ഫിലിം ഫെസ്റ്റിവലിന് മുന്നോടിയായി തലസ്ഥാനത്ത് ഫിലിം മാർക്കറ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 07:27 PM | 0 min read

തിരുവനന്തപുരം > തലസ്ഥാനത്തെ സിനിമയുടെ കാർണിവലാക്കുന്ന ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി കേരള ഫിലിം മാർക്കറ്റ് ഒരുങ്ങുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റ് രണ്ടാം പതിപ്പ് (കെഎഫ്എം 2) 2024 ഡിസംബർ 11 മുതൽ 13 വരെ നടക്കും. ബുധനാഴ്ച രാവിലെ 11ന് കലാഭവവൻ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ കെഎഫ്എം 2 ഉദ്ഘാടനം ചെയ്യും.

ചലച്ചിത്ര മേഖലയിലെ പ്രശസ്തർ പങ്കെടുക്കുന്ന കെഎഫ്എം 2 സിനിമ-ഏവിജിസി-എക്സ്ആർ മേഖലകളിലെ നൂതന അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ടാഗോർ തിയറ്റർ, ചിത്രാഞ്ജലി സ്റ്റുഡിയോ, കലാഭവൻ തിയറ്റർ എന്നിവയാണ് കെഎഫ്എം-2ന്റെ  വേദികൾ. വിദേശത്തുനിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഫിലിം പ്രൊഫെഷണലുകൾ കെഎഫ്എം 2വിൽ പങ്കെടുക്കും.

ബി2ബി മീറ്റിങ്ങ്, ശിൽപ്പശാല, മാസ്റ്റർ ക്ലാസ് എന്നിവയാണ് കെഎഫ്എം രണ്ടാം പതിപ്പിൽ പ്രധാനമായുളളത്. പാരീസ് ആസ്ഥാനമായുള്ള ഫിലിം സെയിൽസ് ഏജൻസിയായ ആൽഫ വയലറ്റിന്റെ സ്ഥാപക കെയ്കോ ഫുനാറ്റോ, ബാരൻ്റ്സ് ഫിലിംസ് എഎസിന്റെ മാനേജിംഗ് ഡയറക്ടറും നിർമാതാവുമായ ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ എന്നിവരുമായി നിർമാതാക്കൾക്ക് ബി2ബി മീറ്റിംഗിന് അവസരം ഉണ്ടായിരിക്കുന്നതാണ്.

പ്രശസ്ത ഛായാഗ്രാഹക ആഗ്നസ് ഗൊഥാർദ് നേതൃത്വം നൽകുന്ന സിനിമാറ്റോഗ്രഫി ശിൽപ്പശാല, പ്രശസ്ത ഫ്രഞ്ച് സംഗീതജ്ഞ ബിയാട്രിസ് തിരെ നേതൃത്വം നൽകുന്ന പശ്ചാത്തല സംഗീത ശിൽപ്പശാല എന്നിവ കെഎഫ്എമ്മിന്റെ മുഖ്യ ആകർഷണങ്ങളാണ്. ആഗ്നസ് ഗൊഥാർദിന്റെ സിനിമാറ്റോഗ്രാഫി മാസ്റ്റർക്ലാസ്, ബിയാട്രിസ് തിരെയുടെ പശ്ചാത്തലസംഗീത മാസ്റ്റർക്ലാസ്, ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ നയിക്കുന്ന കോ-പ്രൊഡക്ഷനും ധനസമാഹരണവും സംബന്ധിച്ച വിഷയത്തിലെ മാസ്റ്റർ ക്ലാസ്, പ്രശസ്ത തിരക്കഥാകൃത്ത് ജൂലിയറ്റ് സെലസിന്റെ തിരക്കഥാരചന മാസ്റ്റർക്ലാസ്, കെ സെറാ സെറാ വിർച്വൽ പ്രൊഡക്ഷൻസിൻ്റെ സിഇഒ യൂനുസ് ബുഖാരിയുടെ വിർച്വൽ പ്രൊഡക്ഷൻ മാസ്റ്റർ ക്ലാസ്, പ്രശസ്ത ചലച്ചിത്ര സംയോജകൻ ശ്രീകർ പ്രസാദിൻ്റെ എഡിറ്റിംഗ് മാസ്റ്റർ ക്ലാസ്, അജിത് പത്മനാഭിന്റെ ഇമേഴ്സീവ് ടെക്നോളജി ഫോർ ഹെറിറ്റേജ് എന്ന വിഷയത്തിലെ മാസ്റ്റർ ക്ലാസ്, എക്സ്റ്റെന്റഡ് റിയാലിറ്റി കൺസൽറ്റൻ്റ് ലോയിക് ടാൻഗയുടെ ഒരു ആശയത്തിന്റെ പ്രിന്റ് മുതൽ എക്സ്റ്റെന്റഡ് റിയാലിറ്റി വരെയുള്ള ആഖ്യാനത്തെ കുറിച്ചുള്ള മാസ്റ്റർ ക്ലാസ് എന്നിവ ഉണ്ടായിരിക്കും. കെഎഫ്എം-2ന്റെ ഭാഗമായ ഇൻ കോൺവർസേഷൻ സെഷനിൽ ഷാജി എൻ കരുൺ, ഗോൾഡ സെലം, ആഗ്നസ് ഗൊഥാർദ്, ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ, രവി കൊട്ടാരക്കര, അനിൽ മെഹ്ത, പൂജ ഗുപ്തെ, സുരേഷ് എറിയട്ട്, രവിശങ്കർ വെങ്കിടേശ്വരൻ, മനു പാവ, ആശിഷ് കുൽക്കർണി എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ സംസാരിക്കും.



deshabhimani section

Related News

0 comments
Sort by

Home