20 March Wednesday

സിനിമ, പ്രളയം, ശബരിമല.. നിമിഷക്ക് നിലപാടുകളുണ്ട്‌

ഷംസുദ്ദീൻ കുട്ടോത്ത്‌Updated: Saturday Dec 1, 2018

ഫോട്ടോ: ലിബിസണ്‍ ഗോപി

മറ്റുള്ള അഭിനേതാക്കളെയല്ല ഞാന്‍ മാതൃകയാക്കാറ്. എനിക്ക് ചുറ്റുമുള്ള മനുഷ്യരെയാണ്. സിനിമയ്ക്ക് പോകുമ്പോഴും യാത്രയിലുമൊക്കെ എല്ലാവരേയും നിരീക്ഷിക്കും

അഞ്ചു സിനിമകളില്‍ മാത്രമാണ് നിമിഷ സജയന്‍ ഇതിനകം അഭിനയിച്ചത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ബി അജിത്ത് കുമാറിന്റെ ഈട, സൗമ്യ സദാനന്ദന്‍ ഒരുക്കിയ മംഗല്ല്യം തന്തുനാനേന, ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന മധുപാല്‍ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍, സനല്‍കുമാര്‍ ശശിധരന്റെ പുറത്തിറങ്ങാനിരിക്കുന്ന  ചോല തുടങ്ങിയവ.

എണ്ണം കുറവാണെങ്കിലും മലയാള സിനിമയിലെ ഭാവി വാഗ്ദാനമാണ് ഈ കലാകാരിയെന്നതിന് ഈ സിനിമകളിലെ കഥാപാത്രങ്ങള്‍ ഉറപ്പുതരുന്നു. അഭിനയം മാത്രമല്ല ചിത്രരചനയിലും പ്രതിഭയാണ് നിമിഷ. അകവും പുറവും തേടുന്ന കണ്ണുകളാണ് നിമിഷയെന്ന ചിത്രകാരിക്കുള്ളത്. ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ നിലപാടും ഈ പെണ്‍കുട്ടിക്കുണ്ട്. നിമിഷാ സജയന്‍ സംസാരിക്കുന്നു...


 നിമിഷാ സജയന്‍ വരച്ച ചിത്രങ്ങള്‍

നിമിഷാ സജയന്‍ വരച്ച ചിത്രങ്ങള്‍

സുപ്രസിദ്ധ ഹന്ന
വലിയ സ്വീകാര്യതയാണ് 'ഒരു കുപ്രസിദ്ധ പയ്യ'നിലെ ഹന്ന എലിസബത്തിന് കിട്ടിയത്. ആക്ടര്‍ എന്ന നിലയില്‍ എന്നെ അടയാളപ്പെടുത്തിയ ചിത്രംകൂടിയാണ്. പുതിയ കാലത്തെ പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് ഹന്ന. സ്വന്തം ഐഡന്റ്റിറ്റി ക്രിയേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. അവര്‍ ബോള്‍ഡ് ആണ്, സ്‌ട്രോങ് ആണ്. ഹന്നയും ഇതുപോലെയാണ് ചില സമയങ്ങളില്‍ ഇടറിപ്പോകുന്നുണ്ടെങ്കിലും ഹ്യുമാനിറ്റിയാണ് അവളുടെ സ്വത്വം. മധുവേട്ടന്‍(മധുപാല്‍)പറഞ്ഞുതന്നപ്പോള്‍ ഞാന്‍ മനസില്‍ കണ്ട പോലെയല്ല സിനിമ ഷൂട്ട് ചെയ്തത്. പുതിയ അനുഭവമായിരുന്നു എല്ലാം കൊണ്ടും ഈ സിനിമയുടെ ഷൂട്ട്. മധുവേട്ടന്‍ സിനിമയ്ക്ക് പുറത്തുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പറഞ്ഞുതരുമായിരുന്നു.

നെടുമുടിവേണുവിനെ പോലെ മുതിര്‍ന്ന ആര്‍ടിസ്റ്റിനൊപ്പം ആദ്യമായി അഭിനയിക്കുന്നതും കുപ്രസിദ്ധ പയ്യനിലാണ്. അതും വലിയ ഒരു പാഠമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനില്‍ ഞാന്‍ ശരിയായില്ലെങ്കില്‍ വേണുവച്ഛന്‍ എന്നെ കൂട്ടി ഒരു മൂലയില്‍ കൊണ്ടുപോയി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിതരുമായിരുന്നു. ഒരു സീനില്‍ എനിക്ക് ഷേക്ക് ഹാന്റ് തരുന്ന രംഗമുണ്ട്.

