സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 24–-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരി തെളിയും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മൂന്നു തവണ നേടിയ ശാരദയാണ് വിശിഷ്ടാതിഥി. 13 വരെ തലസ്ഥാനത്തെ 14 തിയറ്ററുകളിലായാണ് മേള. തുർക്കി സംവിധായകനായ സെർഹത്ത് കരാസ്ളാൻ സംവിധാനംചെയ്ത ‘പാസ്ഡ് ബൈ സെൻസർ'ആണ് ഉദ്ഘാടന ചിത്രം.
എല്ലാ ഒരുക്കവും പൂർത്തിയായതായി മന്ത്രി എ കെ ബാലൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 10,500 പേരാണ് ഇതുവരെ പ്രതിനിധികളായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടാഗോർ തിയറ്ററാണ് മേളയുടെ മുഖ്യവേദി. മേളയിൽ മത്സരവിഭാഗം, ഇന്ത്യൻ സിനിമ, ലോകസിനിമ തുടങ്ങിയ 15 വിഭാഗങ്ങളിലായി 73 രാജ്യങ്ങളിൽനിന്നുള്ള 186 ചിത്രം പ്രദർശിപ്പിക്കും. രണ്ടു മലയാള ചിത്രം ഉൾപ്പെടെ 14 ചിത്രമാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ളത്. മലയാള സിനിമ ഇന്ന് വിഭാഗത്തിൽ 12 ചിത്രവും "ഇന്ത്യൻ സിനിമ ഇന്ന്' വിഭാഗത്തിൽ ഏഴ് സിനിമയും പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ ഇത്തവണ 92 സിനിമ പ്രദർശിപ്പിക്കും.
വിവിധ തിയറ്ററുകളിലായി 8998 സീറ്റാണ് ലഭ്യമായിട്ടുള്ളത്. 3500 സീറ്റുള്ള നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശനവേദി. സിനിമ ബുക്ക് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷനും ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സിനിമയുടെ പ്രദർശന ദിവസത്തിന്റെ തലേ ദിവസം 12 മുതൽ അർധരാത്രി 12 വരെ 24 മണിക്കൂർ റിസർവേഷൻ സൗകര്യം ഉണ്ടാകും. ക്യൂ നിൽക്കാതെതന്നെ ഭിന്നശേഷിക്കാർക്കും 70 കഴിഞ്ഞവർക്കും തിയറ്ററുകളിൽ പ്രവേശിക്കാം. പരാതികൾ പരിഹരിക്കാൻ പ്രത്യേക സമിതിക്കും രൂപം നൽകിയിട്ടുണ്ട്. അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സൊളാനസിന്റെ അഞ്ച് സിനിമ മേളയിൽ പ്രദർശിപ്പിക്കും. സമാപനച്ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..