26 March Tuesday

നിവിനും നയനും ഓണത്തിന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 6, 2019


മിഖായേലിന്റെ സൂപ്പർഹിറ്റ‌് വിജയത്തിനുശേഷം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന നിവിൻ പോളിചിത്രം ലവ‌് ആക‌്ഷൻ ഡ്രാമ ഓണത്തിനെത്തും. നയൻതാരയുമൊത്ത‌് ആദ്യമായി നിവിൻ ഒരുമിക്കുന്ന ചിത്രം സംവിധാനംചെയ്യുന്നത‌് ധ്യാൻ ശ്രീനിവാസനാണ‌്. സിനിമാപ്രവേശത്തിലേക്ക‌് തന്നെ നയിച്ച ഗുരു വിനീത‌് ശ്രീനിവാസന്റെ സഹോദരനൊപ്പം പത്തുവർഷങ്ങൾക്കിപ്പുറം സഹകരിക്കാനായതിന്റെ സന്തോഷത്തിലാണ‌് നിവിൻ. അതും ധ്യാനിന്റെ കന്നിസംവിധാന സംരംഭത്തിൽത്തന്നെ.

ഏറെ തിരക്കുള്ള നയൻതാരയെ ചിത്രത്തിലേക്ക‌് തെരഞ്ഞെടുത്തതുകൊണ്ട‌് തന്നെ ഇരുവരുടെയും ഡേറ്റുകൾ ഒരുക്കുന്നതിലെ പെടാപ്പാട‌് മൂലം പലപ്പോഴും ഷൂട്ടിങ‌് തടസ്സപ്പെട്ടിരുന്നു. എ‌ന്തായാലും ഇപ്പോൾ ഷൂട്ടിങ‌് അതിദ്രുതം പുരോഗമിക്കുകയാണ‌്. സെപ‌്തംബർ അഞ്ച‌് ഓണക്കാലമാണ‌് ചിത്രം റിലീസ‌് ചെയ്യുക.

പലകാരണങ്ങൾകൊണ്ട‌് ലവ‌്ആക‌്ഷൻ ഡ്രാമ പ്രേക്ഷകരിൽ കൗതുകമുയർത്തിയിരുന്നു. നിവിനും നയനുമൊന്നിക്കുന്നു എന്നതുതന്നെയായിരുന്നു അതിൽ പ്രധാനം. ധ്യാൻതന്നെയാണ‌് തിരക്കഥ.  അച്ഛന്റെ തിരക്കഥയിൽ അച്ഛൻതന്നെ സംവിധാനം ചെയ‌്ത‌് എക്കാലത്തെയും മെഗാഹിറ്റ‌് ആയി മാറിയ വടക്കുനോക്കിയന്ത്രം സിനിമയിലെ നായകകഥാപാത്രങ്ങളുടെ പേര‌് തന്നെയാണ‌് ലവ‌് ആക‌്ഷൻ ഡ്രാമയിലെ നായകർക്കും. പക്ഷേ പേരിൽമാത്രമേ ഈ സാമ്യമുള്ളൂവെന്നും അണിയറപ്രവർത്തകർ അറിയിക്കുന്നുണ്ട‌്.

ഗീതു മോഹൻദാസ‌് സംവിധാനംചെയ്യുന്ന മൂത്തോൻ, ഗീതുവിന്റെ ഭർത്താവ‌് കൂടിയായ ഛായാഗ്രാഹകൻ രാജീവ‌് രവിയുടെ സംവിധാനത്തിൽ തുറമുഖം എന്നിവയാണ‌് വരാനിരിക്കുന്ന നിവിൻചിത്രങ്ങൾ. ഐരാ, കൊലൈയുതിർകാലം, സൈരാ നരസിംഹറെഡ്ഡി എന്നിവയാണ‌് റിലീസിനൊരുങ്ങുന്ന നയൻതാര സിനിമകൾ.


പ്രധാന വാർത്തകൾ
 Top