വരൂ, സിനിമ കാണാം ഒരുമിച്ചുചേരാം

സിനിമയെന്ന ഒരൊറ്റ കുടക്കീഴിലേക്ക് എല്ലാവരും വീണ്ടും ഒത്തുചേരാനൊരുങ്ങുകയാണ്. 13–-20വരെ ഒരാഴ്‌ചക്കാലം ലോക സിനിമാ ഭൂപടം ഇനി തിരുവനന്തപുരത്താണ്. ഐഎഫ്എഫ്കെ എന്ന ടാഗിനു പിന്നിൽ ദേശ–- ഭാഷാ അതിരുകൾ മായ്‌ച്ച് സിനിമാപ്രേമികൾ തലസ്ഥാനത്ത് ഒത്തുച്ചേരും. സിനിമ കാണലും, സൗഹൃദം പുതുക്കലുമെല്ലാമായി തിയറ്ററിനകവും പുറവും വളരും. 15 തിയറ്ററുകൾ, പത്തോളം വിഭാഗങ്ങളിലായി 180 സിനിമകൾ, കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 29–-ാം പതിപ്പ് മിഴി തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം.
ആൻ ഹുയി
ഐഎഫ്എഫ്കെയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം വിഖ്യാത ഹോങ്കോങ് ചലച്ചിത്ര പ്രവർത്തക ആൻ ഹുയിക്ക് നൽകും. സംവിധായിക, തിരക്കഥാകൃത്ത്, നിർമാതാവ്, നടി എന്നീ നിലകളിൽ സിനിമയിൽ വിവിധതലങ്ങളിൽ ഇടപെടൽ നടത്തുന്നയാളാണ് ഹുയി. ഏഷ്യയിലെ വനിതാ സംവിധായികമാരിൽ പ്രധാനിയായ ആൻഹുയി ഹോങ്കോങ് നവതരംഗ പ്രസ്ഥാനത്തിന്റെ മുഖ്യ പ്രയോക്താക്കളിലൊരാളാണ്. അരനൂറ്റാണ്ടായി ഹോങ്കോങ്ങിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിന്റെ ആവിഷ്‌കാരങ്ങളിലൂടെ സാമൂഹിക പ്രശ്‌നങ്ങളെ അവതരിപ്പിക്കുകയാണ് എഴുപത്തേഴുകാരിയായ സംവിധായക. ഹോങ്കോങ് നവതരംഗ മുന്നേറ്റത്തിന് സ്ത്രീപക്ഷ കാഴ്ചപ്പാട് പകർന്നു നൽകിയത് ആൻ ഹുയി ആണ്. ഏഷ്യൻ സംസ്‌കാരങ്ങളിലെ വംശീയത, ലിംഗവിവേചനം, ബ്രിട്ടീഷ് കോളനിയെന്ന നിലയിൽനിന്ന് ചൈനയുടെ പരമാധികാരത്തിനു കീഴിലേക്കുള്ള ഹോങ്കോങ്ങിന്റെ ഭരണമാറ്റം ജനജീവിതത്തിൽ സൃഷ്ടിച്ച പരിവർത്തനങ്ങൾ, കുടിയേറ്റം, സാംസ്‌കാരികമായ അന്യവൽക്കരണം എന്നിവയാണ് ആൻ ഹുയി സിനിമകളുടെ മുഖ്യപ്രമേയങ്ങൾ.
1979ൽ സംവിധാനം ചെയ്ത ദി സീക്രറ്റ് ആണ് ആദ്യചിത്രം. തുടർന്ന് 26 ഫീച്ചർ സിനിമകളും രണ്ട് ഡോക്യുമെന്ററികളും നിരവധി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. ഹോങ്കോങ് ഫിലിം അവാർഡിൽ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ആറു തവണ നേടിയ ഏക ചലച്ചിത്രപ്രതിഭയാണ് .
