വയനാടിന്റെ സ്വർണ്ണഖനന ചരിത്രം; ‘തരിയോട്’ ഇനി യൂട്യുബിലും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 03:33 PM | 0 min read

കൊച്ചി > നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത 'തരിയോട്' എന്ന ഡോക്യുമെന്ററി ചിത്രം യൂട്യുബിൽ റിലീസ് ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിൽ വയനാട്ടിലെ തരിയോടിലും മറ്റ് പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വർണ്ണ ഖനനമാണ് ഡോക്യൂമെന്ററിയുടെ പ്രമേയം. കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിച്ച തരിയോടിന്റെ വിവരണം നിർവ്വഹിച്ചത് ദേശീയ അവാർഡ് ജേതാവായ അലിയാറാണ്.

കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ യൂട്യുബ് ചാനലിലാണ് ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ തുടങ്ങിയത് (youtu.be/sv9MStZL1DY). 2022 ജൂണിൽ അമേരിക്കൻ ഒ ടി ടി പ്ലാറ്റ്‌ഫോമായ ‘ഡൈവേഴ്‌സ് സിനിമ’യിലൂടെ റിലീസ് ചെയ്ത തരിയോട് 2022 സെപ്റ്റംബർ മുതൽ ഇന്ത്യയ്ക്ക് പുറമെ 132 രാജ്യങ്ങളിലായി ആമസോൺ പ്രൈം വീഡിയോയിലും ലഭ്യമായിരുന്നു. ഡോക്യൂമെന്ററിയുടെ പുസ്തക രൂപം ഈ മാസം 22ന് പുറത്തിറക്കിയിരുന്നു. സംവിധായകൻ നിർമൽ എഴുതിയ പുസ്തകം ആമസോണിലും, ആമസോൺ കിന്റിലിലും ലഭ്യമാണ്.    

2021 ലെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ്സിൽ മികച്ച എഡ്യൂക്കേഷണൽ പ്രോഗ്രാം, സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹൃസ്വ ഡോക്യുമെന്ററി, മികച്ച ഹൃസ്വ ഡോക്യുമെന്ററി സംവിധായകൻ, ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി, ആഷ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഡോക്യൂമെന്ററി, റീൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം ധാരാളം അവാർഡുകൾ കരസ്ഥമാക്കിയ 'തരിയോട്' നിരവധി ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

കോണ്ടിനെന്റെൽ ഫിലിം അവാർഡ്‌സിൽ മികച്ച ഏഷ്യൻ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ തരിയോടിനെ ഫൈനലിസ്റ്റായും, മഹാരാഷ്ട്രയിൽ നടന്ന ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യൂറോപ്പിലെ സ്ലോവാക്യയിൽ നടന്ന കൊഷിറ്റ്‌സെ ഇന്റർനാഷണൽ മന്ത്‌ലി ഫിലിം ഫെസ്റ്റിവൽ, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് സെഷൻസ്, ലോസ് ആഞ്ചെലെസിലെ സ്റ്റാൻഡാലോൺ ഫിലിം ഫെസ്റ്റിവൽ ആൻഡ് അവാർഡ്സ്, ജർമ്മനിയിലെ ഗോൾഡൻ ട്രീ ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ, ബെംഗളൂരുവിലെ വൺ എർത്ത് അവാർഡ്സ്, ഇറ്റലിയിലെ ഫെസ്റ്റിവൽ ഡെൽ സിനിമ ഡി ചെഫാലു, അമേരിക്കയിലെ ലേൻ ഡോക് ഫെസ്റ്റ് തുടങ്ങിയ ചലച്ചിത്ര മേളയിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 



deshabhimani section

Related News

0 comments
Sort by

Home