിടി. പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്‌താൽ, അതിന്റെ നിർമാതാക്കളുമായി ഭാവിയിൽ സഹകരിക്കേണ്ടതില്ല എന്നാണ് തിയറ്റർ ഉടമകളുടെ തീരുമാനം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top