18 August Sunday

ഹന്ന സുപ്രസിദ്ധയായി; നിമിഷയ്ക്ക് നേട്ടമായത് "കുപ്രസിദ്ധ പയ്യനും' 'ചോല'യും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 27, 2019

കൊച്ചി> 2017 ല്‍ ആദ്യ ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ അവാര്‍ഡ് പരിഗണനയിലേക്കെത്തിയ നിമിഷ സജയന് 2018 ല്‍ മികച്ച നടിയ്ക്കുള്ള പുരസ്ക്കാരം. ഒരു കുപ്രസിദ്ധ പയ്യനിലെയും ചോലയിലെയും അഭിനയമാണ് നിമിഷയെ ഇക്കുറി മലയാളത്തിന്റെ മികച്ച നടിയാക്കിയത്.

കുപ്രസിദ്ധ പയ്യനിലെ ഹന്ന വക്കീലിന് നല്ല കൈയടി കിട്ടിയതായി അടുത്തിടെ ദേശാഭിമാനിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിമിഷ പറഞ്ഞിരുന്നു.
 

അഭിമുഖത്തില്‍ നിന്ന്:

'"ഹന്ന എന്ന കഥാപാത്രം  ആക്ടർ എന്ന നിലയിൽ എന്നെ  അടയാളപ്പെടുത്തി.  പുതിയ കാലത്തെ പെൺകുട്ടികളുടെ പ്രതിനിധിയാണ് ഹന്ന. സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവൾ.  ധീരയായ പെൺകുട്ടി.  ചിലപ്പോൾ ഇടറിപ്പോകുന്നുണ്ടെങ്കിലും മനുഷ്യത്വമാണ‌് അവളുടെ സ്വത്വം. സംവിധായകൻ മധുപാൽ സിനിമയ്‌ക്ക‌് പുറത്തുള്ള കാര്യങ്ങൾ പറഞ്ഞുതന്നു. നെടുമുടി വേണുവിനെ പോലെ മുതിർന്ന ആർടിസ്റ്റിനൊപ്പം ആദ്യമായി അഭിനയിച്ചതും വലിയ പാഠം.  കോമ്പിനേഷൻ സീനിൽ ഞാൻ ശരിയായില്ലെങ്കിൽ വേണുവച്ഛൻ കാര്യങ്ങൾ മനസ്സിലാക്കിത്തരും.  എനിക്ക് ഷേക്ക് ഹാൻഡ‌് തരുന്ന രംഗത്തിൽ അദ്ദേഹം എന്റെ കൈ പിടിച്ച് നന്നായി അമർത്തി.  നന്നായി വേദനിച്ചു.  അതിനെക്കുറിച്ച്  പറഞ്ഞപ്പോൾ അദ്ദേഹം എന്നെ മോണിറ്ററിന്റെ അടുത്ത‌്‌ കൊണ്ടുപോയി  മുഖഭാവം നോക്കാൻ പറഞ്ഞു. വേദന മുഴുവൻ മുഖത്തുണ്ടായിരുന്നു."'
 
സൂ‌‌ക്ഷ‌്മമായ  കാര്യങ്ങൾവരെ  ശ്രദ്ധയോടെ  ചെയ്യുന്ന നടനാണ് ടൊവിനോ. കണ്ണും ചുണ്ടുമെല്ലാം അഭിനയിക്കുന്ന കുറെ രംഗങ്ങൾ കുപ്രസിദ്ധ പയ്യനിലുണ്ട്.  നഖം വളർത്തി അതിലെ ചെളിയൊക്കെ ഇടയ‌്ക്കിടെ മാറ്റിക്കൊണ്ടിരുന്നു ടൊവിനോയുടെ കഥാപാത്രം. അതെല്ലാം ടോവിച്ചൻ സ്വന്തം ചെയ‌്താണ്.  ഒരോ കഥാപാത്രമാകുംമുമ്പ് ഓരോ  സെന്റാണത്രേ ടോവിച്ചൻ ഉപയോഗിക്കുന്നത്.  സെന്റ് അടിച്ചുകഴിഞ്ഞാൽ പിന്നെ ആ കഥാപാത്രമായി മാറും. ഇങ്ങനെ അഭിനയത്തിന്റെ കുറെ പാഠങ്ങൾ ടോവിച്ചനിൽനിന്ന‌് കിട്ടി. 
 
മറ്റ‌് അഭിനേതാക്കളെയല്ല ചുറ്റുമുള്ള മനുഷ്യരെയാണ് മാതൃകയാക്കാറ‌്.  എല്ലാവരെയും നിരീക്ഷിക്കും. ട്രെയിനിൽ ലോക്കൽ ടിക്കറ്റെടുത്തൊക്കെയാണ് യാത്ര. കുപ്രസിദ്ധ പയ്യന‌് മുമ്പ് ഹൈക്കോടതിയിൽ പോയി അവിടത്തെ രീതികൾ മനസ്സിലാക്കി.- നിമിഷ പറഞ്ഞിരുന്നു.

'ഒഴിവുദിവസത്തെ കളി'ക്കും 'എസ് ദുർഗ'ക്കും ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത  ചിത്രമായ 'ചോലയിലെ അഭിനയവും നിമിഷയെ അവാര്‍ഡിന് അര്‍ഹയാക്കി.. ജോജു ജോര്‍ജും നിമിഷയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത ചിത്രമാണിത് . 'ജോസഫി'നൊപ്പം  ഈ ചിത്രത്തിലെ അഭിനയവും കൂടിയാണ് മികച്ച സ്വഭാവ നടനുള്ള അവാര്‍ഡിന് ജോജുവിനെ അര്‍ഹനാക്കിയത്.

നിമിഷയുടെ അച്ഛൻ സജയൻ മുംബൈയിൽഎൻജിനിയറാണ്. അമ്മ ബിന്ദുവും നിമിഷയും  കൊച്ചിയിലാണ് താമസിക്കുന്നത്. ചേച്ചി നിത്തു മാർക്കറ്റിങ് സ്ഥാപനത്തിൽ ജോലിചെയ്യുന്നു.


പ്രധാന വാർത്തകൾ
 Top