07 April Tuesday

സിനിമ നി‌ശ്ശബ്ദം ; കോവിഡ് 19 ഭീതിയില്‍ തെന്നിന്ത്യന്‍ ചലച്ചിത്രലോകം നിശ്ചലം

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

കോടികൾ മറിയുന്ന തെന്നിന്ത്യൻ സിനിമ നിശ്ശബ്ദം. കോവിഡ് ഭീതിയിൽ തിയറ്ററുകൾ അടച്ചിട്ടതിനുപിന്നാലെ  ചിത്രീകരണങ്ങളും നിർത്തി. വർഷങ്ങൾനീണ്ട തയ്യാറെടുപ്പിനൊടുവിൽ റിലീസിന്‌ തയ്യാറായ നിരവധി വമ്പൻ ചിത്രങ്ങൾ പെട്ടിയിൽത്തന്നെ ഇരിക്കുന്നു.

തെന്നിന്ത്യൻ സൂപ്പർനായിക അനുഷ്‌ക ഷെട്ടി പ്രധാന വേഷത്തിൽ എത്തുന്ന നിശ്ശബ്ദം അതിലൊന്നാണ്. തെലുങ്കിലും തമിഴിലും ഏപ്രിൽ രണ്ടിന് ഇറങ്ങേണ്ട ചിത്രം അനിശ്ചിതമായി നീട്ടി. മാധവൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദർ ആണ്. ശ്രദ്ധേയനായ യുവതാരം നാനിയും മലയാള നടി നിവേദ തോമസും പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം വി മാർച്ച് 25ന് റിലീസ് ചെയ്യേണ്ടതാണ്. ബാഹുബലിയിലെ വില്ലനായെത്തിയ റാണ ദഗ്ഗുബട്ടി ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രം ഏപ്രിൽ രണ്ടിനായിരുന്നു റിലീസ് ചെയ്യേണ്ടത്. തമിഴിൽ കാടൻ എന്ന പേരിലും തെലുങ്കിൽ ആരണ്യ എന്ന പേരിലുമാണ് സിനിമ ഒരുക്കിയത്. ഹിന്ദിപതിപ്പിന്റെ പേര്- ഹാത്തി മേരി സാത്തി എന്നാണ്.

സിനിമാ ചിത്രീകരണവും ആകെ താറുമാറായി. സൂപ്പർതാരം നാഗാർജുനയുടെ വൈൽഡ് ഡോഗ്‌സ്, മകൻ നാഗ ചൈതന്യയുടെ ലൗ സ്‌റ്റോറി എന്നിവ മുടങ്ങിയ വമ്പൻ ചിത്രങ്ങളിൽപ്പെടുന്നു. ബാഹുബലിസംവിധായകൻ രൗജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ആർആർആർ മുടങ്ങി. രാം ചരൺ, ജൂനിയർ എൻടിആർ, ബോളിവുഡ് താരം ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങിയവരാണ് അഭിനേതാക്കൾ. അടുത്തവർഷം  ജനുവരി അവസാനം റിലീസ് ചെയ്യാനുദ്ദേശിച്ചാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ് സൂപ്പർതാരചിത്രങ്ങളും കോവിഡ് പേടിയിൽ പിൻവലിഞ്ഞു. ഇളയ ദളപതി വിജയ് ചിത്രം മാസ്റ്റർ, സൂര്യ ചിത്രം സൂരരൈ പോട്ര്, ധനുഷിന്റെ ജഗമേ തന്തിറം എന്നിവ ഏപ്രിലിൽ റിലീസ് ചെയ്യേണ്ടതാണ്. മലയാളത്തിൽ മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ടൊവിനോയുടെ കിലോമീറ്റേഴ്‌സ് ആൻഡ്‌ കിലോമീറ്റേഴ്‌സ് തുടങ്ങിയവയുടെ റിലീസും മാറ്റി.


പ്രധാന വാർത്തകൾ
 Top