25 April Thursday

നിവിൻ പോളി ആരാധകർ ക്ഷമിയ്ക്കുക; ഇതൊരു ശാന്തികൃഷ്ണ-ലാൽ ചിത്രമാണ്

അനശ്വര കൊരട്ടിസ്വരൂപംUpdated: Friday Sep 1, 2017

ഒരു തൂവൽ സ്പർശം പോലെ നമ്മെ തഴുകി കടന്നു പോകുന്ന ഒരു കൊച്ചു ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ

ഒരിടവേള -അനശ്വര കൊരട്ടിസ്വരൂപം എഴുതുന്നു

' അതേയ് നാളെ ഞാൻ ആരോഗ്യത്തോടെ പുറത്തിറങ്ങി നടക്കുമ്പോൾ, എന്താണ് ഊർജ്ജത്തിന് പുറകിൽ, എന്ന് ആള്ക്കാര് ചോദിക്കുമ്പോ എനിക്ക് സത്യം പറയണം, എന്റെ കുടുംബത്തിന്റെ പിന്തുണ ആണ് ഇതിനു പുറകിലെന്നു. അതിനു നിങ്ങളൊക്കെ ഈ മോന്ത വീർപ്പിച്ചിരിക്കുന്നതൊന്നു നിർത്താമോ' ചിത്രത്തിലെ എന്റെ ഏറ്റവും ഇഷ്ടപെട്ട സംഭാഷണം അത് കുറിച്ച് കൊണ്ട് തന്നെ തുടങ്ങട്ടെ

 ശാന്തമായി ഒഴുകുന്ന ഒരു വീട്ടിനുള്ളിലേക്ക് വില്ലനെപ്പോലെ കടന്നു വരുന്ന അതിഥികൾ ആ കുടുംബത്തിന്റെ താളം തെറ്റിക്കും എന്നത് ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ നമ്മൾ എല്ലാവരും അനുഭവിച്ചറിഞ്ഞ ഒന്നാണ്. പക്ഷെ ഈ വില്ലനെ തുരത്താൻ ധൈര്യമുള്ള ഒരു മനസും കുടുംബത്തിന്റെ മുഴുവൻ പിന്തുണയും ചിരികളൂം സന്തോഷവും ആണ് വേണ്ടത്.  അത് തന്നെയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ പുതുമുഖ സംവിധായകൻ അൽതാഫ് സലിം മുന്നോട്ടുവയ്ക്കുന്ന സന്ദേശവും.

19  വർഷത്തെ ഇടവേളയ്ക്കു ശേഷം ക്യാമറയ്ക്കു മുന്നിലേക്ക് എത്തുന്ന ശാന്തികൃഷ്ണ എന്ന അഭിനേത്രി തന്നെ ആണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഒരുകാലത്തു മലയാള സിനിമയുടെ അഭിമാനമായിരുന്ന നടികൾ തിരിച്ചു വരുന്നത് ആഘോഷിക്കുന്ന ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകുന്നു  എന്നത് എടുത്തുപറയേണ്ട കാര്യം തന്നെ ആണ്. ധൈര്യമുള്ള, ഉറച്ച ശബ്ദത്തിൽ സംസാരിക്കുന്ന, കരയാൻ മടിയുള്ള, മക്കളെയും ഭർത്താവിനെയും ശാസിക്കുന ദുരന്തങ്ങളെ സമചിത്തതയോടെ നേരിടുന്ന, ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ, അത്രേമേൽ വിരളമാകുന്ന ചലച്ചിത്രഭാഷ്യങ്ങളിൽ ശാന്തികൃഷ്ണയുടെ ഷീല ചാക്കോ എന്ന കോളേജ് അദ്ധ്യാപിക വേറിട്ട ഒരു കഥാപാത്രം ആകുന്നതങ്ങനെയാണ്. ഒരു ബുദ്ധിമുട്ടുള്ള മാനസികാവസ്ഥയിൽ കൂടെ കടന്നു പോകുമ്പോഴും  മകൾക്ക് ഒരിഷ്ടമുണ്ട് എന്ന് തിരിച്ചറിയാനും, അത് നടത്തികൊടുക്കാം എന്ന് തീരുമാനം എടുക്കാനും ശ്രദ്ധിക്കുന്ന , ധൈര്യമില്ലാത്ത മകനെയും ഭർത്താവിനെയും പുറത്തു നിർത്തി ഒറ്റയ്ക്ക് തന്റെ കാര്യങ്ങൾ നടത്താൻ പ്രാപ്‌തയായ , കോളേജിൽ പോകാതെ വീട്ടിൽ ഇരിക്കുന്നത് എന്തൊരു മടുപ്പാണ് എന്ന് പറയുന്ന സ്ത്രീയാവുന്ന ഷീല ചാക്കോ തന്നെ ആണ് ഈ സിനിമയുടെ ഹീറോ.

