21 November Thursday

വീണ്ടും വരുന്നു ​ ഗെയിം ഓഫ് ത്രോണ്‍സ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

ലോകത്താകമാനം ഏറെ ആരാധകരെ നേടിയ ​ഗെയിം ഓഫ് ത്രോൺസ്(ജിഒട്ടി) വീണ്ടും എത്തുന്നു. എച്ച്ബിഒ ഒരുക്കിയ പരമ്പരയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ‘ഹൗസ് ഓഫ് ഡ്രാ​ഗൺ’ എന്നാണ് പുതിയ പതിപ്പിന്റെ പേര്.   ‘ഫയർ ആൻഡ് ബ്ലഡ്' എന്ന ജോർജ് ആർ ആർ മാർട്ടിന്റെ പുസ്തകത്തെ ആസ്‌പദമാക്കിയാണ് പുതിയ പരമ്പരയും ഒരുക്കുന്നത്.

ഗെയിം ഓഫ് ത്രോൺസിന് 300 വർഷം മുമ്പുള്ള സംഭവങ്ങളാണ് പുതിയ പതിപ്പിലുണ്ടാവുക. ടാർഗേറിയൻസിന്റെ കഥയാണ് സീരിസ്. വെസ്റ്ററോസിലേക്കുള്ള ടാർഗേറിയൻസിന്റെ കടന്ന് വരവും, മൂന്ന് ഡ്രാഗണുകളെ ഉപയോഗിച്ച് ഏഗോൺ ടാർഗേറിയൻ ഒരോ രാജ്യങ്ങളും പിടിച്ചടക്കുന്നതും അയൺ ത്രോൺ എന്ന അധികാരം സ്ഥാപിച്ചെടുക്കലുമെല്ലാമായിരിക്കും കഥയെന്നാണ് പുറത്ത് വരുന്ന  റിപ്പോർട്ടുകൾ. 10 എപ്പിസോഡുകളായിരിക്കും പുതിയ പതിപ്പിലുണ്ടാവുക.

നവോമി വാട്സ് ആഭിനയിക്കുന്ന ആദ്യ ഭാഗം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരീക്ഷണ ചിത്രീകരണത്തിന് ശേഷം  ഉപേക്ഷിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ഭാഗം  ഔദ്യോ​ഗികമായി അറിയിച്ചത്. ജോർജ് ആർ മാർട്ടിനും റയാൻ കോണ്ടലുമാണ്  സീരീസിന്റെ സൃഷ്ടാക്കൾ. സീരീസിന്റെ പൈലറ്റ് ഒരുക്കുന്നത് ബാറ്റിൽ ഓഫ് ബാസ്റ്റർഡ്‌സ് സംവിധാനം ചെയ്ത മിഗുവേൽ സപോച്‌നിക്കാണ്. ഗെയിം ഓഫ് ത്രോൺസിലെ ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച എപ്പിസോഡുകളിലൊന്നാണ് ബാറ്റിൽ ഓഫ് ബാസ്റ്റർഡ്‌സ്.

ജോർജ് ആർ ആർ മാർട്ടിൻ എഴുതിയ ‘എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ ' എന്ന നോവൽ സീരിസിനെ ആസ്പദമാക്കി ഒരുക്കിയ ‘ജിഒട്ടി' 2011 ഏപ്രിൽ 17 നാണ് ഒന്നാം സീസൺ സംപ്രേഷണം ആരംഭിച്ചത്. എച്ച്ബിഒയുടെ സ്ട്രീമിങ് സർവീസ് എച്ച്ബിഒ മാക്‌സിന്റെ പ്രഖ്യാപന ചടങ്ങിലാണ് ആരാധകരെ ആവേശത്തിലാക്കിയ വിവരം പുറത്ത് വിട്ടത്.


പ്രധാന വാർത്തകൾ
 Top