ഞാൻ രേവതി എത്തുന്നു

വ്യത്യസ്തമായ ഒരു ജീവിതത്തെ, ജീവിച്ച് തീർക്കാനായി മറികടക്കേണ്ടി വന്ന ദുരിത ദുഖങ്ങളുടെ ആഴത്തിൽ മുന്നിലെത്തിക്കയാണ് “ഞാൻ രേവതി”. എഴുത്തുകാരിയും, ആക്ടിവിസ്‌റ്റും അഭിനേത്രിയുമായ ട്രാൻസ് വുമൺ എ രേവതിയുടെ ജീവിതം പറയുന്നു ഞാൻ രേവതി.
വിസ്മയ കഥപോലെ രേവതിയുടെ ജീവിതത്തിലൂടെയുള്ള ഹ്രസ്വമായ യാത്രയാണ് ഈ ഡോക്യുമെന്ററി. 1980 കളുടെ മധ്യത്തിൽ തമിഴ്നാട് നാമക്കലിലെ വീട് വിട്ട് ഇറങ്ങേണ്ടി വന്നവൾ. ഡൽഹിയിലെയും മുംബൈയിലെയും ഹിജഡ സമൂഹത്തിൽ രേവതിയുടെ ജീവിതം സ്വയം ഒരു അന്വേഷണ പരീക്ഷണമായിത്തീർന്നു. ട്രാൻസ്ജെൻഡർ മനുഷ്യരുടെ ജീവത യാത്ര രേവതിയിലൂടെ വിടരുന്നു.
സൗത്ത് ഏഷ്യയിലെ വലിയ എൽ ജി ബി ടി ക്യു + ഫിലിം ഫെസ്റ്റിവലായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിലേക്കും 'ഞാൻ രേവതി ' തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജൂൺ 4 മുതൽ 8 വരെ ബോംബെയിൽ ആണ് ഫെസ്റ്റ്. ലോങ് ഡോക്യുമെൻ്ററി വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും ഞാൻ രേവതി മാത്രമാണ് സെലക്ട് ആയിട്ടുള്ളത്. കോഴിക്കോട് വച്ച് നടക്കുന്ന IEFFK യിൽ Indian competition വിഭാഗത്തിലും തെരഞ്ഞടുക്കപ്പെട്ടു.
സംവിധായകൻ പി അഭിജിത്ത് ഫോട്ടോ ജേർണലിസ്റ്റാണ്. ട്രാൻസ് ജെൻഡർ സമൂഹത്തെ പിന്തുടർന്ന് ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയിട്ട് 18 വർഷം പിന്നിടുന്നു. 2007 ൽ ബാംഗളൂരുവിലെ അൾസൂരിൽ വച്ചാണ് അഭിജിത്ത് രേവതിയെ പരിചയപ്പെടുന്നത്. ഇത്രയും കാലമായി ഈ ഡോക്യുമെന്ററി ഒരുങ്ങുകയായിരുന്നു.
ഒരു ട്രാൻസ് സ്ത്രീക്ക് സെക്സ് വർക്കും , ഭിക്ഷാടനവും മാത്രമാണ് പറഞ്ഞിട്ടുള്ളതെന്ന ധാരണയെ രേവതി സ്വന്തം ജീവിതത്തെ മുൻനിർത്തി ചോദ്യം ചെയ്യുന്നു. സമൂഹത്തിന് മുന്നിലേക്ക് ആ ചോദ്യങ്ങൾ ഡോക്യുമെന്റ് ചെയ്ത് എത്തിക്കയാണ്.
സെക്സ് വർക്കിൽ നിന്ന് മാറി സംഗമ എന്ന എൻ.ജി.ഒ യുടെ ഡയറക്ടറാവുകയും , ആക്ടിവിസ്റ്റായി തുടരുന്നതിനിടയിൽ എഴുത്തുകാരിയാവുകയും പിന്നീട് അഭിനേത്രിയാവുകയും ചെയ്യുന്നുണ്ട് രേവതി. ഇപ്പോൾ ഇന്ത്യയിലെ അറിയപ്പെടുന്ന എഴുത്തുകാരിയും ഡ്രാമ ആർട്ടിസ്റ്റുമാണ് അവർ. 'ദ ട്രൂത്ത് എബൗട്ട് മീ' എന്ന ആത്മകഥ ശ്രദ്ധേയമായി.
രണ്ടര വർഷത്തോളമായി തമിഴ്നാട് കർണാടക, കേരളം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ഞാൻ രേവതി നിർമിച്ചിരിക്കുന്നത് എ. ശോഭിലയാണ്. പി. ബാലകൃഷ്ണനും ടി. എം. ലക്ഷ്മി ദേവിയുമാണ് സഹനിർമാതാക്കൾ. ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത് മുഹമ്മദ് എ.
എഡിറ്റിങ് അമൽജിത്ത് , സൗണ്ട് ഡിസൈൻ വിഷ്ണു പ്രമോദ്, കളറിസ്റ്റ് സാജിദ് വി. പി., അഡിഷണൽ ക്യാമറ ചന്തു മേപ്പയ്യൂർ, അസിസ്റ്റൻ്റ് ക്യാമറ ശ്രീജേഷ് കെ.വി., പി.ആർ. ഒ പി.ആർ. സുമേരൻ, ടൈറ്റിൽ കെൻസ് ഹാരിസ്, ഡിസൈൻ അമീർ ഫൈസൽ.
0 comments