03 June Wednesday

നടിയാകുന്നത‌് സമൂഹം വിലക്കുന്ന കാലത്ത‌് നാടകത്തിലെത്തി; അവാർഡ്‌ തിളക്കത്തിൽ സുഡാനിയിലെ ഉമ്മമാർ

സ്വന്തം ലേഖകൻUpdated: Thursday Feb 28, 2019

കോഴിക്കോട‌് > ‘നാടകക്കാരിയെന്ന മേൽവിലാസം മാറ്റാൻ എനിക്ക‌് ഇഷ്ടമില്ല.  അഞ്ച‌് പതിറ്റാണ്ട‌് നീണ്ട നാടക ജീവിതമാണ‌് എന്റെ ജീവവായു. പറയുന്നത‌് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ മികച്ച സ്വഭാവ നടിക്കുള്ള പുരസ‌്കാരം ലഭിച്ച സാവിത്രി ശ്രീധരൻ.   നാടകത്തിന‌് നിരവധി അവാർഡുകൾ വാരിക്കൂട്ടിയ സാവിത്രി ശ്രീധരന്റെ വീട്ടിലേക്ക‌്  സംസ്ഥാന ചലച്ചിത്ര അവാർഡ‌് കടന്നുവരുമ്പോഴും അരങ്ങിലെ  ജീവിതമാണ‌് തന്റെ ജീവനെന്ന‌ും പിന്നിട്ട വഴികൾ മറക്കാൻ കഴിയില്ലെന്നും  പ്രഖ്യാപിക്കുകയാണ‌്  ഈ നടി. ഒരു സിനിമയിൽ നിമിഷനേരത്തേയ‌്ക്ക‌് മാത്രം മുഖം കാണിച്ചാൽ പോലും പേരിനു മുന്നിൽ സിനിമാ താരമെന്ന‌്  ചേർക്കുന്ന ഈ കാലത്ത‌് നാടക നടിയെന്ന‌് അറിയപ്പെടാനാണ‌് ഇഷ്ടമെന്ന‌്  വെസ‌്റ്റ‌് മാങ്കാവിലെ  ശ്രീധരം വീട്ടിലിരുന്നു സാവിത്രി  ദേശാഭിമാനിയോട‌് പറഞ്ഞു.  

മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ  പുരസ‌്കാരമാണ‌്  സാവിത്രിയെ തേടിയെത്തിയത‌്.  ഇതേ സിനിമയിൽ സാവിത്രിക്കൊപ്പം അഭിനയിച്ച സരസ ബാലുശേരിയും  പുരസ‌്കാരം പങ്കിട്ടു. ജോഷിയുടെ പുതിയ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ‌് സരസ ബാലുശേരി പുരസ‌്കാര വിവരം അറിയുന്നത‌്. അവാർഡ‌്  പ്രതീക്ഷിച്ചിരുന്നില്ലെന്നും സരസ പറഞ്ഞു. 

കടവ‌് എന്ന സിനിമയ‌്ക്ക‌് ശേഷം വർഷങ്ങൾക്കു ശേഷമാണ‌് മറ്റൊരു  സിനിമയിൽ അഭിനയിക്കുന്നത‌്. അതിൽ തന്നെ അവാർഡ‌്  ലഭിച്ചതിൽ സന്തോഷമുണ്ട‌്–- സാവിത്രി പറഞ്ഞു.  നീണ്ട ഇടവേളയ‌്ക്ക‌് ശേഷം ക്യാമറയിലേക്ക‌് നോക്കുമ്പോൾ പേടിയുണ്ടായിരുന്നു. എന്നാൽ സംവിധായകൻ സക്കറിയയും അണിയറ പ്രവർത്തകരും നടൻ സൗബിനും നല്ലവണ്ണം സഹായിച്ചതായി സാവിത്രിയും സരസയും ഓർക്കുന്നു.  

നടിയാവുന്നത‌് സമൂഹം വിലക്കുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ‌്തിരുന്ന കാലത്ത‌്  അച്ഛൻ അപ്പൂട്ടിയും ഭർത്താവ‌് ശ്രീധരനും തനിക്ക‌് പൂർണ പിന്തുണ നൽകി. ഇവർ കാണിച്ച ധൈര്യമാണ‌് തന്നെ നടിയാക്കിയത‌്. അതുകൊണ്ട‌് ചലച്ചിത്ര മേഖലയിൽ ലഭിച്ച ഈ ആദ്യ പുരസ‌്കാരം ഇവർക്ക‌് സമർപ്പിക്കുകയാണെന്ന‌് സാവിത്രി പറഞ്ഞു. 

1961 മുതൽ നാടക രംഗത്തേക്ക‌്  കടന്നുവന്ന സാവിത്രി കെ ടി മുഹമ്മദ‌്, ഇബ്രാഹിം വെങ്ങര തുടങ്ങിയവരുടെ നാടകത്തിലൂടെയാണ‌് ശ്രദ്ധേയയായത‌്. . ഇബ്രാഹിം വെങ്ങരയുടെ രാജസഭയിലെ അഭിനയത്തിന‌് മികച്ച നടിക്കുള്ള സംസ്ഥാന പുരസ‌്കാരവും താഴ‌്‌വര നടകത്തിലെ അഭിനയത്തത്തിന‌് കേരള സംഗീത നാടക അക്കാദമി പുരസ‌്കാരവും ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട‌്.

ആഷിക‌് അബു സംവിധാനം ചെയ്യുന്ന വൈറസ‌്, നാദിർഷയുടെ മേരാ നാം ഷാജി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. അടുത്തിടെ പുറത്തിങ്ങിയ ഡാകിനി എന്ന സിനിമയിലും സാവിത്രിയുടെ സാന്നിധ്യമുണ്ട‌്. അമ്പതാണ്ടിന്റെ നാടകാഭിനയ രംഗത്തെ കരുത്തുമായാണ‌് സരസയും  വെള്ളിത്തിരയിലെത്തിയത‌്.  മുപ്പതു വയസ്സുവരെ അമേച്വർ നാടക രംഗത്ത് സജീവമായ ഇവർ  പിന്നീട് പ്രൊഫഷണൽ നാടക രംഗത്തെത്തി. വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യയിലാണ് സരസ ആദ്യം അഭിനയിച്ചത്. ‘പകിട പന്ത്രണ്ടി’ലെ ഖോജാത്തി പാത്തുവിനെ അവതരിപ്പിച്ചതിന് 1992ലും, ഉപഹാരത്തിലെ ആമിന എന്ന കഥാപാത്രത്തിന് 1994ലും സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. ഉയരും ഞാൻ നാടാകെ എന്ന സിനിമയിൽ സരസ നേരത്തെ അഭിനയിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top