അതില്‍ അദ്ദേഹം എന്റെ കൈ പിടിച്ച് നന്നായി അമര്‍ത്തി. എനിക്ക് നന്നായി വേദനിക്കുകയും ചെയ്തു. കട്ട് പറഞ്ഞപ്പോള്‍ എന്നെ വേദനിപ്പിച്ചതിനെ കുറിച്ച് വേണുവച്ഛനോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം എന്നെ മോണിറ്ററിന്റെ അടുത്ത് കൊണ്ട് പോയി എന്റെ മുഖഭാവം നോക്കാന്‍ പറഞ്ഞു. ആ വേദന മുഴുവന്‍ ആ മുഖത്തുണ്ടായിരുന്നു. ആ എക്‌സ്പ്രഷന്‍ ആ സമയത്ത് ഹന്നയുടെ മുഖത്ത് വേണമായിരുന്നു. ഇങ്ങനെ കുറേ പാഠങ്ങള്‍ കുപ്രസിദ്ധപയ്യന്‍ എനിക്കു തന്നിട്ടുണ്ട്.ടൊവീനോ എന്ന പാഠപുസ്തകം

വളരെ മൈന്യൂട്ടായിട്ടുള്ള കാര്യങ്ങള്‍ വരെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന നടനാണ് ടൊവീനോ. കണ്ണും ചുണ്ടുമെല്ലാം അഭിനയിക്കുന്ന കുറേ രംഗങ്ങള്‍ കുപ്രസിദ്ധപയ്യനിലുണ്ട്. കൈ നഖമൊക്കെ വളര്‍ത്തി അതിലെ ചെളിയൊക്കെ ഇടയ്ക്കിടക്ക് മാറ്റികൊണ്ടായിരുന്നു ടൊവീനോയുടെ അജ്മല്‍ എന്ന കഥാപാത്രം. അതെല്ലാം ടോവിച്ചന്‍ സ്വന്തം ചെയ്തതാണ്. 

ഒരോ കഥാപാത്രമാകുന്നതനും മുമ്പ് ഓരോ സെന്റാണത്രെ ടോവിച്ചന്‍ ഉപയോഗിക്കുന്നത്.    സെന്റ് അടിച്ചു കഴിഞ്ഞാല്‍ പിന്നെ ആ കഥാപാത്രമായി മാറും. ഇങ്ങനെ അഭിനയത്തിന്റെ കുറേ പാഠങ്ങള്‍ ടോവിച്ചനില്‍ നിന്നും കിട്ടിയിട്ടുണ്ട്.
 
സിനിമകളിലെ പൊളിറ്റിക്‌സ്
ഒരു കഥ കേട്ടാല്‍ ഒറ്റക്കിരുന്ന് അതിനെ കുറിച്ച് ചിന്തിക്കും, എന്നിട്ടാണ് തീരുമാനമെടുക്കുക. ഇതുവരെ ചെയ്ത സിനിമകളിലെല്ലാം ഏതെങ്കിലും തരത്തിലുള്ള പൊളിറ്റിക്‌സ് കൈകാര്യം ചെയ്തിട്ടുണ്ട്. കുപ്രസിദ്ധപയ്യന്‍ ഇന്നത്തെ കാലത്ത് നമ്മള്‍ കാണുന്ന കാഴ്ചയാണ് പറഞ്ഞുതരുന്നത്. സമൂഹം കല്ലെറിഞ്ഞ ഒരാള്‍ക്ക്, അയാള്‍  തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ടത് അയാളുടെ മാത്രം ഉത്തരവാദിത്തമാണ്.

എന്തെങ്കിലും പറയുന്ന സിനിമകളാണ് നമുക്ക് ഉണ്ടാകേണ്ടത്. ഇനി ഇറങ്ങാന്‍ പോകുന്ന സനല്‍കുമാര്‍ ശശിധരന്റെ 'ചോല' എന്ന ചിത്രവും വേറൊരു തരം പൊളിറ്റിക്‌സാണ് കൈകാര്യംചെയ്യുന്നത്.

മാതൃക ചുറ്റുമുള്ളവര്‍

മറ്റുള്ള അഭിനേതാക്കളെയല്ല ഞാന്‍ മാതൃകയാക്കാറ്. എനിക്ക് ചുറ്റുമുള്ള മനുഷ്യരെയാണ്. സിനിമയ്ക്ക് പോകുമ്പോഴും യാത്രയിലുമൊക്കെ എല്ലാവരേയും നിരീക്ഷിക്കും. ട്രെയിനില്‍ ലോക്കല്‍ ടിക്കറ്റെടുത്തൊക്കെയാണ് യാത്ര ചെയ്യാറുള്ളത്. കുപ്രസിദ്ധ പയ്യന്‍ ചെയ്യുന്നതിനു മുമ്പ് എറണാകുളത്ത് കോടതിയില്‍ പോയി അവിടുത്തെ രീതികളൊക്കെ മനസിലാക്കിയിരുന്നു. സിനിമയുടെ മായിക ലോകം ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ല.