2020ൽ നടന്ന 77–-ാമത് വെനീസ് ചലച്ചിത്രമേളയിൽ ആയുഷ്‌കാല സംഭാവനയ്ക്കുള്ള ഗോൾഡൻ ലയൺ പുരസ്‌കാരം നേടി. 1997ലെ 47–-ാമത് ബെർലിൻ ചലച്ചിത്രമേളയിൽ ബെർലിനാലെ കാമറ പുരസ്‌കാരം, 2014ലെ 19–-ാമത് ബുസാൻ മേളയിൽ ഏഷ്യൻ ഫിലിം മേക്കർ ഓഫ് ദ ഇയർ അവാർഡ്, ന്യൂയോർക്ക് ഏഷ്യൻ ചലച്ചിത്രമേളയിൽ സ്റ്റാർ ഏഷ്യ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് എന്നിങ്ങനെ മുൻനിരമേളകളിലെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ആൻ ഹുയിക്ക് ലഭിച്ചിട്ടുണ്ട്.
ആൻ ഹുയിയുടെ അഞ്ച് സിനിമ മേളയിൽ പ്രദർശിപ്പിക്കും. ജൂലൈ റാപ്‌സഡി, ബോട്ട് പീപ്പിൾ, എയ്റ്റീൻ സ്പ്രിങ്‌സ്, എ സിമ്പിൾ ലൈഫ്, ദ പോസ്റ്റ് മോഡേൺ ലൈഫ് ഓഫ് മൈ ഓൺട് എന്നീ ചിത്രങ്ങളാണ് കാണിക്കുക.
പായലിന് ആദരം
മേളയുടെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രി ജേതാവ് പായൽ കപാഡിയക്ക് നൽകും. സ്വതന്ത്രമായ കാഴ്ചപ്പാടോടെ സധൈര്യം സിനിമയെയും രാഷ്ട്രീയത്തെയും സമീപിക്കുന്ന ഈ ചലച്ചിത്രകാരി പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലെ ഏറ്റവും ദീർഘമായ പ്രക്ഷോഭത്തിലെ മുൻനിരപ്പോരാളികളിലൊരാളാണ്. 139 ദിവസം നീണ്ടുനിന്ന സമരത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത 35 വിദ്യാർഥികളിൽ 25–-ാം പ്രതിയായിരുന്നു പായൽ. സമരത്തെ തുടർന്ന് പായലിന്റെ സ്‌കോളർഷിപ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് റദ്ദാക്കി. ഗജേന്ദ്ര ചൗഹാനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ച നടപടിക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പായൽ സംവിധാനം ചെയ്ത ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്' 2021ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം നേടി. ടോറന്റോ, ബുസാൻ
മേളയിലും നേട്ടമുണ്ടാക്കി.
മുംബൈ നഗരത്തിലെ മൂന്ന് സ്ത്രീകളുടെ വൈകാരിക ലോകത്തെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ‘ഓൾ വി ഇമാജിൻ ഏസ് ലൈറ്റ്' മേളയിൽ പ്രദർശിപ്പിക്കും. സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികൾക്കെതിരെ പൊരുതുന്ന നിർഭയരായ ചലച്ചിത്രപ്രവർത്തകരെ ആദരിക്കുന്നതിനുവേണ്ടി 26–-ാമത് ഐഎഫ്എഫ്കെയിലാണ് ‘സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് ഏർപ്പെടുത്തിയത്. കുർദിഷ് സംവിധായിക ലിസ കലാൻ ആയിരുന്നു പ്രഥമ ജേതാവ്. ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, സംവിധായിക വനൂരി കഹിയു എന്നിവരാണ് മുൻവർഷങ്ങളിൽ ഈ പുരസ്‌കാരത്തിന് അർഹരായത്.
കൺട്രി ഫോക്കസിൽ അർമേനിയ
ഒരു നൂറ്റാണ്ട് പിന്നിടുന്ന അർമേനിയൻ സിനിമയ്‌ക്കുള്ള ആദരമാകും മേള. മേളയുടെ ഈ വർഷത്തെ കൺട്രി ഫോക്കസ് വിഭാഗത്തിൽ അർമേനിയയിൽനിന്നുള്ള ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കും. പശ്ചിമേഷ്യൻ സംസ്‌കാരത്തിന്റെ നേർക്കാഴ്ചകളുടെയും ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന
സിനിമകൾ പുതിയ അനുഭവമാകും.
