ഇന്ത്യകണ്ട ഏറ്റവും മികച്ച വനിത ക്രിക്കറ്റ്താരം മിതാലിരാജിന്റെ ജീവിതം സിനിമയാകുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായി ബോളിവുഡിൽ മുന്നേറുന്ന തപ്സി പന്നു വെള്ളിത്തിരയിൽ മിതാലിയാകും. തെലങ്കാനയിലെ തമിഴ് കുടുംബത്തിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിലേക്ക് വളർന്ന മിതാലിയുടെ ആവേശകരമായ ജീവിതം പറയുന്ന സിനിമയ്ക്ക് "സബാഷ് മിത്തു' എന്ന് പേരിട്ടു. പ്രിയങ്ക ചോപ്ര മിതാലിയാകും എന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്.
മിതാലിയുടെ ജന്മദിനത്തിൽ ആശംസയർപ്പിക്കുന്ന ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിലൂടെ തപ്സിയാണ് സിനിമയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. സിനിമയുടെ പൂർണതയ്ക്കായി പരമാവധി കഠിനപ്രയത്നം നടത്തുമെന്നും പന്തുകൾ ബൗണ്ടറി കടത്താനുള്ള മിതാലിയുടെ പ്രിയ ഷോട്ടായ കവർ ഡ്രൈവ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും താരം കുറിച്ചു.
"ക്രിക്കറ്റിലും പുറത്തും സ്വന്തം നിലപാടുകൾക്കുവേണ്ടി മിതാലി പോരാടി. അവരുടെ ജീവിതം അവതരിപ്പിക്കുന്നതിൽ സമ്മർദമുണ്ട്. ക്രിക്കറ്റിനോട് നീതിപുലർത്താൻ നൂറുശതമാനം ആത്മാർഥതയോടെ ശ്രമിക്കും'- തപ്സി മാധ്യമങ്ങളോട് പറഞ്ഞു. മിതാലിയിൽനിന്ന് ഓട്ടോഗ്രാഫ് വാങ്ങുന്ന ചിത്രങ്ങളും അവർ പങ്കുവച്ചു.
"ക്രിക്കറ്റിൽ മാത്രമല്ല, ജീവിതത്തിന്റെ മറ്റു മേഖലയിലും സ്ത്രീകൾക്ക് തുല്യപദവി ലഭിക്കാനായി താൻ എന്നും ശബ്ദമുയർത്തിയിട്ടുണ്ട്. ജീവിതം സിനിമയാക്കപ്പെടുന്നതിൽ അതീവ സന്തോഷമുണ്ട്' മിതാലി രാജ് പ്രതികരിച്ചു.
അന്താരാഷ്ട്രഏകദിനത്തിൽ തുടർച്ചയായി ഏഴ് അർധശതകം തികച്ച മിതാലി, ട്വന്റി20യിൽ രണ്ടായിരം റൺ തികച്ച ആദ്യ ഇന്ത്യൻതാരമാണ്. രണ്ട് ലോകകപ്പിൽ ഇന്ത്യയെ നയിച്ചു. 200 രാജ്യാന്തരമത്സരം തികച്ച മിതാലിക്ക് "ലേഡി ടെൻഡുൽക്കർ' എന്നും വിളിപ്പേരുണ്ട്. ക്രിക്കറ്റ് രംഗത്തെ പുരുഷകേന്ദ്രീകൃതനിലപാടുകളെ ചോദ്യംചെയ്ത മിതാലിയുടെ നിലപാടുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദേശീയപുരസ്കാര ജേതാവായ രാഹുൽ ധൊലാകിയ ആണ് സിനിമ ഒരുക്കുന്നത്. ഗുജറാത്ത് വംശഹത്യ ആധാരമാക്കി അദ്ദേഹം സംവിധാനംചെയ്ത പർസാനിയ(2002) ദേശീയപുരസ്കാരം നേടി. ഷാരൂഖ് ഖാൻ ചിത്രം റായീസ്, സഞ്ജയ്ദത്ത് ചിത്രം ലംഹ തുടങ്ങിയവയും ഒരുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..