17 September Tuesday

നിമിഷ സജയൻ തിരക്കിലാണ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019


നാലു സിനിമയുടെ പ്രായമേയുള്ളുവെങ്കിലും മലയാളത്തിലെ മുൻനിര നായികമാർക്കൊപ്പമാണ് നിമിഷ സജയന്റെ സ്ഥാനം. "തൊണ്ടിമുതലും ദൃക്‌സാക്ഷിയും' തുറന്നുവച്ച അവസരങ്ങളുടെ വാതിലിലൂടെ മുന്നേറുകയാണ് യുവനായിക. മികച്ച അവസരങ്ങളുടെ നീണ്ടനിരയാണ് നിമിഷയ്‌ക്കു മുന്നിൽ.

ഒരു കുപ്രസിദ്ധനായ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരം അവരെ തേടിയെത്തിയത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല ഇനിയും കേരളത്തിൽ റിലീസ് ചെയ്തിട്ടില്ല. സിനിമ  വെനീസ് ചലച്ചിത്രമേളയിൽ മികച്ച പ്രതികരണം സൃഷ്ടിച്ചു.
അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, നിഴൽക്കുത്ത് എന്നിവയ്‌ക്കുശേഷം വെനീസ് മേളയിലേക്ക് തെരഞ്ഞെടുക്കപ്പടുന്ന ചിത്രമാണ് ചോല. ജോജു ജോർജും നിമിഷയുമാണ് ചോലയിലെ പ്രധാന താരങ്ങൾ. സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നിർമാതാവുകൂടിയായ നടൻ ജോജു ജോർജ്.

 

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജീവ് രവി ചിത്രം തുറമുഖത്തിൽ നിമിഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമ്പതുകളിലെ കൊച്ചിതുറമുഖം പശ്ചാത്തലമാകുന്ന ചിത്രത്തിൽ നിവിൻപോളി, ബിജു മേനോൻ, ഇന്ദ്രജിത്ത് തുടങ്ങിയവരുമുണ്ട്. അടുത്തവർഷം റിലീസ് ചെയ്യാനാണ് സാധ്യത.

വിധുവിൻസെന്റ് സംവിധാനം ചെയ്യുന്ന രണ്ടാംചിത്രം സ്റ്റാൻഡ് അപ്പിലും നിമിഷ പ്രധാനവേഷത്തിലുണ്ട്. രജിഷ വിജയനും ചിത്രത്തിലുണ്ട്. ലാൽജോസിന്റെ പുതിയ ചിത്രം നാൽപ്പത്തിയൊന്നിലും നായിക നിമിഷയാണ്. ബിജുമേനോൻ ആണ് നായകൻ.  

സിദ്ധാർഥ്‌ ഭരതൻ പുതുതായി പ്രഖ്യാപിച്ച ജിന്ന് എന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും നിമിഷയും ആദ്യമായി ഒന്നിക്കുന്നു. ഫഹദ് ഫാസിലിന്റെ ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച ചിത്രം മാലിക്കിലും നിമിഷ ഇടംനേടി. ടേക്ക് ഓഫിലൂടെ പ്രതീക്ഷ ഉയർത്തിയ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബിഗ്ബജറ്റ് ചിത്രത്തിൽ ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ തുടങ്ങിയവരുമുണ്ട്.


പ്രധാന വാർത്തകൾ
 Top