‘അമേരിക്കറ്റ്സി’, ‘ഗേറ്റ് ടു ഹെവൻ’, ‘ലാബ്റിന്ത്’, ‘ലോസ്റ്റ് ഇൻ അർമേനിയ’, ‘പരാജ്നോവ്’, ‘ഷുഡ് ദി വിൻഡ് ഡ്രോപ്പ്’, ‘ദി ലൈറ്റ്ഹൗസ്’ എന്നീ സിനിമകളാണ് മേളയിലെത്തുന്നത്. യുദ്ധത്തിന്റെയും കുടിയിറക്കലിന്റെയും പശ്ചാത്തലത്തിലുള്ള ഈ സിനിമകൾ പ്രതിരോധം, സാംസ്കാരിക വൈവിധ്യം, സ്വത്വം, അതിജീവനം എന്നിവയുടെ നേർക്കാഴ്ചകളാണ്. 1940കളുടെ ഒടുവിൽ സ്വവർഗാനുരാഗത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട വിഖ്യാത ചലച്ചിത്ര സംവിധായകൻ സെർജി പരാജ്നോവിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച പരാജ്നോവ് പ്രദർശനത്തിലെ മുഖ്യ ആകർഷണമാകും.
ഫീമെയിൽ ഗെയ്‌സ്
മേളയിൽ വനിതാ സംവിധായകർക്കും അവരുടെ കലാസൃഷ്ടികൾക്കും ഊന്നൽ നൽകുന്ന ഫീമെയിൽ ഗെയ്‌സ് വിഭാഗത്തിൽ ഏഴു ചിത്രങ്ങൾ പ്രദർശിപ്പിക്കും. വെൻ ദി ഫോൺ റാങ്, ഡസേർട്ട് ഓഫ് നമീബിയ, ലവബിൾ, മൂൺ, ഹോളി കൗ, സിമാസ് സോങ്, ഹനാമി എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
‘മലയാളം സിനിമ ടുഡേ’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ നാലെണ്ണം വനിതാസംവിധായകരുടേതാണ്. ജെ ശിവരഞ്ജിനിയുടെ വിക്ടോറിയ, ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു, ശോഭന പടിഞ്ഞാറ്റിലിന്റെ ഗേൾ ഫ്രണ്ട്സ്, ഇന്ദുലക്ഷ്‌മിയുടെ അപ്പുറം. ആദ്യമായാണ് ഇത്രയും വനിതകളുടെ ചിത്രങ്ങൾ മലയാളം സിനിമ ടുഡേയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ആകെ 12 സിനിമകളാണ് ഈ വിഭാഗത്തിലുള്ളത്.
ഡിജിറ്റൽ എക്‌സിബിഷൻ
50 ലോകചലച്ചിത്രാചാര്യർക്ക് ആദരവർപ്പിക്കുന്ന ഡിജിറ്റൽ ആർട്ട് എക്‌സിബിഷൻ. ‘സിനിമാ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്' എക്‌സിബിഷൻ സംവിധായകൻ ടി കെ രാജീവ് കുമാർ ആണ് ക്യൂറേറ്റ് ചെയ്യുന്നത്. അകിര കുറോസാവ, അലൻ റെനെ, ആൽഫ്രഡ് ഹിച്ച്‌കോക്ക്, തർക്കോവ്‌സ്‌കി, അടൂർ, അരവിന്ദൻ, ആഗ്‌നസ് വാർദ, മാർത്ത മെസറോസ്, മീരാനായർ തുടങ്ങിയ ചലച്ചിത്രപ്രതിഭകൾ അണിനിരക്കുന്ന പ്രദർശനം ഡിജിറ്റൽ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂർവ ദൃശ്യവിരുന്നാണ്. ഓരോ ചലച്ചിത്രാചാര്യരുടെയും സവിശേഷമായ സിനിമാസമീപനത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ പകരുന്ന ഈ എക്‌സിബിഷനിൽ സർറിയലിസത്തിന്റെയും ഹൈപ്പർറിയലിസത്തിന്റെയും ദൃശ്യസാധ്യതകൾ സമർഥമായി സംയോജിപ്പിച്ചിട്ടുണ്ട്.
കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിങ്ങുകളും പ്രദർശനത്തിൽ ഉണ്ട്. ഡിസംബർ 14ന് ടാഗോർ തിയറ്റർ പരിസരത്ത് പ്രദർശനം ആരംഭിക്കും.
Tags
Related News

0 comments