Deshabhimani

'അങ്കമ്മാൾ'- അമ്മയ്‌ക്കും മകനുമിടയിലേക്കുവന്ന "കോടിത്തുണി'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 04:51 PM | 0 min read

കൊച്ചി > നഗരത്തിൽ പഠനം കഴിഞ്ഞെത്തുന്ന മകന്‌ തന്റെ അമ്മ ബ്ലൗസ്‌ ധരിക്കാതെ നടക്കുന്നത്‌ ഇഷ്‌ടപ്പെടുന്നില്ല. മകന്റെ നിർബന്ധത്തിന്‌ വഴങ്ങാൻ അമ്മ തയ്യാറാകുന്നുമില്ല.- അമ്മയും മകനും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തിന്റെ കഥപറയുകയാണ്‌ വിപിൻ രാധാകൃഷ്‌ണൻ സംവിധാനം ചെയ്ത "അങ്കമ്മാൾ'. ഐഎഫ്‌എഫ്‌കെയിൽ ഇന്ത്യൻ സിനിമ ഇന്ന്‌ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്‌ ഈ തമിഴ്‌ ചിത്രം.
പെരുമാൾ മുരുകന്റെ "കോടിത്തുണി' എന്ന ചെറുകഥയാണ്‌ സിനിമയ്‌ക്കാധാരം.

വിപിൻ രാധാകൃഷ്ണൻ

2020ൽ കോവിഡ്‌ കാലത്ത്‌ വായിച്ച കഥാസമാഹാരത്തിൽ നിന്നുമാണ്‌ "കോടിത്തുണി' ശ്രദ്ധയിൽപ്പെട്ടതെന്ന്‌ സംവിധായകൻ പറയുന്നു. പിന്നീട്‌ പെരുമാൾ മുരുകനുമായി സംസാരിച്ചാണ്‌ സിനിമയിലേക്കെത്തുന്നത്‌. അങ്കമ്മാളിന്റെ മാത്രമല്ല, തന്റെ സ്വത്വബോധം അടിയറവയ്‌ക്കാത്ത സ്‌ത്രീകളുടെയെല്ലാം കഥയായാണ്‌ സിനിമ പറയുന്നത്‌. മകൻ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴും തന്റെ തീരുമാനങ്ങൾ  മുറുകെപ്പിടിക്കുന്നുണ്ട്‌ "അങ്കമ്മാൾ'. ലോകത്തിൽ എല്ലായിടത്തും സ്‌ത്രീകൾ ഇത്തരം അടിച്ചേൽപ്പിക്കലുകൾ നേരിടുന്നുണ്ട്‌. അവരുടെയെല്ലാം പ്രതിനിധിയാണ്‌ അങ്കമ്മാളെന്ന്‌ വിപിൻ പറയുന്നു. ചെറുകഥയുടെ അവസാനം തൊഴുത്തിന്റെ മൂലയിലെ ചെറിയ ഞെരക്കമായി അവസാനിക്കുന്ന അമ്മയാണുള്ളതെങ്കിൽ, സിനിമയിൽ അങ്കമ്മാളിന്റെ പ്രതിരോധംകൂടിയുണ്ട്‌. ഗീതാ കൈലാസമാണ്‌ അങ്കമ്മാളിനെ അവതരിപ്പിക്കുന്നത്‌. മകനായ പാവലം എന്ന കഥാപാത്രമായി ശരൺ ശക്തിയും എത്തുന്നു.

അങ്കമ്മാൾ ചിത്രത്തിൽ നിന്ന്

2023 ജനുവരിയിലാണ്‌ ചിത്രത്തിന്റെ ജോലികൾ തുടങ്ങുന്നത്‌. തമിഴ്‌നാട്ടിൽ തിരുനെൽവേലിയ്‌ക്കടുത്ത്‌ പദ്‌മനേരി എന്ന മനോഹരമായ ഗ്രാമത്തിലായിരുന്നു ചിത്രീകരണം. ഗ്രാമത്തിന്റെ മനോഹാരിതയും "അങ്കമ്മാളി'ന്റെ ഫ്രെയിമുകളെ കൂടുതൽ മികവുറ്റതാക്കി. 1990കളിൽ നടക്കുന്ന കഥയായാണ്‌ അവതരണം. മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രംകൂടിയാണ്‌ "അങ്കമ്മാൾ'. ചിത്രം അടുത്ത വർഷം ആദ്യം തിയറ്ററുകളിൽ എത്തിക്കാമെന്ന പ്രതീക്ഷയും വിപിൻ രാധാകൃഷ്‌ണൻ പങ്കുവച്ചു. ചിത്രത്തിന്റെ തിരക്കഥയും വിപിൻ തന്നെയാണ്‌ എഴുതിയിട്ടുള്ളത്‌. അൻജോയ്‌ സാമുവൽ ആണ്‌ ഛായാഗ്രഹണം. ഫിറോസ്‌ റഹിം, അൻജോയ്‌ സാമുവൽ എന്നിവർ ചേർന്നാണ്‌ നിർമാണം. വിപിൻ സംവിധാനം ചെയ്ത "ആവേ മരിയ'യും ഐഎഫ്‌എഫ്‌കെയിൽ ശ്രദ്ധനേടിയ ചിത്രമാണ്‌.



deshabhimani section

Related News

0 comments
Sort by

Home