വായന, സിനിമ...

വായന, ചിത്രം വരയ്ക്കല്‍, സിനിമ കാണല്‍, യാത്ര ഇവയൊക്കെയാണ് പ്രധാന പരിപാടികള്‍. മൂന്ന് സിനിമകളൊക്കെ ചില ദിവസം കാണാറുണ്ട്. തിയേറ്ററില്‍ പോയി പരമാവധി സിനിമകള്‍ കാണും. ഒറ്റയ്ക്കും സുഹൃത്തുക്കള്‍കൊാപ്പവും സിനിമയ്ക്ക് പോകും. അടുത്ത് വായിച്ച ജെന്നി നോര്‍ദ്‌ബെര്‍ഗിന്റെ 'ദി അണ്ടര്‍ഗ്രൗണ്ട്‌ഗേള്‍സ് ഓഫ് കാബൂള്‍'വല്ലാതെ ഉലച്ചുകളഞ്ഞ പുസ്തകമാണ്.

അഫ്ഗാനിസ്ഥാനിലെ ആണ്‍കുട്ടികളില്ലാത്ത വീട്ടില്‍ ആണ്‍ വേഷം കെട്ടി കുടുംബത്തെ  അപമാനത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും കരകയറ്റാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളെകുറിച്ചുള്ള പുസ്തകമാണത്. അനുപമ ചോപ്രയുടെ ദിഫ്രണ്ട് റോ, ജൂല്‍സ് ഇവാന്‍സിന്റെ 'ദി ആര്‍ട് ഓഫ് ലൂസിങ് കണ്‍ട്രോള്‍' എന്നിവയെല്ലാം ഏറെ ആകര്‍ഷിച്ച പുസ്തകങ്ങളാണ്.

ദി ഇന്‍വിസിബിള്‍ ഗേള്‍, എ സപ്പറേഷന്‍, ബര്‍ലിന്‍ സിന്‍ഡ്രം, മദര്‍..പോലുള്ള സിനിമകളും എന്നിലെ സിനിമാസ്വാദകയെ വല്ലാതെ തൃപ്തിപ്പെടുത്തിയ സിനിമകളാണ്.

സൈക്കോ കില്ലറാകണം

സൈക്കോകില്ലറിന്റെ വേഷം ചെയ്യാന്‍ ആഗ്രഹമുണ്ട്. ഇവിടെ ഈയടുത്ത് ഇറങ്ങിയ രാക്ഷസന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ വില്ലന്‍ പുരുഷന്‍മാരാണ്.അതെന്തുകൊണ്ടാാണ് സ്ത്രീകളെ വില്ലത്തികളാക്കാത്തത്. ഇത്തരം കഥാപാത്രങ്ങളെ മുഴുവന്‍ ചെയ്ത് ആണുങ്ങള്‍ കൈയടിവാങ്ങിപ്പോവുകയാണ്. ഗോണ്‍ഗേള്‍, കില്‍ബില്‍, മദര്‍ പോലുള്ള ചിത്രങ്ങളിലെലൊക്കെ നോക്കൂ.സ്തീകളാണ് ഇത്തരം വേഷങ്ങള്‍ അതിഗംഭീരമായി ചെയ്തിട്ടുള്ളത്. നമ്മുടെ സിനിമകളില്‍ മാത്രമാണ് ഇതിനൊന്നുംമാറ്റംവരാത്തത്.  

മുംബൈ  ടു കേരളം  

മുംബൈയില്‍ ആരും മറ്റുള്ളവരെ ജഡ്ജ് ചെയ്യാറില്ല. ഇവിടെ അങ്ങിനെയല്ല. അവിടെ രാത്രിയൊക്കെ പെണ്ണുങ്ങള്‍ക്കും പുറത്തിറങ്ങി നടക്കാം പക്ഷേ ഇവിടെ അതിനൊന്നും പറ്റുന്നില്ല. ദൈവത്തിന്റെ സ്വന്തം നാട് എന്നു പറഞ്ഞിട്ടും ഇതിനൊന്നും കഴിയുന്നില്ല എന്നത് വല്ലാത്ത വൈരുദ്ധ്യമാണ്. ഇവിടെ പ്രളയം വന്നപ്പോള്‍ എല്ലാവരും ഒരുമിച്ചാണ് അതിനെ നേരിട്ടത്. അതൊരു വലിയപാഠമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും എല്ലാരും എല്ലാം മറന്നപോലെയാണ്.