സിനിമയിലെ പുരുഷൻ എന്ന നിലയിൽ അസാമാന്യ ധൈര്യമുള്ള എന്തിലും മുന്നിട്ടു നിന്ന് കുടുംബം എന്നതിനെ പടുത്തുയർത്തുന്ന ഒന്നിലും കുലുങ്ങാത്ത ഒരു ടിപ്പിക്കൽ അച്ഛൻ കഥാപാത്രമല്ല ലാൽ അവതരിപ്പിക്കുന്ന ചാക്കോ. കള്ളന്മാരെ പേടിക്കുന്ന, കുടുംബത്തിലെ ദുരന്തത്തെ നേരിടാൻ സാധിക്കാത്ത, ഈ പേടി പാരമ്പര്യമാണ് എന്ന് പറയുന്ന ഒരു സാധാരണ മനുഷ്യൻ ആണ് ചാക്കോ. ഭാര്യയുടെയോ പെണ്മക്കളുടെയോ അത്ര ധൈര്യം തനിക്കില്ലെന്നും, ഇനി എന്താ ഞാൻ ചെയ്യുക എന്ന് പരിചയ വലയത്തിൽ ഉപദേശം തേടുകയും ചെയ്യുന്ന ഒരു  ബിസിനസ്കാരൻ ചാക്കോ, ലാൽ എന്ന നടന്റെ കൈകളിൽ സുഭദ്രമാണ്.

നായകൻ എന്ന സ്വാഭാവിക തലക്കെട്ടിൽ വരുന്ന നിവിൻ പോളിയുടെ കഥാപാത്രവും   നായിക (ഐശ്വര്യ ലക്ഷ്മി )യുടെ കഥാപാത്രവും, യാഥാസ്ഥിതിക  നായിക- നായക സങ്കൽപ്പങ്ങളിൽ ഒതുങ്ങി നിൽക്കുന്നില്ല എന്നതും എടുത്തുപറയേണ്ട ഒന്നാണ്. പ്രേമം സിനിമയിൽ പരീക്ഷിച്ച അതെ ട്രയോ കോമ്പിനേഷൻ ആണ്,

സംവിധായകന്‍ അൽതാഫ് സലിം

സംവിധായകന്‍ അൽതാഫ് സലിം

അതേ ചിത്രത്തിലൂടെ തന്നെ  മലയാളികൾക്ക് സുപരിചിതനായ അൽതാഫ് സലിം ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്. സൈജുകുറുപ്പ് അവതരിപ്പിക്കുന്ന ഡോക്ടറുടെ കഥാപാത്രവും, ദിലീഷ് പോത്തന്റെ കഥാപാത്രവും ചിത്രത്തിന്റെ സ്വാഭാവികമായ കോമഡി ട്രാക്കിനു മിഴിവ് കൂട്ടുന്നു. ചിത്രത്തിലെ കോമഡികളെ കുറിച്ച് എടുത്തുപറയേണ്ടതു ണ്ട്. ചെറുപ്പക്കാർ നിർമിക്കുന്ന സിനിമകളിൽ ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീലവും ആണ് എന്നൊരു സാമാന്യബോധം നിലനിൽക്കുമ്പോൾ ആണ് ജീവിതത്തിൽ  നടക്കുന്ന കൊച്ചു കൊച്ചു തമാശകൾ കൊണ്ടും തീയറ്ററിനുള്ളിൽ പൊട്ടിച്ചിരികൾ ഉണ്ടാക്കാം എന്ന് ഈ കൊച്ചു ചിത്രം തെളിയിക്കുന്നത്.

മുകേഷ് മുരളീധരന്റെ ക്യാമറയും  ജസ്റ്റിൻ വർഗീസിന്റെ സംഗീതവും  സന്തോഷ് വർമയുടെ വരികളും ( പ്രത്യേകിച്ച് നനവേറെ ചെന്നിട്ടും എന്ന് തുടങ്ങുന്ന ഗാനം) ചിത്രത്തിന്റെ താളത്തിനൊത്തു സഞ്ചരിക്കുന്നവയാണ്.  ചുരുക്കി പറഞ്ഞാൽ, ഒരു തൂവൽ സ്പർശം പോലെ നമ്മെ തഴുകി കടന്നു പോകുന്ന ഒരു കൊച്ചു ചിത്രമാണ്  ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. നിവിൻ പോളി  മാസ്സ് പടം ആഗ്രഹിക്കുന്ന ആരാധകർ ഒന്ന് മാറി നിൽക്കണം ഇതൊരു ശാന്തികൃഷ്ണ- ലാൽ ചിത്രമാണ്.

 

പ്രധാന വാർത്തകൾ
 Top