09 December Monday

വരുന്നു; എൻ എഫ‌് വർഗീസ‌് സിനിമാസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

കരുത്തുറ്റ ക്യാരക്ടർ വേഷങ്ങളിലൂടെയും പ്രതിനായക വേഷങ്ങളിലൂടെയും മലയാളി മനസ്സിൽ ഇടംപിടിച്ച എൻ എഫ‌് വർഗീസിന്റെ ഓർമയ‌്ക്കായി സിനിമാ നിർമാണക്കമ്പനി തുടങ്ങുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ‌് എൻ എഫ‌് വർഗീസ‌് സിനിമാസ‌് എന്ന പേരിൽ നിർമാണക്കമ്പനി തുടങ്ങുന്നത‌്. ഇതിന്റെ ഔദ്യോഗിക  പ്രഖ്യാപനം ഉടൻ ഉണ്ടാകും.

നടി മഞ്‌ജുവാര്യരാണ‌് സിനിമാ നിർമാണക്കമ്പനി തുടങ്ങുന്ന വിവരം ഫെയ‌്സ‌്ബുക്ക‌് കുറിപ്പിലൂടെ പുറത്തുവിട്ടത‌്.
‘ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും നമ്മുടെ മനസ്സുകളിൽ ജീവിക്കുന്ന പ്രതിഭയാണ് എൻ എഫ് വർഗീസ്. ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം ഒന്നിച്ചഭിനയിക്കാനും കഴിഞ്ഞു. അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട വർഗീസേട്ടന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആരംഭിക്കുന്ന ഈ പുതിയ നിർമാണസംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ കൂട്ടായ്മയിൽ ഒരുപാട് നല്ല സിനിമകൾ നമുക്ക് കാണാൻ സാധിക്കട്ടെ.’ മഞ്ജു  കുറിച്ചു.

സല്ലാപത്തിലും ഈ പുഴയും കടന്നിലും പത്രത്തിലുമെല്ലാമുണ്ടായിരുന്ന മഞ്‌ജു‐എൻ എഫ്‌ കോമ്പിനേഷൻ സീനുകൾ പ്രേക്ഷകമനസിൽ ഇപ്പോഴും സന്പന്നമായുണ്ട്‌. എൻ എഫ് വർഗീസ് പിക്‌ചേഴ്‌സ് നിർമിക്കുന്ന ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ‌് വിവരം. ഫാന്റം, ഒന്നാമൻ, നന്ദനം എന്നീ ചിത്രങ്ങളിലാണ് അവസാനകാലത്ത് എൻ എഫ് അഭിനയിച്ചത്.
സ‌്ഫടികം, പത്രം, നരസിംഹം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മലയാള സിനിമയിൽ നിറഞ്ഞുനിൽക്കെ 2002 ജൂൺ 19ന് 53‐ാം വയസ്സിൽ ഹൃദയാഘാതംമൂലമാണ്‌ എൻഎഫ്‌ മരിച്ചത്‌.


പ്രധാന വാർത്തകൾ
 Top