ശബരിമല

ശബരിമലയില്‍ പോകണോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ചോയ്‌സ് ആണ്. ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാം എന്നാണ് എന്റെ പക്ഷം. സുപ്രിംകോടതി പറഞ്ഞിട്ടുണ്ട് എല്ലാവര്‍ക്കും പോകാമെന്ന്. എല്ലാവരും ദൈവത്തിന്റെ കൊച്ചുങ്ങളാണെന്നല്ലെ പറയാറ്. അപ്പോള്‍ ആണുങ്ങളെപോലെ പെണ്ണുങ്ങളും ദൈവത്തിന്റെ കൊച്ചുങ്ങള്‍ തന്നെയല്ലേ?.

ആര്‍ത്തവമാണ് വിഷയമെങ്കില്‍, ആ ദിവസങ്ങള്‍ മാറ്റിവെച്ചിട്ട് പോകണം.  പുരുഷന്‍മാരെല്ലാം 40ദിവസം വ്രതമെടുത്തിട്ടാണ് പോകുന്നത് എന്നുറപ്പ് പറയാന്‍ പറ്റുമോ.

മനസിനെ പിന്തുടരുന്ന നിറങ്ങള്‍

മനസില്‍ തോന്നുന്നതെല്ലാം വരയ്ക്കാറുണ്ട്. മൂഡ് ഓഫ് ആകുമ്പോഴും ഉറക്കമില്ലാത്തപ്പോളൊക്കെയും വരയ്ക്കും. എന്റെ മൈന്‍ഡിനെ തന്നെ ഫോളോ ചെയ്യുകയാണ് വരയുടെ സമയത്ത് ചെയ്യുന്നത്. സ്വന്തം കണ്‍ഫ്യൂഷനുകളെയൊക്കെ കടലാസിലേക്ക് പകര്‍ത്താന്‍ ശ്രമിക്കും. കറുപ്പ് നിറത്തോട് പ്രിയം കൂടുതലാണ്. പലരും കറുപ്പിനെ നെഗറ്റീവായാണ് കാണുന്നത്.

എനിക്കങ്ങിനെ തോന്നിയിട്ടില്ല. ചെറിയ കല്ലുകളിലും കുപ്പിയിലും മറ്റും പെയിന്റ് ചെയ്യാറുണ്ട്. എല്ലാ കാര്യങ്ങളുടേയും അകവും പുറവും കാണാന്‍ ശ്രമിക്കാറുണ്ട്. ഒന്നിലും അധികമായി സന്തോഷിക്കുകയോ അഹങ്കരിക്കുകയോ ചെയ്യാറില്ല. ഏത് നിമിഷവും തീരാവുന്ന ജീവിതമേ നമുക്കുള്ളൂ എന്ന ചിന്ത എപ്പോഴും കൂടെയുണ്ട്. ഈ ചിന്തകളൊക്കെ ചിലപ്പോള്‍ എന്റെ വരയിലും വന്നേക്കാം.

ആക്ടിങ് എന്ന സ്വപ്നം

ആക്ടര്‍ ആകണമെന്ന് ചെറുപ്പത്തിലേ ആഗ്രഹമുണ്ടായിരുന്നു.അച്ഛനും അമ്മയ്ക്കും മാത്രമേ അറിയുമായിരുന്നുള്ളൂ.10--ാംക്ലാസ് കഴിഞ്ഞപ്പോള്‍ സീരിയസായി. പ്ലസ്ടു കഴിഞ്ഞപ്പോള്‍  പഠിച്ച് എന്തെങ്കിലും ജോലിക്കുപോകേണ്ടിവരുമോ എന്ന പേടിയുണ്ടായിരുന്നു. അങ്ങിനെയാണ് ഓഡിഷന് പോയിത്തുടങ്ങിയത്. കൊച്ചിയില്‍ നിയോഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോഴ്‌സിനുചേര്‍ന്നു.

 കോഴ്‌സ് കഴിയുന്ന സമയത്താണ് 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്നചിത്രത്തില്‍ അവസരം കിട്ടിയത്. ആ സിനിമയുടെ സെറ്റില്‍ നിന്നാണ് ഞാന്‍ മലയാളം പഠിച്ചുതുടങ്ങുന്നത്. ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്യാന്‍ പറ്റുന്നുണ്ട്. 

കുടുംബം

അച്ഛന്‍ സജയന്‍ മുബൈയില്‍ എഞ്ചിനിയറാണ്. അമ്മ ബിന്ദുവും ഞാനും കൊച്ചിയിലാണ് താമസിക്കുന്നത്. ചേച്ചി നിത്തു മാര്‍ക്കറ്റിങ് ഫേമില്‍ ജോലിചെയ്യുന്നു. 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top