23 January Wednesday

വീണ്ടും ഉടായിപ്പുമായി "സുഡു'

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

പന്ത‌് തട്ടി മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ നൈജീരിയക്കാരൻ സാമുവൽ അബിയോള റോബിൻസൺ വീണ്ടും മലയാള സിനിമയിൽ നായകനാകുന്നു. സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സാമുവൽ നായകനാകുന്ന ഒരു കരീബിയൻ ഉടായിപ്പ്  വെള്ളിയാഴ‌്ച തീയറ്ററുകളിൽ എത്തും.

ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന ആദ്യ നൈജീരിയന്‍ താരമെന്ന പ്രൗഢിയുമായാണ് സാമുവല്‍  റോബിന്‍സണ്‍, സുഡാനി ഫ്രം നൈജീരിയയിൽ എത്തിയത‌്. മലയാളികളുടെ സുഡു അതോടെ സൂപ്പർ ഹിറ്റായി. വാള്‍ട്ട് ഡിസ്‌നിയുടെ ഡെസ്പറേറ്റ് ഹൗസ‌് വൈഫ‌്സ‌്  ആഫ്രിക്ക, ടിന്‍സല്‍, എംടിവിയുടെ ഷുക എന്നീ ചിത്രങ്ങളിലൂടെ ആഫ്രിക്കന്‍ സിനിമകളിലെ പരിചിത മുഖമാണ‌് സാമുവല്‍. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ മലപ്പുറത്ത‌് കളിക്കാനെത്തിയ ഫുട‌്ബോൾ കളിക്കാരനായാണ‌് സാമുവൽ എത്തിയത‌്. സൗബിൻ ഷാഹിറിന്റെ മികച്ച പ്രകടനവും ചിത്രത്തെ ശ്രദ്ധേയമാക്കി. പോയ വർഷത്തെ ഹിറ്റ‌്ചാർട്ടുകളിലും സിനിമ ഇടം നേടി. ഗോവ, തിരുവനന്തപുരം രാജ്യാന്തര മേളകളിലും വലിയ അംഗീകാരങ്ങൾ തേടിയെത്തി.

സാമൂഹ്യ മാധ്യമങ്ങളിലും വലിയ ആരാധകരുള്ള സാമുവലിന്റെ എഫ‌്ബി ഫോളോവേഴ‌്സിൽ ബഹുഭൂരിപക്ഷവും മലയാളികളാണ‌്. പ്രളയക്കാലത്ത‌് കേരളത്തിന‌് സഹായമെത്തിക്കാൻ സാമുവൽ സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി ഇടപെട്ടു. ആദ്യ സിനിമ റിലീസായതിന‌് പിന്നാലെ, പ്രതിഫലം സംബന്ധിച്ച വിവാദത്തിലും സാമുവൽ പെട്ടു. സിനിമ ഹിറ്റായാൽ പ്രതിഫലം കൂട്ടിത്തരാമെന്ന‌് പറഞ്ഞിട്ടും നിർമാതാക്കൾ തന്നില്ല എന്നായിരുന്നു സാമുവലിന്റെ പരാതി. അധിക പ്രതിഫലവും കിട്ടിയതോടെ പ്രേക്ഷകരോടും മലയാളികളോടും ഫേസ‌്ബുക്കിൽ തന്നെ സാമുവൽ നന്ദിയും അറിയിച്ചു.

എ ജോജിയാണ‌് ഒരു കരീബിയൻ ഉടായിപ്പിന്റെ സംവിധാനം. രതീഷ് വട്ടക്കണ്ടിയാണ‌് നിർമാണം.  വിഷ്ണു വിനയൻ, മറീന മൈക്കിൾ ,വിഷ്ണു  ഗോവിന്ദ്, കോട്ടയം പ്രദീപ്, കൊച്ചു പ്രേമൻ എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം: - വേണുഗോപാൽ, സംഗീതം: - ഫോർ മ്യൂസിക്കും ചാരു  ഹരിഹരനും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top