13 December Friday

മണിയും ഉടലാഴവും എത്തുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

ഫോട്ടോ​ഗ്രാഫർ എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് കരസ്ഥമാക്കുമ്പോൾ മണിയെന്ന നടൻ ഒമ്പതാം ക്ലാസ്‌ വിദ്യാർഥിയായിരുന്നു. മോഹൻലാലിനൊപ്പം പ്രധാന കഥാപാത്രമായി എത്തിയ ആ പയ്യനെ പിന്നെ മലയാള സിനിമ കണ്ടിട്ടില്ല. 13 വർഷത്തിന് ശേഷം ഉണ്ണികൃഷ്ണൻ ആവളയുടെ ‘ഉടലാഴ’ത്തിലൂടെയാണ് സിനിമയുടെ ലോകത്തേക്ക് മടങ്ങി വന്നത്. ചിത്രം അടുത്ത മാസം തിയറ്ററിലെത്തും.  സംവിധായകൻ ആഷിക് അബുവാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 

14-ാമത്തെ വയസ്സിൽ വിവാഹിതനാവുന്ന ‘ഗുളികൻ’ എന്ന ആദിവാസി ബാലൻ വിവാഹശേഷം തന്റെ ശരീരത്തിലെ അസ്വാഭാവികതകൾ തിരിച്ചറിയുന്നതും അയാൾ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിലെ കഥാപാത്രമാകാൻ വേണ്ടി  മണി ട്രാൻസ്ജെൻഡറുകളുടെ ജീവിതം പഠിച്ചു. ഇതിനായി ചെന്നൈയ്ക്ക് സമീപം നടക്കുന്ന കൂവാഗത്തെ അവരുടെ ഉത്സവം നേരിൽക്കണ്ടു. ആർത്തവത്തെക്കുറിച്ച്‌ ‘വിമെൻസസ്‌’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ഉണ്ണികൃഷ്ണൻ ആവളയുടെ ആദ്യ സിനിമയാണ് ഉടലാഴം.

എ മുഹമ്മദാണ് ഛായാഗ്രഹകൻ. സിതാര കൃഷ്ണകുമാറും മിഥുൻ ജയരാജും ചേർന്ന്  സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ  പശ്ചാത്തല സംഗീതം ബിജിപാ​ലാണ്. സൗണ്ട് ഡിസൈർ രംഗനാഥ് രവിയും എഡിറ്റിങ് അപ്പു ഭട്ടതിരിയുമാണ്. ഡോക്ടേഴ്‌സ്‌ ഡിലമ്മക്കുവേണ്ടി എം സജീഷ്, കെ ടി മനോജ്, എം പി രാജേഷ്‌കുമാർ എന്നി വരാണ്‌ സിനിമ നിർമിച്ചത്‌. വിദേശ മേളകളിലും മുംബൈ ചലച്ചിത്ര മേള, കേരള രാജ്യാന്തര ചലച്ചിത്രമേള എന്നിവിടങ്ങളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. അനുമോൾ, രമ്യ വത്സല , നിലമ്പൂർ ഐഷ, ഇന്ദ്രൻസ്, ജോയ് മാത്യു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.                                      


പ്രധാന വാർത്തകൾ
 Top